SignIn
Kerala Kaumudi Online
Monday, 06 December 2021 10.54 PM IST

സുബ്രഹ്മണ്യം വൈദ്യനാഥന്റെ സിമ്മെൽവീസ് സാഗ - ദി മാൻ വിത്ത് ക്ലീൻ ഹാൻഡ്സ് ഒരു കൈ കഴുകൽ പുരാണം

eeee

ലോകജനതയെ മുഴുവൻ വീട്ടുതടങ്കലിലിട്ട് പട്ടിണിയിലാഴ്‌ത്തി, ഇഞ്ചിഞ്ചായി ഉന്മൂലനം ചെയ്യുക എന്ന ഗൂഢലക്ഷ്യത്തോടെ ചൈനാമഹാരാജ്യം തൊടുത്തുവിട്ട കൊവിഡ് -19 എന്ന ജൈവായുധത്തിന് മാരകശേഷി താരതമ്യേന കുറവാണെങ്കിലും വ്യാപനശേഷി അപാരമാണെന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുന്നു. ഹൈഡ്രജൻ ബോംബുകളേക്കാൾ ഏറെ, സർവ്വ ജീവജാലങ്ങൾക്കും യാതനകൾ സൃഷ്ടിക്കാൻ കൊവി‌ഡ് 19 ന് കഴിയുമെന്നാണ് കണക്കുകൂട്ടൽ. ഈ അസാധാരണ പ്രതിസന്ധിയെ നേരിടുന്നതിന്റെ ഭാഗമായി നാളിതുവരെ ആശുപത്രികളിൽ മാത്രം, പ്രത്യേകിച്ച് സ‌ർജന്മാരുടെയിടയിൽ ഓപ്പറേഷൻ തീയേറ്ററുകളിലും മറ്റും അനുവർത്തിച്ചു പോന്ന പന്ത്രണ്ടോളം ഘട്ടങ്ങൾ ഉള്ള ശാസ്ത്രീയമായ കൈകഴുകൽ പ്രക്രിയ ഇന്ന് സാധാരണക്കാർക്കും സുപരിചിതമായി മാറിയിരിക്കുന്നു. കൊവിഡ് 19 നെ അകറ്റുന്നതിൽ ശാസ്ത്രീയമായ കൈകഴുകലിന്റെ പ്രാധാന്യവും വിവിധഘട്ടങ്ങളും നമ്മുടെ ദൃശ്യമാദ്ധ്യമങ്ങളിലൂടെ ജനങ്ങൾ സ‌ർവഥാ അംഗീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു. തത്ഫലമായി ഇന്ന് നിരക്ഷകർക്കുപോലും കൈകഴുകലിന്റെ വിവിധ വശങ്ങളും സാനിറ്റൈസർ ഉപയോഗിച്ചുള്ള അണുനശീകരണവുമൊക്കെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറി. അതുകൊണ്ടുതന്നെ അണനശീകരണത്തിൽ, ശാസ്ത്രീയമായ കൈകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവിധ ഘട്ടങ്ങളെക്കുറിച്ചും ആരോഗ്യമേഖലയ്ക്ക് പ്രത്യേകിച്ച് പ്രസവശുശ്രൂഷാരംഗത്ത് സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിഞ്ഞ സിമ്മെൽവീസിന്റെ ത്യാഗോജ്വലമായ കഥയാണ് ഡോ. വൈദന്യനാഥൻ മാൻ വിത്ത് ക്ലീൻ ഹാൻഡ്സ് എന്ന രചനയിലൂടെ വരച്ചുകാട്ടുന്നത്.

കൊവിഡ് 19 നെ അപകടകാരിയാക്കുന്നത് ഈ വൈറസിന്റെ മരണാതുരതയേക്കാൾ അതിന്റെ ദ്രുതതര പകർച്ചാസാധ്യതയാണെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ടാണ് ഗ്രന്ഥകർത്താവായ ഡോ. വൈദ്യനാഥൻ ശാസ്ത്രീയമായ കൈകഴുകൽ പ്രക്രിയയുടെ പിതാവായ ഇഗ്നാസ് ഫിലിപ്പ് സിമ്മെൽവീസിന്റെ സംഭവബഹുലമായ ജീവിതഗന്ധിയായ ഈ ചരിത്രകഥ വിശ്വഭാഷയായ ഇംഗ്ലീഷൽ തന്നെ രചിക്കാൻ തീരുമാനിച്ചത്. 1818ൽ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപ്പെസ്റ്റിന്റെ ഭാഗമായ ഓഫൻ എന്ന സ്ഥലത്താണ് സിമ്മെൻവീസ് ജനിച്ചതെങ്കിലും അദ്ദേഹത്തിന്റെ കുടുംബം ജർമ്മനിയിൽ നിന്നും കുടിയേറിപ്പാർത്തവരാണ്. നാസി എന്ന ചെല്ലപ്പേരിൽ അറിയപ്പെട്ടിരുന്ന സിമ്മെൻവീസ് ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചുവളർന്നത്. മാതാപിതാക്കൾക്ക് ഉണ്ടായ എട്ട് മക്കളിൽ നാലാമനായിരുന്നു നാസി. ബുദ്ധിശക്തിയേക്കാളേറെ ചിട്ടയോടെ കഠിനാദ്ധ്വാനം ചെയ്ത് വിജയം കൈവരിക്കാനുള്ള കഴിവാണ് നാസിയെ മറ്റു കുട്ടികളിൽ നിന്ന് വിഭിന്നമാക്കിയത്. 1837ൽ പത്തൊമ്പതാമത്തെ വയസിൽ പിതാവിന്റെ ആഗ്രഹത്തിന് വഴങ്ങി അദ്ദേഹം വിയന്നാ സർവകലാശാലയിൽ ഒരു നിയമവിദ്യാർത്ഥിയായി. എന്നാൽ നിയമപഠനം തനിക്ക് വഴങ്ങില്ലെന്നും തന്റെ അഭിരുചി വൈദ്യശാസ്ത്രത്തോടാണെന്നും മനസിലാക്കിയ സിമ്മെൻവീസ് മെഡിക്കൽ വിദ്യാഭ്യാസത്തിനായി പെസ്റ്റ് സർവകലാശാലയിൽ താത്ക്കാലികമായി ചേർന്നെങ്കിലും താമസംവിനാ വിയന്നാ സർവ്വകലാശാലയിലേക്ക് തന്റെ പഠനരംഗം മാറ്റുകയുണ്ടായി.

