പെരിന്തൽമണ്ണ: കാലങ്ങളായി സ്വപ്നം കണ്ട നാലുചക്ര വാഹനം കൊവിഡ് കാലത്ത് വീണുകിട്ടിയ ഇടവേളയിൽ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് അങ്ങാടിപ്പുറം പരിയാപുരം സ്വദേശി കെ.മുഹമ്മദ് ഷിബിൻ(18). ചുരുങ്ങിയ ചെലവിൽ ഹൈബ്രിഡ് സാങ്കേതിക വിദ്യയിലാണ് ഷിബിൻ വാഹനമൊരുക്കിയിരിക്കുന്നത്.
ക്ലാസിലിരുന്ന് വാഹനത്തിന്റെ രേഖാചിത്രമൊരുക്കിയതിന്റെ പേരിൽ പലതവണ വഴക്കു കേട്ടിട്ടുള്ള ഷിബിനിത് സ്വപ്നസാക്ഷാത്കാരമാണ്. ഹൈസ്കൂൾ പഠനകാലത്തു തന്നെ ഹൈഡ്രോളിക് എസ്കവേറ്റർ, ഇലക്ട്രിക് എൻജിൻ, ഹവർ ബോർഡ്, ഇലക്ട്രിക് സൈക്കിൾ എന്നിവ നിർമ്മിച്ചു വീട്ടുകാരുടെയും കൂട്ടുകാരുടെയും കൈയടി നേടിയിരുന്നു.
നിരത്തിലോടുന്ന കാറുകളുടെ സാങ്കേതികവിദ്യ തന്നെയാണ് നിർമ്മാണത്തിലുപയോഗിച്ചത്. പത്തു ദിവസത്തെ പ്ലാനിംഗ്, 20 ദിവസത്തെ അദ്ധ്വാനം....നാലുചക്ര വാഹനം തയ്യാർ.
വീട്ടിലെ പഴയ ബൈക്കിന്റെ എൻജിനെടുത്ത് ഇരുമ്പു കമ്പികളും തകിടും ഉപയോഗിച്ചുള്ള പ്ലാറ്റ്ഫോമിൽ ഘടിപ്പിച്ചു. ബാക്കി ഭാഗങ്ങൾ പഴയ വാഹനങ്ങളുടെ സാധനങ്ങൾ വിൽക്കുന്ന കടയിൽനിന്നു വാങ്ങി. ബൈക്കിൽ ഉപയോഗിച്ച വയറിംഗ് രൂപമാറ്റം വരുത്തി ഉപയോഗിച്ചു. വെൽഡിംഗ് , ഡ്രില്ലിംഗ്, ഗ്രൈൻഡിംഗ്, കട്ടിംഗ് ഉൾപ്പെടെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം സ്വയം ചെയ്തതിനാൽ നിർമ്മാണച്ചെലവ് 7500 രൂപ മാത്രം.
ഹൈബ്രിഡ് സാങ്കേതികവിദ്യ കൂടി കൂട്ടിച്ചേർത്തതിനാൽ വാഹനത്തിൽ പെട്രോൾ തീർന്നാലും പേടിക്കേണ്ട. ഇലക്ട്രിക് മോട്ടോർ കൂടിയുണ്ട്. പെട്രോളിന് 40 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും. ഇലക്ട്രിക് മോട്ടോറിൽ മണിക്കൂറിൽ 15-20 കിലോമീറ്റർ വേഗതയിൽ രണ്ടുമണിക്കൂർ സഞ്ചരിക്കാം. ബൈക്ക് എൻജിനിലാണ് ഓടുന്നതെങ്കിലും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോർ ഉള്ളതിനാൽ വാഹനം റിവേഴ്സ് എടുക്കാമെന്നതും പ്രത്യേകതയാണ്. ഷോക്ക് അബ്സോർബറും മറ്റു പ്രവർത്തനങ്ങളുമെല്ലാം നിരത്തിലോടുന്ന കാറുകളിലേതിനു സമം. നാലു ലിറ്ററാണ് പെട്രോൾ ടാങ്കിന്റെ സംഭരണ ശേഷി. ഒന്നര ലിറ്ററാകുന്നതോടെ റിസർവിലെത്തും. കോമ്പി ബ്രേക്ക്, എ.ബി.എസ്, സെൽഫ് സ്റ്റാർട്ടിംഗ്എന്നിവ ഉൾപ്പെടുത്തുകയാണ് ഇനിയുളള ലക്ഷ്യം.പരിസര മലിനീകരണം കുറയ്ക്കാനായി ഇലക്ട്രിക് ചാർജ്ജ് ഉപയോഗിച്ച് വാഹനം ചലിപ്പിക്കാമെന്നതും പ്രത്യേകതയാണ്.
സഹോദരനും ഡിഗ്രി വിദ്യാർത്ഥിയുമായ മുഹമ്മദ് സിജിലാണു സഹായി.
പരിയാപുരം സെന്റ് മേരീസ് എച്ച്.എസ്.എസിൽ നിന്നും 99 ശതമാനം മാർക്കോടെ പ്ലസ്ടു (സയൻസ്) പരീക്ഷയിൽ അഭിമാനവിജയം കൊയ്ത ഷിബിൻ കുസാറ്റിൽ മെക്കാനിക്കൽ എൻജിനീയറിംഗിനു ചേരാനുള്ള തയാറെടുപ്പിലാണ്.
തൂത ഡി.യു.എച്ച്.എസ്.എസിലെ അദ്ധ്യാപക ദമ്പതികളായ പരിയാപുരം കൊടശേരി സെയ്തലവിയുടെയും റജീനയുടെയും മകനാണ്.