SignIn
Kerala Kaumudi Online
Thursday, 03 December 2020 11.21 PM IST

വിമർശനങ്ങൾ ഒന്നും എന്നെ ബാധിക്കില്ല, വിക്ക്നെസ് ഒരുപാടുള്ളതുകൊണ്ടുതന്നെ ചില കാര്യങ്ങൾക്ക് സമയവും കാശും ഒരുപാട് മുടക്കാറുണ്ട്: മറുപടിയുമായി വിജയ് യേശുദാസ്

vijay-yesudas

ദിവസങ്ങൾക്ക് മുമ്പാണ് ഇനി താൻ മലയാള സിനിമയിൽ പാടില്ലെന്ന് ഗായകനും നടനുമായ വിജയ് യേശുദാസ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ ചില വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ വിമർശനങ്ങൾ ഒന്നും തന്നെ ബാധിക്കില്ല എന്ന് കേരള കൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് വിജയ്.

ആദ്യ ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയത് രണ്ടായിരത്തിലാണ്. ഇരുപത് വർഷം പിന്നോട്ട് നോക്കുമ്പോൾ എന്തുതോന്നുന്നു? എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായി ജീവിതത്തിൽ?

കുറേ കാര്യങ്ങൾ പഠിക്കാൻ പറ്റി. പിന്നെ വലിയ മാറ്റമില്ലാത്തത്, ഇപ്പോഴും അപ്പോഴും ഞാൻ ജീവിതത്തെ കണ്ടുകൊണ്ടിരിക്കുന്നത് ഒരേ പോലെയാണ്. അന്നും ഇന്നും പാട്ടിന്റെ കാര്യത്തിൽ കൂടുതൽ ടെൻഷൻ എടുക്കാത്ത ആളാണ്. എന്റേതായിട്ടുള്ള ഒരു രീതിയിൽ പോകാനാണ് ഇഷ്ടം. ഞാൻ പാട്ട് പഠിച്ചിട്ടുണ്ട്, ആവശ്യത്തിന് പ്രാക്ടീസ് ചെയ്യാറുണ്ട്, എല്ലാം എന്റേതായിട്ടുള്ളൊരു ലിമിറ്റിൽ.ഞാൻ ഒന്നും കൂടുതൽ പ്രതീക്ഷിക്കാറില്ല. പാട്ടുകൾ വന്നുപോകുന്നുണ്ട്. ചിലത് വിജയിക്കുന്നു. ആദ്യത്തെ അഞ്ചാറ് വർഷങ്ങളിൽ വർക്ക് കുറവായിരുന്നെങ്കിലും, പരിപാടികളിലൂടെയൊക്കെ വളർന്നു വന്നു. മലയാളത്തിൽ ഏഴ് വർഷം കഴിഞ്ഞിട്ടാണ് 'കോലക്കുഴൽ' വഴി നല്ലൊരു ബ്രേക്ക് കിട്ടുന്നത്. ആ ഗാനത്തിന് മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടി. അതിന് മുമ്പ് ഒരു അവാർഡ് പോലും കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു.

ഗാനഗന്ധർവന്റെ മകനാണ് പാടാൻ പോകുന്നത്. സ്വാഭാവികമായും സംഗീതാസ്വാദകർക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകും. അതിനൊത്ത് പെർഫോം ചെയ്യാൻ സാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നോ തുടക്കത്തിൽ?

ആ ഒരു പ്രതീക്ഷയ്ക്കൊപ്പമെത്താൻ ഞാൻ ക്ഷമയോടുകൂടി പരിശ്രമിക്കേണ്ട ആവശ്യമുണ്ടായിരുന്നു. നമ്മുടെ വളർച്ചയ്ക്ക് അതിന്റേതായ സമയമുണ്ടാകും.അപ്പ എപ്പോഴും പറയുന്ന ഒരു കാര്യമാണത്. നമുക്കായിട്ട് ഒരു സമയമുണ്ടാകും, നമ്മുടെ കയ്യിലിരിക്കുന്ന ക്രാഫ്റ്റിനെ അന്വേഷിച്ച് ആളുകൾ വരുമെന്ന് പറയും. അതിൽ പൂർണമായി വിശ്വസിക്കാൻ സമയമെടുത്തു.

