തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റി. മെഡിക്കൽ കോളേജിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിശോധിക്കും. ശിവശങ്കറിനെ ആംബുലൻസിലേക്ക് പ്രവേശിപ്പിക്കുന്നതിനിടെ ആശുപത്രി ജീവനക്കാരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. സംഘർഷത്തിൽ ഒരു മാദ്ധ്യമപ്രവർത്തകന് പരിക്കേറ്റു. ആശുപത്രിയിൽ നിന്ന് മാറ്റണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
ആശുപത്രി മാറ്റത്തിന് ആംബുലൻസ് അടക്കമുളള സൗകര്യങ്ങൾ കരമനയിലെ സ്വകാര്യ ആശുപത്രിയുടെ പരിസരത്ത് നേരത്തെ തന്നെ ഒരുക്കിയിരുന്നു. രാവിലെ ആൻജിയോഗ്രാം പൂർത്തിയാക്കിയ ശിവശങ്കറിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ ബുളളറ്റിനിൽ ആശുപത്രി അധികൃതർ അറിയിച്ചത്. എന്നാൽ നട്ടെല്ലിന് വേദനയുണ്ടെന്ന് ശിവശങ്കർ പറയുന്നുണ്ട്. ഇതിൽ വിദഗ്ദ്ധ പരിശോധന വേണമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ശിവശങ്കറിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടത്.