കുന്ദമംഗലം: ഓവുചാൽ നിർമ്മാണമല്ല, കനത്ത മഴയിൽ റോഡ് ഒലിച്ചുപോയതാണ്. മുക്കം റോഡിൽ കളൻതോട് അങ്ങാടിയിലാണ് അധികൃതർ കണ്ടിട്ടും കാണാതെപോകുന്ന അപകട ചാലുള്ളത്. യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കണമെങ്കിൽ രണ്ടടിയോളം താഴ്ചയുള്ള ഈ 'തോട്' കൂടി കടക്കണം. അങ്ങാടിയിലെ ഫുട്പാത്ത് ഇങ്ങനെ കിടങ്ങായി മാറിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഓരോ മഴ കഴിയുമ്പോഴും കിടങ്ങിന് ആഴവും വീതിയും കൂടിവരികയാണ്. കളൻതോട് അങ്ങാടിയിൽ ഇറക്കവും വളവും റോഡ് പൊട്ടിപൊളിഞ്ഞതുമായതിനാൽ വാഹനങ്ങൾക്ക് ഇവിടെ വേഗം കുറവാണ്. അതുകൊണ്ട് മാത്രമാണ് വാഹനങ്ങൾ തോട്ടിൽ ചാടിപ്പോകാത്തത്. എന്നാൽ രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ ചാലിൽ വീഴുക പതിവാണ്. അഗസ്ത്യമുഴി- കുന്ദമംഗലം റോഡ് നവീകരണം മഴക്ക് മുമ്പേ തുടങ്ങിയതാണ്. എന്നാൽ കളൻ തോട് വളവ്, ചെത്തുകടവ്, ചാലിയേടത്ത് വളവ് എന്നിവിടങ്ങളിൽ നവീകരണം എങ്ങുമെത്തിയില്ല. ഇവിടെയൊക്കെ ഗതാഗതക്കുരുക്കും പതിവായിട്ടുണ്ട്. തുലാവർഷത്തിന് മുമ്പെങ്കിലും കളൻതോട് അങ്ങാടിയിലെ തോട് നികത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.