പാട്ടും സിനിമയുമല്ലാതെ ഇപ്പോൾ ബിസിനസ് രംഗത്തേക്ക് കൂടി ചുവടുവച്ചിരിക്കുകയാണ്. എന്താണ് സലൂൺ എന്ന ആശയത്തിലേക്ക് നയിച്ചത്?

പുതിയൊരു തുടക്കം. കുറേക്കാലം ഒരു രംഗത്ത് മാത്രം ഇരുന്നിട്ട് പ്രത്യേകിച്ച് വലിയ ഗുണമൊന്നുമില്ല, ഇരുപത് വർഷം പാടി എന്നുള്ളതല്ലാതെ. ഗായകനായിട്ട് ഇത്രമാത്രം പൈസയൊക്കെയേ ഉണ്ടാക്കാനാകൂവെന്നതിന്റെ തെളിവാണ് ഞാൻ. അതൊരു തെറ്റായിട്ട് പറയുകയല്ല, റിയാലിറ്റി അതാണ്. അത് മാത്രം പോര എന്ന ചിന്ത കുറേനാളായിട്ട് മനസിലുണ്ടായിരുന്നു.സലൂൺ എന്ന ആശയം വന്നത് ഒരു സുഹൃത്ത് വഴിയാണ്. എന്റെയടുത്ത് ഇങ്ങനെയൊരു ഐഡിയ പറഞ്ഞപ്പോൾ പോയി അന്വേഷിച്ചു. ഇന്റീരിയൽസ്, ആംബിയൻസ് എല്ലാം വ്യത്യസ്തമായ ഒരു കോൺസപ്റ്റിലാണ്. അമേരിക്കയിലൊക്കെ പോകുമ്പോൾ താടിയൊക്കെ ട്രിം ചെയ്യാൻ പ്രോപ്പറായിട്ടുള്ള ബാർബർ ഷോപ്പിലൊക്കെയാണ് പോകാറ്. കൊച്ചിയിൽ ആദ്യമായി അങ്ങനെയൊരു ഷോപ്പ് തുടങ്ങാൻ പറ്റുമെന്ന ഐഡിയ വന്നപ്പോൾ ഞാൻ അതിൽ പിടിച്ചു. ഞങ്ങൾ മൂന്ന് പേരാണ് ബിസിനസ് പാർട്‌നേഴ്സ്.

'ചോപ്ഷോപ്പ്' എന്ന് പറയുന്നത് ഒരു യു.എസ് ബേസ്ഡ് ബ്രാന്റാണ്. ഇതിന്റെ ഉടമസ്ഥർ ഫോറിനേഴ്സാണ്.ഒരു കനേഡിയനാണ് മെയിൻ ഓണർ.അവർക്ക് ഇന്ത്യയിൽ ഇതുവരെ ആകെ ഒരു സ്‌റ്റോറേയുള്ളു. അത് ഗോവയിലാണ്. ഇപ്പോൾ കൊച്ചിയിൽ വരുന്നത് ഇന്ത്യയിലെ രണ്ടാമത്തെ സ്‌റ്റോറാണ്. പുരുഷന്മാർക്ക് മാത്രമേയുള്ളു സർവീസ്. എറണാകുളത്തേക്ക് ഏറ്റവും റേറ്റ് കൂടിയ ഒരു സലൂൺ ആയിരിക്കാം ഇത്. സ്റ്റാഫുകളെല്ലാം സർട്ടിഫൈഡ് ആണ്.പ്രൊഡക്ട്സിന്റെ ക്വാളിറ്റിയിലോ, സർവീസിന്റെ ക്വാളിറ്റിയിലോ ഒരു കോംപ്രമൈസുമില്ല. ഹൈജീനിന്റെ കാര്യം പ്രത്യേകിച്ച് എടുത്ത് പറയേണ്ട കാര്യമില്ല. അതിനൊന്നും വേറെ ചാർജുകളൊന്നും ഈടാക്കുന്നില്ല. പിന്നെ മറ്റൊരു പ്രത്യേകത ഇതിന്റെ ഇന്റീരിയൽസാണ്. മലയാളികൾക്ക് മൊത്തത്തിലൊരു പുതിയ അനുഭവമായിരിക്കും.

ഏതൊക്കെയാണ് പുതിയ പ്രൊജക്ട്സ്?

