മലയാലപ്പുഴ: കടവുപുഴയിൽ ഇപ്പോൾ ചാരായ വാറ്റേയില്ല. വാറ്റ് വിമുക്ത പ്രദേശമെന്ന് പറയാം. ഒാർമ്മയില്ലേ മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴയെ. ഒരു കാലത്ത് ജില്ലയിലെ കുപ്രസിദ്ധ വാറ്റ് കേന്ദ്രം. റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽപ്പെട്ട വനപ്രദേശത്തായിരുന്നു മുമ്പ് വാറ്റു സംഘങ്ങൾ തമ്പടിച്ചിരുന്നത്. ഇവിടെ ഉൽപാദിപ്പിച്ചിരുന്ന ചാരായം ജില്ലയുടെ മിക്ക ഭാഗങ്ങളിലും സമീപജില്ലകളിലും എത്തിച്ചിരുന്നു. എക്സൈസിനും പൊലീസിനും വനപാലകർക്കും എത്താൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളായിരുന്നു വാറ്റുകാരുടെ താവളം. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ തോട്ടത്തിലൂടെ കല്ലാർ നീന്തിക്കടന്ന് വേണമായിരുന്നു വാറ്റ് കേന്ദ്രങ്ങളിലെത്താൻ.. ആറ്റിൽ ജലനിരപ്പുയർന്നാൽ എത്താനും കഴിയില്ല. ഇത് വാറ്റ് സംഘങ്ങൾക്ക് അനുഗ്രഹമായിരുന്നു. മണിയാർ കുടപ്പന വഴിയുള്ള വനത്തിലെ ദുർഘട പാതയിലൂടെ കടവുപുഴയിലെത്താൻ ഏറെ ബുദ്ധിമുട്ടാണ്.. ഇവിടെ വന്യമൃഗങ്ങളുടെ ശല്യവുമുണ്ട്. പേടിയില്ലാതെ ജോലി ചെയ്യാനാകുമെന്നതിനാൽ വാറ്റുകാർ കടവുപുഴയിലെ ആറ്റുതീരങ്ങളിൽ താമസവുമായി.
വാറ്റിന്റെ ടെക്നിക്ക്
കാട്ടാന നശിപ്പിക്കാതിരിക്കാൻ വീപ്പകളിലും ടാങ്കുകളിലും കോടകലക്കി കുഴിച്ചിടുകയായിരുന്നു രീതി. ചുറ്റം വേലി കെട്ടി പന്നിപ്പടക്കം കെട്ടും. മൃഗങ്ങൾ അടുക്കില്ല. കാട്ടാന ശല്യം മൂലം പാട്ടകളിലാക്കി
ശർക്കര
ആറ്റിൽ കെട്ടിത്താഴ്ത്തിയിടുമായിരുന്നു.
കാട്ടിൽ നിന്ന് തന്നെ വാറ്റിന് വിറക് ശേഖരിക്കും. എക്സൈസിന്റെ നീക്കം മനസിലാക്കാൻ കടവുപുഴയ്ക്ക് സമീപത്തെ വഴിയരികിൽ കാവൽക്കാരുണ്ടാകും.. റെയ്ഡിന് വരുന്ന സൂചന ലഭിച്ചാൽ കുറുക്കുവഴിയിലൂടെ വാറ്റുകേന്ദ്രത്തിലെത്തി വിവരം അറിയിക്കും. മൊബൈൽ ഫോൺ വന്നതോടെ ഇതും എളുപ്പമായി. നേരത്തെ വിവരം അറിയുന്നതോടെ സാധനങ്ങളുമായി സംഘം സുരക്ഷിത സ്ഥാനങ്ങളിൽ മറയും. . കല്ലാറിന്റെ മറുകര കടന്ന് വനത്തിലെത്താൻ എക്സൈസ് സംഘങ്ങൾക്ക് ഏറെ സമയം വേണ്ടിവരും. 1999 ൽ കോന്നിയിൽ നിന്ന് ഒരു ജീപ്പ് ശർക്കര കടവു പുഴയിലെത്തിക്കാൻ 3500 രൂപയായിരുന്നു കൂലി.. ഒരു ദിവസം 15000 രൂപയുടെ ഓട്ടം ലഭിച്ചിരുന്ന ജീപ്പുകളുണ്ടായിരുന്നു. .
പരാതിയുടെ കാലം കഴിഞ്ഞു
വനപാലകരുടെ പിന്തുണയോടെയാണ് കടവുപുഴയിൽ ചാരായവാറ്റ് നടക്കുന്നതെന്ന് മുമ്പ് ആരോപണമുണ്ടായിരുന്നു..വല്ലപ്പഴും നടക്കുന്ന റെയ് ഡ് പ്രഹസനമാണെന്നായിരുന്നു പരാതി. ഉദ്യോഗസ്ഥർക്ക് മാസപ്പടി ലഭിക്കുന്നെന്ന ആരോപണം വിവാദമായിട്ടുണ്ട്. പിന്നീട് എക്സൈസും പൊലീസും വനപാലകരും ജാഗ്രതയിലായതോടെയാണ് ചാരായവാറ്റിന് ശമനമുണ്ടായത്.
ലോക് ഡൗൺകാലത്ത് ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളും കള്ളുഷാപ്പുകളും അടച്ചപ്പോൾ മിക്കയിടത്തും ചാരായവാറ്റ് സജീവമായെങ്കിലും കടവുപുഴയിൽ ചാരായം കിട്ടാനേയില്ലായിരുന്നു..ലോക് ഡൗൺ കാലത്ത് അസി: എക്സൈസ് കമ്മിഷണറുടെ നേത്യത്വത്തിൽ ഇവിടെ ഡ്രൊൺ നിരീക്ഷണം വരെ നടത്തിയെങ്കിലും പൊട്ടിപ്പൊളിഞ്ഞ പഴയ കുറെ കന്നാസുകൾ മാത്രമാണ് കാണാൻ കഴിഞ്ഞത്..