തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസും വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സ്മാർട്ട് കാർഡുകളാക്കുമെന്നും പോളികാർബണൈറ്റ് കാർഡുകളായി ഇവ വിതരണം ചെയ്യാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂർ, ഫറോക്ക്, ചടയമംഗലം,പത്തനാപുരം സബ് ആർ.ടി ഓഫീസുകളുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലൈസൻസും ആർ.സിയും കേന്ദ്രീകൃത സംവിധാനത്തിൽ നിർമ്മിച്ച് വിതരണം ചെയ്യും. അതത് ഓഫീസുകളിൽ നിന്നാണ് നിലവിൽ ഇവ വിതരണം ചെയ്യുന്നത്. അച്ചടിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കാലതാമസം കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറുമ്പോൾ കുറയും.
കേന്ദ്രീകൃത ഓൺലൈൻ വാഹനപരിശോധന സംവിധാനവും അവസാന ഘട്ടത്തിലാണ്. അപകട മരണനിരക്ക് കുറയ്ക്കുന്നതിന് നടപ്പാക്കിയ സേഫ് കേരള പദ്ധതി ഫലപ്രദമാണ്. 99 മോട്ടോർ വാഹന ഇൻസ്പെക്ടർമാരെയും 255 അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെയും നിയമിച്ചു. ചെക്ക്പോസ്റ്റുകളിൽ ചരക്ക് വാഹനങ്ങൾ പ്രത്യേകം നിരീക്ഷിക്കാനുള്ള ആർ.എഫ്.ഐ.ഡി സംവിധാനവും സ്റ്റേജ് ക്യാരേജുകളെ നിരീക്ഷിക്കുന്നതിന് ജി.പി.എസ് ട്രാക്കിംഗ് സംവിധാനവും ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.