സലൂണിലേക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇപ്പോൾ വേറെ വർക്കൊന്നും നടക്കുന്നില്ല. കുറച്ച് റെക്കോർഡിംഗും, പിന്നെ ഓൺലൈൻ സോംഗ് ഷൂട്ടൊക്കെ നടന്നതുകൊണ്ട് തട്ടിയും മുട്ടിയുമൊക്കെ പോകുന്നു. സാധാരണയായി പെർഫോം ചെയ്യുന്ന ബഡ്ജറ്റിന്റെ 60 ശതമാനത്തോളം കുറവിലൊക്കെയാണ് ചെയ്തുകൊടുത്തത്. വിളിക്കുന്നവർക്ക് മനസിലാകുന്നില്ലല്ലോ ഓൺലൈനായാലും ഈ തൊണ്ട കൊണ്ടാണ് പാടുന്നതെന്ന്.പക്ഷേ എന്നാലും ഈ ഒരു സമയത്ത് അവർക്കും, നമുക്കും ഇതൊരു ഹെൽപ്പാണ്. ഇതിനെക്കാളും കഷ്ടപ്പെടുന്ന സംഗീത രംഗത്തെ കുറേ കലാകാരന്മാരുണ്ട്. അവർക്ക് വേണ്ടിയാണ് 'സമം' ഫണ്ട് റെയിസിംഗൊക്കെ ചെയ്തത്.

കൊവിഡ് ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ എന്തൊക്കെയാണ്?

പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഇല്ല.കുറച്ചുകൂടി കുറഞ്ഞ ബഡ്ജറ്റിൽ ജീവിക്കാൻ പഠിച്ചു അത്രയേയുള്ളു. കുറഞ്ഞ ബഡ്ജറ്റിൽ ജീവിയ്ക്കാൻ അറിയാമായിരുന്നു, എന്നാൽ ഇത്രയും പറ്റുമെന്ന് ഇപ്പോഴാണ് മനസിലായത്.

വീണ്ടും നായകനായി എത്തുകയാണ്, അതും ഒരു ബഹുഭാഷ 3ഡി ചിത്രത്തിൽ. എന്തൊക്കെയാണ് സിനിമയുടെ വിശേഷങ്ങൾ?

സാൽമൺ നല്ലൊരു കോൺസപ്റ്റിലുള്ള പടമാണ്. ത്രില്ലർ,ഹോറർ ത്രീഡി ഫിലിം. എന്റർടെയിനിംഗ് അയ ഒരു സബ്ജക്റ്റാണ്. നായകനും ഫ്രണ്ട്സും, അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളെ ചുറ്റിപറ്റിയാണ് സിനിമ. ഒരു അമ്പത് ശതമാനം ഷൂട്ട് ചെയ്ത് കഴിഞ്ഞു. പാട്ടിന്റെ ഷൂട്ടൊക്കെ ഉണ്ട്. അത് ഇനിയുള്ള പെർമിഷനും കാര്യങ്ങളും പോലെയിരിക്കും, അതിന് കാത്തിരിക്കുകയാണ്.

മലയാളത്തിൽ വിസ്മയിപ്പിച്ച താരം ആരാണ്?

ഞാൻ പണ്ടുതൊട്ടേ ഒരു ലാലേട്ടൻ ഫാനാണ്. എന്റെ വീട്ടിൽ ഞാൻ ലാലേട്ടൻ ഫാനും, എന്റെ ചേട്ടൻ മമ്മൂക്ക ഫാനുമായിരുന്നു. തമിഴിൽ ഞാൻ രജനി ഫാനും അനിയൻ കമൽ ഫാനുമായിരുന്നു. പക്ഷേ അഭിനയത്തിലേക്ക് വന്നതിന് ശേഷം ഭയങ്കരമായി ആരാധിക്കുന്നൊരാൾ എന്നു പറയുന്നത് മമ്മൂക്കയാണ്. ഡ്രസിംഗിലുൾപ്പെടെ എല്ലാറ്റിലുമുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ, ഞാൻ ഫോളോ ചെയ്യുന്ന ഒരു കാര്യമാണത്.ചില കഥാപാത്രങ്ങൾ മമ്മൂക്ക മാത്രം ചെയ്താലേ ശരിയാകുകയുള്ളു, ചിലത് ലാലേട്ടന് മാത്രമേ ചെയ്യാൻ സാധിക്കൂകയുള്ളു. ഈ ജനറേഷനിൽ രണ്ടുപേരെ പറയുകയാണെങ്കിൽ അത് ഫഹദ് ഫാസിലും പാർവതിയുമായിരിക്കും.കഥാപാത്രമാകാനുള്ള അവരുടെ കഴിവ് ഭയങ്കരമായി ഇഷ്ടപ്പെട്ടു.

