സർക്കാരിന്റെ സൗജന്യ ഭക്ഷണം തീർന്നതോടെ പ്രതിസന്ധി
ആലപ്പുഴ: ആളും ആരവവും ആഘോഷങ്ങളുമൊഴിഞ്ഞ 'വരണ്ട' കൊവിഡ് കാലത്ത് അടിതെറ്റി വീണുകിടക്കുന്ന ആനകൾക്കും അടിയിൽപ്പെട്ട് വിലപിക്കുന്ന പാപ്പാൻമാർക്കും വീണ്ടും സർക്കാരിന്റെ കൈത്താങ്ങില്ലാതെ ഇനിയൊരടിപോലും നീങ്ങാനാവുമെന്ന് തോന്നുന്നില്ല. നാട്ടാനകളുടെ പരിപാലനത്തിന് സഹായം തേടി ആന ഉടമകൾ നിവേദനം സമർപ്പിച്ചതോടെ അരി, ഗോതമ്പ്, റാഗി, മുതിര, ശർക്കര, ഉപ്പ്, മഞ്ഞൾപ്പൊടി, ചെറുപയർ എന്നിവയുൾപ്പെടെ 40 ദിവസത്തെ ഭക്ഷണസാധനങ്ങൾ സൗജന്യമായി ലഭിച്ചിരുന്നു. ഇത് 'ആനവായിൽ അമ്പഴങ്ങ' ആയതോടെ ഈ ഭീമൻമാരെ എങ്ങനെ പോറ്റുമെന്ന ആലോചനയിലാണ് ഉടമകൾ.
ഭക്ഷണത്തിന് മാത്രം ദിവസം ശരാശരി 3000 മുതൽ 5000 രൂപ വരെ ചെലവാകുമെന്ന് ആന ഉടമ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ് പറയുന്നു. പാപ്പാൻമാരുടെ കുറഞ്ഞ ശമ്പളം 500 രൂപയാണ്. സുഖചികിത്സക്കാലത്ത് ചെലവ് ഇരട്ടിയാകും. ദിവസേന ഒരു കിലോ ച്യവനപ്രാശം, ഈന്തപ്പഴം, നെയ്യ് അടക്കം മെനുവിൽ കാര്യമായ മാറ്റമാണ് ഇക്കാലത്ത് വരാറുള്ളത്.
ആനകളുടെ 'സർവീസ്' ബുക്കിലെ ഒരു ഐറ്റമാണ് തടിപിടിത്തം. പക്ഷേ, ആലപ്പുഴയിലെ ആനകൾക്ക് ഇതിനുള്ള വിളി വർഷങ്ങളായി വരുന്നില്ല. ഉത്സവകാലമാകട്ടെ കൊവിഡും കവർന്നു.
..................................
40 ദിവസത്തേക്ക് 400 രൂപ പ്രകാരമുള്ള ഭക്ഷണസാമഗ്രികളാണ് സൗജന്യമായി ലഭിച്ചിരുന്നത്. അത് തീർന്നതോടെ പ്രതിസന്ധിയായി. ആനകളോടുള്ള താത്പര്യം കൊണ്ടുമാത്രം ഈ രംഗത്തേക്ക് എത്തിയവരാണ് ഭൂരിഭാഗം ആന ഉടമകളും. നാട്ടാനകൾക്ക് വീണ്ടും സൗജ്യ ആഹാരം അനുവദിച്ച് കിട്ടിയാൽ അത് വലിയ ആശ്വാസമാകും
ജി.കൃഷ്ണപ്രസാദ്, പ്രസിഡന്റ്, ആന ഉടമ അസോസിയേഷൻ
ദേവസ്വം ബോർഡിലെ ആനകൾക്ക് പനമ്പട്ടയ്ക്കായി ദിവസം 600 രൂപയാണ് അനുവദിച്ചിരിക്കുന്നത്. പക്ഷേ, വെട്ടുകൂലിയും വണ്ടിക്കൂലിയുമടക്കം ആയിരം രൂപയ്ക്കടുത്ത് ചെലവ് വരുന്നുണ്ട്. പനമ്പട്ട ലഭിക്കാനും പ്രയാസമുണ്ട്
ദേവസ്വം ബോർഡ് പാപ്പാൻ
പ്രതിദിന 'ആന' മെനു
അരി - 5 കിലോ കരിപ്പെട്ടി - 2 കിലോ ചെറുപയർ -1കിലോ ഉഴുന്നുപൊടി -1 കിലോ ചെറിയ ഉള്ളി - 1 കിലോ പനമ്പട്ട
ചെറിയ ഉള്ളിയും കരിപ്പെട്ടിയും ചേർത്ത് ലേഹ്യം തയാറാക്കി, വേവിച്ച ചോറിനും ധാന്യങ്ങൾക്കുമൊപ്പം ചേർത്ത് നൽകുന്നതാണ് ആനകളുടെ പ്രധാന ഭക്ഷണം. കൂടാതെ ആവശ്യത്തിന് പനമ്പട്ടയും ലഭ്യമാക്കണം.
വാടക
നാട്ടാനകൾക്ക് ദിവസം: 10,000 മുതൽ 20,000 വരെ
ദേവസ്വം ബോർഡിന്റെ ആനകൾക്ക്: ഒരു ലക്ഷം വരെ