തിരുവനന്തപുരം: കൊവിഡ് വ്യാപനം കാരണം സമ്പൂർണ ലോക്ക് ഡൗണിലേക്ക് പോയാൽ സമ്പദ്വ്യവസ്ഥ കൂടുതൽ ദയനീയമാകുമെന്ന് ഇന്നലെ ചേർന്ന എൽ.ഡി.എഫ് യോഗം വിലയിരുത്തി. പ്രതിപക്ഷത്തിന്റെയും ബി.ജെ.പിയുടെയും സമരങ്ങൾക്കെതിരെ താഴെത്തട്ടിൽ നിശ്ചയിച്ചിരുന്ന പ്രചാരണജാഥകളും പൊതുയോഗങ്ങളുമടക്കം മാറ്റിവയ്ക്കാൻ യോഗം തീരുമാനിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണിത്. ഒക്ടോബർമാസം കേരളത്തിന് നിർണായകമാണെന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബർ മദ്ധ്യത്തോടെ പതിനയ്യായിരമെങ്കിലും പ്രതിദിന കേസുകൾ കൂടാം.
ജോസ് വിഷയം ചർച്ചയായില്ല
ജോസ് കെ. മാണിയുടെ മുന്നണിപ്രവേശനം ഇന്നലെയും എൽ.ഡി.എഫ് പരിഗണിച്ചില്ല. ജോസ് നിലപാട് പറഞ്ഞ ശേഷം എൽ.ഡി.എഫ് ചർച്ച ചെയ്യുമെന്ന് കൺവീനർ എ. വിജയരാഘവൻ വാർത്താലേഖകരോട് പറഞ്ഞു. അവർ യു.ഡി.എഫിലേക്ക് പോകുമെന്ന് പറയാനാവില്ല. ജോസഫ് എം. പുതുശേരി തിരിച്ചു പോയത് അവനവന്റെ താത്പര്യമനുസരിച്ചാണെന്നും വിജയരാഘവൻ പറഞ്ഞു.
പ്രതിപക്ഷം പുകമറയുണ്ടാക്കുന്നു: കോടിയേരി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൽ.ഡി.എഫ് സർക്കാരിനെ പിടികൂടാനാകുന്നില്ലെന്ന് വന്നതോടെ ലൈഫ് മിഷനിൽ പുതിയ പ്രചാരണം നടത്തി പുകമറ സൃഷ്ടിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 'യു.ഡി.എഫ്, ബി.ജെ.പി അക്രമസമരങ്ങൾക്കെതിരെ" എന്ന മുദ്രാവാക്യവുമായി എൽ.ഡി.എഫ് സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വടക്കാഞ്ചേരി ഭവനസമുച്ചയവുമായി ബന്ധപ്പെട്ട് സി.ബി.ഐ കേസ് ഏറ്റെടുത്തത് ബി.ജെ.പിയുടെ രാഷ്ട്രീയ തീരുമാനമാണ്.
ഏജൻസിയെ ഉപയോഗിച്ച് സർക്കാരിനെ ലക്ഷ്യമാക്കി നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമാണിത്. സർക്കാരിനെതിരെ രാഷ്ട്രീയക്കളി കളിച്ചിട്ട് കോൺഗ്രസിന് ഗുണവുമുണ്ടാകാൻ പോകുന്നില്ല. കേരളത്തിൽ സർക്കാർ രൂപീകരിക്കാൻ കഴിയാത്ത ബി.ജെ.പിയുടെ ലക്ഷ്യം യു.ഡി.എഫുമായി രഹസ്യവും പരസ്യവുമായ ധാരണയുണ്ടാക്കി കുറച്ചു സീറ്റുകൾ നേടുകയാണ്. അത് നടക്കാൻ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി അദ്ധ്യക്ഷത വഹിച്ചു. എം. വിജയകുമാർ, ജി.ആർ. അനിൽ തുടങ്ങിയ ഇടതുമുന്നണി നേതാക്കൾ സംബന്ധിച്ചു.