കച്ചവടക്കാർ പോക്കറ്റിൽ കൈയിട്ടുവാരുന്നു
കൊല്ലം: ചന്തകളിലും വണ്ടിക്കച്ചവടക്കാരിലും മത്സ്യത്തിന് കൊള്ളവില. മത്സ്യലഭ്യത ഉയർന്നതോടെ ഹാർബറുകളിൽ മത്സ്യവില ഇടിഞ്ഞുനിൽക്കുമ്പോഴാണ് കച്ചവടക്കാർ കൊള്ളലാഭം കൊയ്യുന്നത്. ഇപ്പോൾ ഹാർബറുകളിൽ സീസൺ കാലമാണ്.
കടലിൽ പോകുന്ന ബോട്ടുകളും വള്ളങ്ങളും വലനിറയെ മത്സ്യവുമായാണ് എത്തുന്നത്. നീണ്ടകരയിൽ തിങ്കളാഴ്ച രാത്രി ഒരു കിലോ അയല 120 രൂപയ്ക്കാണ് പോയത്. ഒരു കിലോയിൽ വലിപ്പം അനുസരിച്ച് 8 മുതൽ 10 അയല വരെയുണ്ടാകും. ഇത് വാങ്ങി ചന്തകളിൽ എത്തുന്ന കച്ചവടക്കാർ നൂറ് രൂപയ്ക്ക് നാലും അഞ്ചും എണ്ണമാണ് വിൽക്കുന്നത്. വിൽക്കാതെ ഉടയുമ്പോൾ ആറെണ്ണം വരെ കൊടുക്കും.
ഇങ്ങനെ രണ്ട് കിലോ അയല വിൽക്കുമ്പോൾ തന്നെ കച്ചവടക്കാരന് നൂറ് രൂപ ലാഭം കിട്ടും. ചന്തയിലെ കച്ചവടക്കാർ രണ്ടും മൂന്നും പെട്ടി മത്സ്യമാണ് വിൽക്കുന്നത്. ഒരു പെട്ടിയിൽ കുറഞ്ഞത് 30 കിലോ മത്സ്യമെങ്കിലും കാണും. രണ്ട് പെട്ടി അയല വിൽക്കുന്ന കച്ചവടക്കാരന് ചെലവെല്ലാം കഴിഞ്ഞ് മൂവായിരം രൂപയെങ്കിലും ലാഭം കിട്ടും. ഇതേ രീതിയിൽ തന്നെയാണ് വണ്ടിക്കാരുടെയും കച്ചവടം.
നേരത്തെ മത്സ്യവില കുത്തനെ ഉയർന്നപ്പോൾ കളക്ടർ ഹാർബറിൽ നിന്നുള്ള ദൂരത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ഇനം മത്സ്യത്തിനും ന്യായവില നിശ്ചയിച്ചിരുന്നു. ദീർഘനാൾ അടഞ്ഞുകിടന്ന ഹാർബറുകൾ മത്സ്യലഭ്യത ഉയർന്നിട്ടും വില പുനനിർണയിക്കാനോ അമിതവില നിയന്ത്രിക്കാനോ ജില്ലാ ഭരണകൂടം തയ്യാറാകുന്നില്ല.
പോകുന്നത് പകുതി വള്ളങ്ങൾ
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒറ്റ, ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പരിൽ അവസാനിക്കുന്ന വള്ളങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിലാണ് കടലിൽ പോകുന്നത്. ബോട്ടുകൾ ഇതേ രീതിയിലാണ് ഹാർബറുകളിൽ അടുക്കുന്നത്. ബോട്ടുകളും വള്ളങ്ങളും കൂട്ടത്തോടെ കടലിൽ പോയാൽ മത്സലഭ്യത വീണ്ടും ഉയരും. ഇതോടെ വില ഇടിയും. മത്സ്യത്തൊഴിലാളികൾക്ക് വില കൂടുതൽ ഇടിയുന്നതിനോട് യോജിപ്പില്ല. അതുകൊണ്ട് തന്നെ കൊവിഡ് നിയന്ത്രണങ്ങളോട് പൊരുത്തപ്പെടുകയാണ്.
കേരയും ചാളയും പൊള്ളുന്നു
1. കേരയും ചാളയും കൊല്ലം തീരങ്ങളിൽ കിട്ടാനില്ല
2. കേരച്ചൂര കിലോയ്ക്ക് 150 രൂപയായിരുന്നു. ഇന്നലെ 180 മുതൽ 190 വരെ ഉയർന്നു
3. ചാള ആലപ്പുഴയിലേ ഉള്ളൂ. അവിടെ കിലോയ്ക്ക് 220 രൂപ
4. തൂത്തുക്കുടിയിൽ നിന്നെത്തുന്ന ചാളയ്ക്ക് 200 രൂപ
5. കറുത്ത ആവോലി ഹാർബറിൽ വിറ്റത് 100 രൂപയ്ക്ക്
6. കച്ചവടക്കാർ വിൽക്കുന്നത് 300 രൂപയ്ക്ക്
നീണ്ടകരയിലെ വില (കിലോയ്ക്ക്)
നെത്തോലി: 125
അയല: 120- 130
പരവ: 300-330
നെയ്മീൻ ചെറുത്: 300
നെയ്മീൻ വലുത്: 430
കറുത്ത ആവോലി: 280- 290