1844 ഏപ്രിൽ മാസത്തിൽ മെഡിക്കൽ ബിരുദം നേടിയ അദ്ദേഹത്തിന് ഏറ്രവും ഇഷ്ടപ്പെട്ട വിഷയങ്ങൾ പാത്തോളജിക്കൽ അനാട്ടമിയും ജനറൽ മെഡിസിനും ആയിരുന്നു. എന്നാൽ ഇതിലേക്കുള്ള അപേക്ഷകൾ നിരാകരിക്കപ്പെട്ടതിനാൽ തന്റെ ഉപരിപഠനം പ്രസവചികിത്സാരംഗത്തേക്ക് മാറ്റാൻ അദ്ദേഹം നിർബന്ധിതനായി. പ്രസവചികിത്സാപഠനകാലത്ത് തന്നെ അദ്ദേഹത്തെ ഏറെ ആകുലപ്പെടുത്തിയ ഒന്ന് പ്രസവാനന്തരം അമ്മമാർക്കുണ്ടാകുന്ന അണുബാധയും തന്മൂലമുണ്ടാകുന്ന ക്രമാതീതമായ മരണവും ആയിരുന്നു. അമ്മമാർ അണുബാധയെ തുടർന്ന് ഈയ്യാംപാറ്റകളെപ്പോലെ മരിച്ചുവീഴുന്ന കാഴ്ച സിമ്മെൻവീസിനെ തികച്ചും അസ്വസ്ഥനാക്കി. അതിനാൽ പ്രസവാനന്തരമുള്ള അണുബാധകളുടെ കാരണം കണ്ടുപിടിക്കണമെന്നും അത് ഒഴിവാക്കി അമ്മമാരുടെ ജീവനുള്ള ഭീഷണി എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം തീരുമാനിച്ചു. ശാസ്ത്രീയമായി കൈകഴുകാതെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ പ്രസവശുശ്രൂഷ നൽകുന്നതാണ് പ്രസാവനന്തര അണുബാധയുടെ ഉറവിടം എന്നുള്ള സിമ്മെൻവീസിന്റെ കണ്ടുപിടിത്തം, വളരെ വികാരനിർഭരമായി സാഹിത്യത്തിന്റെ മേമ്പൊടി ചേർത്ത് ഗ്രന്ഥകാരൻ സവിസ്തരം അനുവാചകന് പകർന്നുനൽകുന്നു. ക്ലോറിൻ അടങ്ങിയ അണുനാശിനികൾ ഉപയോഗിച്ച് കൈകഴുകിയതിനുശേഷം പ്രസവശുശ്രൂഷ നൽകുന്നതുവഴി പ്രസവാനന്തര മരണനിരക്ക് ഫലവത്തായി കുറയ്ക്കുവാൻ കഴിയുമെന്ന് ശാസ്ത്രീയമായ സ്ഥിതിവിവരക്കണക്കുകളുടെ പിൻബലത്തോടുകൂടി തന്നെ അദ്ദേഹത്തിന് തെളിയിക്കുവാൻ കഴിഞ്ഞുവെങ്കിലും ഈ ചരിത്രനേട്ടം ആഗോളവ്യാപകമായി അംഗീകരിക്കപ്പെട്ടത് അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ്. അമ്മമാരുടെ രക്ഷകൻ എന്ന മരണാനന്തര ബഹുമതി നേടിയ സിമ്മെൽവീസിന്റെ ജീവിതസത്യത്തെ വിളിച്ചോതുന്ന ഒരു ആധികാരിക ഗ്രന്ഥമാണ് ' ദി മാൻ വിത്ത് ക്ലീൻ ഹാൻഡ്സ്' എന്നത് ആദ്യന്തം ശ്ലാഘനീയമാണ്.

(കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയശസ്ത്രക്രിയാവിഭാഗം മുൻമേധാവി)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BOOK REVIEW, WEEKEND
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.