SignIn
Kerala Kaumudi Online
Friday, 04 December 2020 2.09 PM IST

'മോഹൻലാൽ പറഞ്ഞതുപോലെ ഇത് ചെയ‌്തവരെ കേന്ദ്രം പൂട്ടും': സ്വപ്‌നയുടെയും കൂട്ടരുടെയും ജാമ്യം തടയാൻ കേന്ദ്രസർക്കാർ ഇറക്കുന്നത് സുപ്രീം കോടതിയിലെ 'കരിമ്പുലി'കളെ

mohanlal-swapna-suresh

കൊച്ചി: സ്വർണക്കടത്തുകേസിൽ പ്രതികളായ സ്വപ്‌ന സുരേഷിനെയും കൂട്ടരെയും നിയമക്കുരുക്കിൽ പൂട്ടാൻ തീരുമാനിച്ചുറച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പ്രതികൾക്ക് ജാമ്യം ലഭ്യമാകാതിരിക്കാൻ സുപ്രീം കോടതിയിലെ തലമുതിർന്ന അഭിഭാഷകരെയാണ് കേന്ദ്രം രംഗത്തിറക്കുന്നത്. അഡീഷണൽ സോളിസിറ്റർ ജനറലായ സൂര്യപ്രകാശ് വി. രാജു അടങ്ങുന്ന സംഘമാണ് സ്വപ്‌നയ്‌ക്കും കൂട്ടർക്കുമെതിരെ ഹാജരായത്. എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കേസിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വെള്ളിയാഴ്ച സൂര്യപ്രകാശ് വി. രാജുവിന്റെ രംഗപ്രവേശം.

നയതന്ത്ര ചാനൽ വഴിയുള്ള സ്വ‌ർണക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ഇ.ഡി രജിസ്‌റ്റർ ചെയ‌്ത കേസിൽ സ്വപ്‌നയ്‌ക്ക് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്ന ഘട്ടം വന്നതോടെയാണ് സുപ്രീം കോടതിയിലെ 'കരിമ്പുലി'കളെ രംഗത്തിറക്കിയുള്ള കേന്ദ്രസർക്കാരിന്റെ ചടുലനീക്കം എന്നത് ശ്രദ്ധേയമാണ്. സ്വർണക്കടത്ത് കേസ് അതിഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നതെന്ന സൂചനകൂടിയാണിത്. ഓൺലൈനായി ഡൽഹിയിൽ നിന്നായിരുന്നു സൂര്യപ്രകാശ് വി. രാജു വാദിച്ചത്. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി മുഖ്യപ്രതികൂടിയായ സ്വപ്‌ന നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഒക്ടോബർ 13ന് വിധി പറയാൻ മാറ്റിയിരിക്കുകയാണ്. കുറ്റപത്രം നൽകാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്‌ന ജാമ്യാപേക്ഷ നൽകിയത്.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രജിസ്റ്റർചെയ്ത കേസിൽ അറസ്റ്റിലായ 17 പേരിൽ 10 പേർക്കും ജാമ്യം ലഭിച്ചത് വൻ തിരിച്ചടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയത്. കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞ ഇ.ഡി. കേസിൽ പ്രധാനപ്രതി സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചാൽ, എൻ.ഐ.എ. കോടതിയിലും സമാനവിധി വന്നേക്കുമെന്ന തിരിച്ചറിവിലാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന സംസ്ഥാനങ്ങളിലെ കോടതികളിൽ അഡീഷണൽ സോളിസിറ്റർ ജനറൽമാർ നേരിട്ട് ഹാജരാകുന്നത് അപൂർവമാണ്. പ്രധാന കേസുകളിൽ കീഴ്‌കോടതികളിൽ സാധാരണ കേന്ദ്രത്തിനായി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽമാരാണ് ഹാജരാകാറുള്ളത്. സി.ബി.ഐ., എൻ.ഐ.എ, കസ്റ്റംസ്, ഇ.ഡി. എന്നിവയ്‌ക്കെല്ലാം പ്രത്യേക അഭിഭാഷകരുമുണ്ട്.

