തിരുവനന്തപുരം: വൈത്തിരി ലക്കിടി ഉപവൻ റിസോർട്ടിൽ മാവോയിസ്റ്റ് നേതാവ് സി.പി ജലീൽ കൊല്ലപ്പെട്ടത് ഏകപക്ഷീയമായ വെടിവയ്പ്പിലല്ലെന്ന് മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട്.
ജലീലിന്റെ തോക്കിൽ നിന്ന് വെടിയുതിർന്നിട്ടില്ലെന്ന ഫോറൻസിക് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നത് പൊലീസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന് ക്ലീൻചിറ്റ് നൽകുന്ന അന്വേഷണ റിപ്പോർട്ടിന്റെ ഭാഗങ്ങൾ പൊലീസ് പുറത്തുവിട്ടത്.
മാവോയിസ്റ്റുകൾ വെടിയുതിർത്തപ്പോൾ സ്വയരക്ഷയ്ക്കായി പൊലീസ് വെടിവയ്ക്കുകയായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2019 മാർച്ച് ആറിന് പണം തട്ടിയെടുക്കുകയെന്ന ഉദ്ദേശത്തോടെ രണ്ട് മാവോയിസ്റ്റുകൾ തോക്കുകളുമായി റിസോർട്ടിലേക്ക് എത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ റിസോർട്ട് ജീവനക്കാരുമായി സമാധനപരമായാണ് ഇടപെട്ടത്. റിസോർട്ട് ജീവനക്കാരൻ പണം നൽകിയിരുന്നു. മാവോയിസ്റ്റുകൾ മടങ്ങാൻ തുടങ്ങുന്നതിനിടെയാണ് വൈത്തിരി ഇൻസ്പെക്ടറും അഞ്ച് കമാൻഡോകളും പൊലീസ് വാഹനത്തിലെത്തിയത്. റിസോർട്ടിന്റെ റിസപ്ഷൻ കൗണ്ടറിലായിരുന്ന മാവോയിസ്റ്റുകൾ പൊലീസിനെ കണ്ടതോടെ പുറത്തേക്കോടി. സംഘത്തിൽ ഒരാൾ പൊലീസിന് നേരെ വെടിവച്ചു. ഇതോടെ കമാൻഡോകൾ തിരിച്ചും വെടിവച്ചു. പരിക്കേറ്റ ഒരാൾ മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.സംഘർഷത്തിൽ സി.പി ജലീൽ കൊല്ലപ്പെട്ടതിന് പിന്നിൽ ഗൂഢാലോചനയില്ലെന്നും വ്യക്തമാക്കുന്നു. .
ജലീലിന്റെ തോക്കിൽ നിന്ന് വെടിയുതിർന്നിട്ടില്ലെന്ന ഫോറൻസിക് റിപ്പോർട്ട് വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന ജലിലീന്റെ കുടുംബത്തിന്റെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ആരോപണം സാധൂകരിക്കുന്നതായിരുന്നു .രക്ഷപെട്ട മാവോയിസ്റ്റാണ് വെടിയുതിർത്തതെന്നാണ് പൊലീസ് പറയുന്നത്.