അബുദാബി : ആദ്യ രണ്ട് മത്സരങ്ങളിൽ വിജയിച്ചിരുന്ന ഡൽഹി ക്യാപിറ്റൽസിന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മൂന്നാം മത്സരത്തിൽ 15 റൺസിന്റെ തോൽവി. ഹൈദരാബാദ് ഉയർത്തിയ 162/4 എന്ന സ്കോർ ചേസ് ചെയ്യാനിറങ്ങിയ ഡൽഹിക്യാപ്പിറ്റൽസിന് 147/7ലെത്താനേ കഴിഞ്ഞുള്ളൂ.
ഓപ്പണർമാരായ ജോണി ബെയർസ്റ്റോ (53),ഡേവിഡ് വാർണർ (45),ഈ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ കേൻ വില്യംസൺ (41)എന്നിവരുടെ ബാറ്റിംഗാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനെ 162/4ലെത്തിച്ചത്.
മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാന്റെ മികച്ച ബൗളിംഗാണ് സൺറൈസേഴ്സിന് സീസണിലെ ആദ്യ വിജയം നൽകിയത്. നാലോവറിൽ 14 റൺസ് മാത്രം വഴങ്ങിയാണ് റാഷിദ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്.ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റും നടരാജൻ,ഖലീൽ അഹമ്മദ് എന്നിവർ ഒാരോ വിക്കറ്റും നേടി.
വാർണറും ബെയർസ്റ്റോയും ചേർന്ന് സൂക്ഷമതയോടെയാണ് തുടങ്ങിയത്. പത്താം ഓവറിലാണ് ആദ്യ വിക്കറ്റ് വീഴ്ത്താൻ ഡൽഹിക്ക് കഴിഞ്ഞത്. 33 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സും പായിച്ച വാർണർ അമിത് മിശ്രയ്ക്കെതിരെ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ചപ്പോൾ കീപ്പർ റിഷഭ് പന്ത് പിടികൂടുകയായിരുന്നു.തുടർന്നെത്തിയ മനീഷ് പാണ്ഡെ മിശ്രയെ ഉയർത്തിയടിച്ച് റബാദയ്ക്ക് ക്യാച്ച് നൽകി മടങ്ങിയപ്പോൾ ഹൈദരാബാദ് സ്കോർ 11.2 ഓവറിൽ 92/2 എന്നതായിരുന്നു.
തുടർന്ന് കിവീസ് താരം കേൻ വില്യംസൺ ബാറ്റിംഗിനെത്തിയതോടെ സൺറൈസേഴ്സിന്റെ സ്കോർ പതിയെ മുന്നോട്ടുനീങ്ങി.14-ാം ഒാവറിലാണ് ടീം 100 കടന്നത്. 17-ാം ഓവറിൽ ബെയർസ്റ്റോ അർദ്ധശതകത്തിലെത്തി. 44 പന്തുകളാണ് ഇതിന് വേണ്ടിവന്നത്. അടുത്ത ഒാവറിൽ റബാദയെ ഉയർത്തിയടിച്ച് ബൗളർക്ക് പിന്നിൽ ക്യാച്ച് നൽകി ബെയർസ്റ്റോ മടങ്ങുമ്പോൾ ടീം 144/3 എന്ന സ്ഥിതിയിലായി.48 പന്തുകൾ നേരിട്ട ബെയർസ്റ്റോ രണ്ട് ഫോറും ഒരു സിക്സുമടിച്ചു. തുടർന്ന് അരങ്ങേറ്റത്തിനിറങ്ങിയ കാശ്മീരി താരം അബ്ദുൽ സമദ് ഏഴുപന്തിൽ 12 റൺസടിച്ചു. 26 പന്തുകളിൽ അഞ്ചുഫോറുകൾ പറത്തിയ വില്യംസൺ അവസാന ഓവറിൽ പുറത്തായി.
മറുപടിക്കിറങ്ങിയ ഡൽഹിക്ക് ഓപ്പണർ പൃഥ്വി ഷായെ (2) തുടക്കത്തിലേ നഷ്ടമായിരുന്നു. തുടർന്ന് ശിഖർ ധവാനും(34) നായകൻ ശ്രേയസ് അയ്യരും (17) ചേർന്ന് 7.2 ഓവറിൽ 42/2ലെത്തിച്ചു.റാഷിദ് ഖാന്റെ ബൗളിംഗിലൂടെ വിക്കറ്റുകൾ വീഴ്ത്താനും റൺറേറ്റ് പിടിച്ചുനിറുത്താനും ഹൈദരാബാദ് ശ്രമിച്ചു. ശ്രേയസ്,ശിഖർ ധവാൻ,റിഷഭ് പന്ത്(32) എന്നിവരെ പുറത്താക്കിയത് റാഷിദാണ്. ഹെട്മേയറെ ഭുവനേശ്വറും മടക്കി അയച്ചു.18-ാം ഓവറിൽ നടരാജൻ സ്റ്റോയ്നിസിനെയും പുറത്താക്കിയതോടെ ഡൽഹി പരുങ്ങലിലായി. തുടർന്ന് അക്ഷർ പട്ടേലിനെയും (5) നഷ്ടമായി.
പോയിന്റ് നില
( ടീം ,കളി ,ജയം,തോൽവി,പോയിന്റ് ക്രമത്തിൽ )
രാജസ്ഥാൻ 2-2-0- 4
ഡൽഹി 3-2-0- 4
ബാംഗ്ളൂർ 3-2-1-4
പഞ്ചാബ് 3-1-2-2
മുംബയ് 3-1-2-2
ഹൈദരാബാദ്
3-1-2-1
കൊൽക്കത്ത
2-1-1-2
ചെന്നൈ
3-1-2-2