കൊച്ചി: ലൈഫ് ഇടപാടിൽ സി ബി ഐ അന്വേഷണം തുടരാമെന്ന് വ്യക്തമാക്കി ഹൈക്കോടതി. സർക്കാർ ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. കേസിന്റെ വാദം വ്യാഴാഴ്ച തുടരും. അന്വേഷണവുമായി സഹകരിക്കാമെന്ന് ലൈഫ് മിഷൻ സി.ഇ.ഒ കോടതിയെ അറിയിച്ചു. തുടക്കത്തിൽ തന്നെ സി.ബി.ഐ അന്വേഷണം തടയാനായിരുന്നു സർക്കാർ നീക്കം. എന്നാൽ അന്വേഷണം തുടരുകയാണ് വേണ്ടതെന്നും സി.ബി.ഐയെ തടയാനില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ലൈഫ് മിഷൻ ഇല്ലെങ്കിൽ യൂണിടാക്കിന് പിന്നെ എങ്ങനെയാണ് പണം ലഭിച്ചതെന്ന് ചോദിച്ച ഹൈക്കോടതി അന്വേഷണവുമായി സഹകരിക്കാൻ ലൈഫ് മിഷനെ സർക്കാർ ഉപദേശിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ചട്ടവിരുദ്ധമല്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. ഫ്ളാറ്റ് നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി കൊടുക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു.
സർക്കാരിന് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ കെ.വി വിശ്വനാഥനാണ് വീഡിയോ കോൺഫറൻസ് വഴി ഹാജരായത്. കോൺഗ്രസ് നേതാവ് രാഷ്ട്രീയ വൈരാഗ്യം വച്ച് നൽകിയ പരാതിയാണ്. പാവങ്ങൾക്ക് വീട് വച്ച് നൽകാനുള്ള പദ്ധതിയാണ് ലൈഫ് മിഷൻ. പ്രളയദുരിതത്തെ തുടർന്ന് യു.എ.ഇ റെഡ്ക്രസന്റ് സഹായം നൽകുകയാണ് ചെയ്തത്. ലൈഫ് മിഷൻ പദ്ധതി വിദേശ സഹായത്തിന്റെ പരിധിയിൽ വരില്ലെന്നും സർക്കാർ കോടതിയിൽ വാദിച്ചു.
അതേസമയം ലൈഫിൽ അന്വേഷണം വേണമെന്നും അന്വേഷണം നടന്നാൽ മാത്രമേ ക്രമക്കേട് കണ്ടെത്താൻ കഴിയുവെന്നും സി.ബി.ഐ കോടതിയിൽ വാദിച്ചു. കേസിൽ പ്രതിയല്ലാത്ത ഒരാൾക്ക് എങ്ങനെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ കഴിയുന്നതെന്നും സി.ബി.ഐ കോടതിയിൽ വാദം ഉയർത്തി.