ശ്വാസകോശരോഗ ഗവേഷണകേന്ദ്രം പ്രതീക്ഷയേകുന്നു
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ രോഗ വിഭാഗത്തിൽ തൊഴിൽജന്യ ശ്വാസകോശ രോഗങ്ങളുടെ ഗവേഷണത്തിന് അനുവദിച്ച കേന്ദ്രം ഭാവിയിൽ ഈ രോഗമേഖലയ്ക്ക് വലിയൊരു കൈത്താങ്ങായി മാറും. കയർ, ചെമ്മീൻ പീലിംഗ് തൊഴിലാളികൾ ഏറെയുള്ള ജില്ലയിൽ തൊഴിലുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് അടിമകളായവർ ഏറെയാണ്, പ്രധാനമായും സ്ത്രീ തൊഴിലാളികൾ.
തൊഴിലിടങ്ങളിലെ പൊടിപടലങ്ങളിലും മറ്റും നിന്ന് ഉണ്ടാവുന്ന രോഗങ്ങളാണ് തൊഴിൽജന്യ രോഗങ്ങളെന്ന ഗണത്തിൽ വരുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം ഇത്തരം രോഗങ്ങളിൽ നിന്ന് ശാശ്വത വിജയം നേടാൻ സാധാരണക്കാരായ തൊഴിലാളികൾക്ക് കഴിഞ്ഞിരുന്നില്ല. ഗവേഷണ കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ സെമി സ്ട്രക്ചേർഡ് ഇന്റർവ്യൂ ഷെഡ്യൂൾ രീതിയിലൂടെ തൊഴിൽ വിവരങ്ങളും അനുബന്ധ കാര്യങ്ങളും ശേഖരിച്ച് അപഗ്രഥനം ചെയ്യും. ക്ളിനിക്കൽ പരിശോധനകൾക്കൊപ്പം സ്പൈറോമെട്രി ചികിത്സയും നടത്തും. കൂടാതെ ആഴ്ചയിലൊരിക്കൽ തൊഴിൽജന്യ രോഗങ്ങൾക്ക് മെഡി. ആശുപത്രിയിൽ പ്രത്യേക ഒ.പി പ്രവർത്തിക്കും. ഇതോടെ ഈ മേഖലയിൽ ആശ്വാസത്തിന്റെ തിരിനാളം തെളിയുമെന്നാണ് പ്രതീക്ഷ.
ജില്ലയിലെ സ്ത്രീകൾ അടക്കം വലിയൊരു വിഭാഗം പ്രവർത്തിക്കുന്ന തൊഴിൽ മേഖലകളാണ് കയറും ചെമ്മീനും. സ്ത്രീകളാണ് 50 ശതമാനത്തിലധികവും. പുരുഷൻമാരേക്കാൾ കൂടുതൽ രോഗികളും സ്ത്രീകളാണ്. നാസോ ബ്രോങ്കിയൽ അലർജി, ശ്വാസതടസം കയർ മേഖലയിൽ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്.
നേട്ടങ്ങൾ
തൊഴിൽജന്യ ശ്വാസകോശ രോഗങ്ങളെ ശാസ്ത്രീയമായി തിരിച്ചറിയാം
രോഗത്തിന്റെ വ്യാപ്തി വിശദമായി മനസിലാക്കാനാവും
രോഗനിർണയം, ചികിത്സ, ചെലവ് എന്നിവയുടെ ഭാരം കുറയും
പ്രധാന തൊഴിൽജന്യ രോഗങ്ങൾ
അലർജി, ശ്വാസതടസം, ആസ്ത് മ, ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗങ്ങൾ
കയർ, ചെമ്മീൻ സംസ്കരണം എന്നീ മേഖലകളിലെ തൊഴിലാളിക്കിടയിൽ ശ്വാസകോശ ചുരുക്കം,അലർജി ആസ്ത് മ , സി.ഒ.പി.ഡി എന്നീ രോഗങ്ങൾ അധികമായി കണ്ടുവരുന്നുണ്ട്. അതേപ്പറ്റി കൂടുതൽ പഠിക്കുന്നതിലൂടെ രോഗം തടയാൻ എന്ത് ചെയ്യാനാവും എന്ന് മനസിലാക്കുകയാണ് പ്രോജക്ടിന്റെ പ്രാഥമിക ലക്ഷ്യം. ഏറ്റവും മികച്ച ചികിത്സ നൽകുക എന്നതും കേന്ദ്രം ലക്ഷ്യമിടുന്നു
(ഡോ.പി.വേണുഗോപാൽ, പ്രൊഫസർ ആൻഡ് വകുപ്പു മേധാവി, പൾമണറി മെഡിസിൻ)
നമ്മുടെ നാട്ടിലെ പ്രധാന പൊതുജനാരോഗ്യ പ്രശ്നമായ തൊഴിൽജന്യ ശ്വാസകോശ രോഗങ്ങൾക്കായി ആലപ്പുഴയിൽ ആരംഭിക്കുന്ന ഗവേഷണ കേന്ദ്രം രാജ്യത്തെ ആദ്യ കേന്ദ്രമാണെന്നതിൽ അഭിമാനിക്കാം. ഇത് വിദേശ രാജ്യങ്ങളിലെ ഗവേഷണ കേന്ദ്രങ്ങളോടു കിടപിടിയ്ക്കുന്ന മികവിന്റെ കേന്ദ്രമായി വളർത്തിയെടുക്കാൻ എല്ലാവരുടേയും സഹകരണം ആവശ്യമാണ്. സ്ത്രീ തൊഴിലാളികൾക്ക് പദ്ധതി കൂടുതൽ പ്രയോജനമാകും
(ഡോ.പി.എസ്. ഷാജഹാൻ, ആരോഗ്യ സർവകലാശാല സെനറ്റംഗം ആൻഡ് അഡിഷണൽ പ്രൊഫസർ, പൾമണറി മെഡിസിൻ)
ആലപ്പുഴ മെഡിക്കൽ കോളേജിൽ തൊഴിൽ ജന്യ ശ്വാസകോശ രോഗ ഗവേഷണ കേന്ദ്രത്തിന് അനുമതി നൽകിയത് സർക്കാർ ഒൗദ്യോഗികമായി അറിയിച്ചിട്ടില്ല. നിലവിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് മാത്രമാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
(വേണുഗോപാൽ,ജില്ലാ ലേബർ ഒാഫീസർ)