അതിനിടെ, കേസിലെ മുഖ്യപ്രതികളായ പി.എസ്.സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ്‌, കെ.ടി. റമീസ്, എ.എം. ജലാൽ, മുഹമ്മദ് ഷാഫി, സെയ്ദ് അലവി, പി.ടി. അബ്ദു, മുഹമ്മദ് അലി ഇബ്രാഹിം എന്നിവരുടെ റിമാൻഡ് കാലാവധി 90 മുതൽ 180 ദിവസംവരെ നീട്ടാൻ എൻ.ഐ.എ കോടതിയിൽ അപേക്ഷനൽകി. ജൂലായ് പത്തിനാണ് കേസെടുത്തതെന്നും വിദേശത്തുൾപ്പെടെ ഗൂഢാലോചന നടന്നിട്ടുള്ള കേസിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ കഴിയില്ലെന്നും ഡിവൈ.എസ്.പി രാധാകൃഷ്‌ണപിള്ള നൽകിയ അപേക്ഷയിൽ പറയുന്നു.

സ്വപ്നയുടെ ചാറ്റുകൾ വീണ്ടെടുത്തു

നയതന്ത്രബാഗ് വിട്ടുകിട്ടാൻ സ്വപ്ന തന്റെ ഐഫോണുകളിൽ നിന്ന് സരിത്തിനോടും മറ്റുള്ളവരോടും നടത്തിയ വാട്ട്സ് ആപ്പ് ചാറ്റിന്റെ വിവരങ്ങൾ വീണ്ടെടുത്തെന്ന് എൻ.ഐ.എ അറിയിച്ചു. ഇതു സ്വപ്ന ഡിലീറ്റ് ചെയ്തിരുന്നു. പ്രതികളിൽ നിന്ന് 89 ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ശാസ്ത്രീയ പരിശോധനയ്ക്കായി സി -ഡാക്കിന് കൈമാറി. ഇതിൽ 17 ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമാണ് ഇതുവരെ ലഭിച്ചത്.

ശിവശങ്കറിനെയും സ്വപ്‌നയെയും ഒരുമിച്ചിരുത്തി വീണ്ടും ചോദ്യം ചെയ്യുന്നു

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനേയും മുഖ്യപ്രതി സ്വപ്ന സുരേഷിനേയും കസ്റ്റംസ് ഒരേസമയം ചോദ്യം ചെയ്യുന്നു. രാവിലെ പത്ത് മണിയോടെയാണ് കസ്റ്റംസ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. കാക്കനാട് ജില്ലാ ജയിലിലാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. ശിവശങ്കറിനെ കസ്റ്റംസ് ആസ്ഥാനാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ പതിനൊന്ന് മണിക്കൂറോളം ചോദ്യംചെയ്ത ശേഷം രാത്രി പത്തോടെ അദ്ദേഹത്തെ വിട്ടയച്ചിരുന്നു.

ശിവശങ്കറിനെതിരെ തെളിവുകൾ ലഭ്യമായിട്ടുണ്ടെന്നും ഏതാനും ചില കാര്യങ്ങളിൽ മാത്രമാണ് വ്യക്തത വരാനുളളതെന്നുമാണ് കസ്റ്റംസ് നൽകുന്ന സൂചന. ശിവശങ്കറിന്റെ അറിവോടെ സ്വപ്ന ലോക്കറിൽ സൂക്ഷിച്ച തുകയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിച്ചില്ലേയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല. ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിനോട് സ്വപ്നയ്ക്കായി ബാങ്ക് ലോക്കർ തുടങ്ങാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ അന്വേഷണ സംഘങ്ങൾ പ്രതികളല്ലാത്ത ഒരാളെ ഇത്രയധികം ചോദ്യം ചെയ്യുന്നത് ശിവശങ്കറിനെ മാത്രമാണ്. എൻ.ഐ.എ നേരത്തെ മൂന്ന് തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്ത്. കസ്റ്റംസ് വെള്ളിയാഴ്ച രണ്ടാം തവണയാണ് വിളിപ്പിച്ചത്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GOLD SMUGGLING CASE, SWAPNA SURESH, BAIL, CENTRAL GOVERNMENT, ENFORCEMENT DIRECTORATE, CUSTOMS, NIA, SWAPNA GOLD SMUGGLER, M SIVASANKAR, SUPEME COURT LAWYERS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.