പരിശോധനാ കേന്ദ്രങ്ങളിൽ വീഴ്ചയെന്ന് വിമർശനം
കൊല്ലം: കൊവിഡ് പരിശോധനയ്ക്ക് സ്രവം ശേഖരിക്കുന്ന സർക്കാർ സ്ഥാപനങ്ങളിൽ സാമൂഹിക അകലമില്ലാതെ ആൾക്കൂട്ടം. രോഗികളിൽ നിന്ന് രോഗബാധിതരല്ലാത്തവരിലേക്ക് രോഗം പകരാനുള്ള സാദ്ധ്യത ഏറെയുണ്ടെന്ന പരാതി ഉയർന്നിട്ടും ആൾക്കൂട്ടം നിയന്ത്രിക്കാനാകുന്നില്ല. ജില്ലയിലെ ഒരു താലൂക്ക് ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്ക് എത്തിയവർ ആശുപത്രി പരിസരത്ത് ചുറ്റിനടന്ന് രോഗവ്യാപനത്തിന് ഇടയാക്കിയത് അടുത്തിടെയാണ്. ജില്ലാതല അവലോകന യോഗത്തിലടക്കം ഇത്തരം വിഷയങ്ങൾ ചർച്ചയായിട്ടും ആൾക്കൂട്ടം നിയന്ത്രിച്ച് പരിശോധനാ കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ കഴിയുന്നില്ല.
സംശയത്തിന്റെ പേരിൽ നിരീക്ഷണത്തിലിരുന്ന ശേഷം പരിശോധനയ്ക്ക് എത്തുന്ന പലരും രോഗനിഴലിലാണ് മടങ്ങുന്നത്. കൊവിഡ് പരിശോധനയ്ക്കായി സ്രവം നൽകിയ ശേഷം ഫലം വരുന്നത് വരെ നിരീക്ഷണത്തിലിരിക്കണമെന്ന നിർദേശം പാലിക്കാത്തവരും ധാരാളമാണ്. രോഗവ്യാപനത്തിന് ഇത്തരം അനാസ്ഥകളും സ്വയം പ്രതിരോധത്തിലെ വീഴ്ചകളും വഴിവയ്ക്കുന്നുണ്ട്. ജില്ലയിലെ നിരവധി സ്വകാര്യ ലാബുകൾ പണം ഈടാക്കി കൊവിഡ് പരിശോധന നടത്തുന്നുണ്ടെങ്കിലും സർക്കാർ സ്ഥാപനങ്ങളിൽ പരിശോധന സൗജന്യമാണ്.
നേർച്ചിത്രം ഇങ്ങനെ
1. പരിശോധന നടത്തുന്നിടത്ത് ആളുകൾ കൂട്ടംകൂടുന്നു
2. സാമൂഹിക അകലം പലയിടത്തും പാലിക്കുന്നില്ല
3. ഒരാളുടെ സ്വാബ് എടുത്താൽ അവർ ഇരുന്ന കസേര / സ്റ്റൂൾ പൂർണമായി അണുവിമുക്തമാക്കണം
4. എന്നാൽ പൂർണതോതിൽ ഇക്കാര്യങ്ങൾ പലയിടത്തും നടക്കുന്നില്ല
5. പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണം വർദ്ധിച്ചത് വില്ലനായി
സ്വകാര്യ ലാബിലെ റേറ്റ്
ആന്റിജൻ ടെസ്റ്റ്: 625 രൂപ
ആർ.ടി.പി.സി.ആർ ടെസ്റ്റ്: 2,750 രൂപ
''
പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. പലപ്പോഴും കാര്യങ്ങൾ നിയന്ത്രണാതീതമാകുന്നുണ്ട്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