ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ രാത്രി നടന്ന വമ്പന്മാരുടെ പോരാട്ടത്തിൽ ആർസനലിനെ കൊമ്പുകുത്തിച്ച് നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ . സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. ഒരു ഗോളിനു പിന്നിൽ നിന്നശേഷമായിരുന്നു ലിവർപൂൾ വിജയം.
25-ാം മിനിട്ടിൽ അലക്സാണ്ടർ ലക്കാസറ്റയിലൂടെ ആഴ്സനൽ ആദ്യ ഗോൾ നേടിയപ്പോൾ അട്ടിമറി സാദ്ധ്യത മണത്തു. എന്നാൽ മൂന്ന് മിനിട്ടിനകം സാഡിയോ മാനെസമനില പിടിച്ചു. 34-ാം മിനിട്ടിലെ റോബർട്ട്സന്റെ ഗോൾ ആതിഥേയർക്ക് ലീഡും നൽകി. 88-ാം മിനിട്ടിൽ ഡീഗോ ജോട്ടയാണ് ലിവർപൂളിന്റെ അവസാനഗോൾ നേടിയത്.
ഈ സീസണിൽ ലിവർപൂളിലെത്തിയ പോർച്ചുഗീസ് താരം ഡീഗോ ജോട്ട, പ്രീമിയർ ലീഗിലെയും ലിവർപൂൾ ജഴ്സിയിലെയും അരങ്ങേറ്റ മത്സരത്തിലാണ് ഗോൾ നേടിയത് . പകരക്കാരനായെത്തിയാണ് ജോട്ടയുടെ ഗോൾനേട്ടം. സാഡിയോ മാനെയ്ക്കു പകരം 80–ാം മിനിട്ടിലാണ് ജോട്ട കളത്തിലിറങ്ങിയത്.
സീസണിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം കുറിച്ച ലിവർപൂൾ ഒൻപതു പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ലെസ്റ്റർ സിറ്റിക്കും ഒൻപതു പോയിന്റാണെങ്കിലും ഗോൾശരാശരിയുടെ മികവിൽ അവർ ഒന്നാമതാണ്. സീസണിലെ ആദ്യ തോൽവി വഴങ്ങിയ ആർസനൽ ആറു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ല ഫുൾഹാമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു. ജാക്ക് ഗ്രീലിഷ് (4), കോണർ ഹൗറിഹെയ്ൻ (15), ടിറോൺ മിംഗ്സ് 48) എന്നിവരാണ് വില്ലയ്ക്കായി ഗോൾ നേടിയത്. ഇതോടെ രണ്ടു കളികളിൽനിന്ന് ആറു പോയിന്റുമായി വില്ല നാലാം സ്ഥാനത്തെത്തി. സീസണിലെ മൂന്നാം തോൽവി വഴങ്ങിയ ഫുൾഹാം അവസാന സ്ഥാനത്താണ്.