ഫ്രഞ്ച് ഓപ്പൺ ടെന്നിസിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ മത്സരം എന്ന റെക്കാഡാണ് ഇറ്റലിക്കാരൻ ലോറൻസോ ഗ്വിയുസ്റ്റിനോയും ഫ്രഞ്ചുകാരൻ കോറെന്റിൻ മൗട്ടെറ്റും തമ്മിലുള്ള ഒന്നാം റൗണ്ട് പോരാട്ടത്തിൽ കുറിക്കപ്പെട്ടത്. ആറ് മണിക്കൂറും അഞ്ച് മിനിട്ടും നീണ്ട മത്സരത്തിൽ ലോറൻസോയാണ് ജയിച്ചത്. സ്കോർ : 0-6,7-6(9/7),7-6(7/3),2-6,18-16.
2004ൽ ഫാബ്രീസ് സന്റോരോയും അർനാഡ് ക്ളെമന്റും തമ്മിൽ നടന്ന 6 മണിക്കൂർ 33 മിനിട്ട് മത്സരത്തിനാണ് ദൈർഘ്യത്തിൽ റെക്കാഡ്.
157-ാം റാങ്കുകാരനായ ലോറെൻസോയുടെ ആദ്യ ഗ്രാൻസ്ളാം മത്സരമായിരുന്നു ഇത്.ശനിയാഴ്ച ആരംഭിച്ച മത്സരം ഞായറാഴ്ച പുനരാംഭിക്കുകയായിരുന്നു.
ആദ്യ സെറ്റിൽ ഒരു ഗെയിം പോയിന്റും പോലും നേടാതെ കീഴടങ്ങിയ ലോറെൻസോ രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും ടൈബ്രേക്കറിലൂടെ വിജയം കണ്ടു. നാലാം സെറ്റിൽ 2-6ന് വീണ്ടും കീഴടങ്ങി. അവസാനസെറ്റിലെ പോരാട്ടം 18-16 വരെ നീണ്ടു.
മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് (242) നേടിയിട്ടും മൗട്ടെറ്റിന് ജയിക്കാനായില്ല.217 പോയിന്റുകളേ ലോറൻസോ നേടിയിരുന്നുള്ളൂ.
നദാലിനും സെറീനയ്ക്കും വിജയത്തുടക്കം
പുരുഷ വനിതാ വിഭാഗങ്ങളിലെ മുൻ നിരതാരങ്ങളായ റാഫേൽ നദാലിനും സെറീന വില്യംസിനും ഫ്രഞ്ച് ഒാപ്പൺ ആദ്യ റൗണ്ടിൽ വിജയം.
ഏറ്റവും കൂടുതൽ തവണ ഫ്രഞ്ച് ഒാപ്പൺ നേടിയിട്ടുള്ള നദാൽ ആദ്യ റൗണ്ടിൽ ബെലറൂസിന്റെ ഗെരാസിമോവിനെ 6-4,6-4,6-2 എന്ന സ്കോറിനാണ് കീഴടക്കിയത്. സെറീന ആദ്യ റൗണ്ടിൽ സഹ അമേരിക്കൻ താരം ക്രിസ്റ്റീ ആനിനെ 7-6,6-0ത്തിന് കീഴടക്കി.
രണ്ടാം സീഡ് ചെക്ക് താരം കരോളിന പ്ളിസ്കോവ ആദ്യ റൗണ്ടിൽ ഈജിപ്ഷ്യൻ ക്വാളിഫൈയർ മായർ ഷെരീഫിന്റെ കടുത്തവെല്ലുവിളി കടന്ന് രണ്ടാം റൗണ്ടിലെത്തി. രണ്ടേകാൽ മണിക്കൂർ നീണ്ട പോരാട്ടത്തിൽ 6-7,6-2-6-4 എന്ന സ്കോറിനാണ് പ്ളിസ്കോവ ജയിച്ചത്.