എന്തൊക്കെയാണ് വിജയ് എന്ന കലാകാരന്റെ ബലവും, ബലഹീനതയും?

വീക്ക്‌നെസ് എന്ന് പറയാൻ കുറേ കാര്യങ്ങളുണ്ട്. ഞാൻ ഭയങ്കരമായി സ്‌പോർട്സ് ഇഷ്ടപ്പെടുന്ന ആളാണ്. അതിന് വേണ്ടി കുറേ സമയവും, പൈസയും കളയാറുണ്ട്. ബാഡ്മിന്റണാണെങ്കിലും ക്രിക്കറ്റാണെങ്കിലും കളിക്കാനായിട്ട് ഒരുപാട് കാശ് മുടക്കാറുണ്ട്.പിന്നെ വീക്ക്‌നെസ് എന്നു പറയുന്നത് എനിക്ക് ട്രാവൽ ഭയങ്കര ഇഷ്ടമാണ്. പോകുന്ന ഓരോ സ്ഥലത്തും ഫ്രണ്ട്സ് ഉണ്ടാകും. അവരുമായി കൂടുന്നതൊക്കെ ഇഷ്ടമുള്ള കാര്യമാണ്.അത് ചില സമയങ്ങളിൽ പ്രശ്നങ്ങളിൽ കൊണ്ടാക്കുകയും ചെയ്യും. എന്റെ സ്‌ട്രെംഗ്ത്ത് എന്നെ നന്നായി അറിയുന്നവർക്ക് അറിയാം. വിമർശനങ്ങൾ എന്നെ ബാധിക്കാറില്ല


അപ്പയുടെ മകനായി ജനിച്ചതാണ് ഏറ്റവും വലിയ ഭാഗ്യമെന്ന് പല അഭിമുഖങ്ങളിലും താങ്കൾ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. എന്തൊക്കെയാണ് അപ്പയിൽ കണ്ട പ്രത്യേകതകളും, അദ്ദേഹത്തിൽ നിന്ന് പഠിച്ച പാഠങ്ങളും?

കുറേയുണ്ട്. പക്ഷേ അതൊന്നും പഠിക്കാൻ പറ്റില്ല. അതൊക്കെ പഠിക്കണമെങ്കിൽ വേറെ ജന്മം ജനിക്കണം. അപ്പ ജനിച്ചതും വളർന്നതുമായ സാഹചര്യവും, ഞാൻ ജനിച്ച 1980കളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. നമുക്ക് അദ്ദേഹത്തിൽ നിന്ന് പലതും കണ്ട് മനസിലാക്കാം, പക്ഷേ പഠിക്കാൻ പറ്റില്ല. നമ്മൾ നമ്മുടേതായ രീതിയിൽ പോകുകയാണെങ്കിൽ നമുക്കായൊരു വഴിയുണ്ടാകും. ഞാൻ അത് മാത്രമേ ഫോളോ ചെയ്തിട്ടുള്ളു.

അപ്പയ്‌ക്കൊപ്പമുള്ള മറക്കാനാകാത്ത ഏതെങ്കിലും ഒരു അനുഭവം പറയാമോ?

ഏറ്റവും കൂടുതൽ മറക്കാൻ പറ്റാത്തത് എന്നു പറയുമ്പോൾ സ്‌റ്റേജുകളിൽ അദ്ദേഹത്തിനൊപ്പം പെർഫോം ചെയ്യുന്നതാണ്.

ജീവിതത്തിൽ എന്തെങ്കിലും ഒരു കാര്യം ചെയ്യരുതെന്ന് അപ്പ പറഞ്ഞിട്ടുണ്ടോ?

അഭിനയത്തിലേക്ക് പോകണ്ട, അത് പാട്ടിനെ ബാധിക്കുമെന്ന് പറഞ്ഞിരുന്നു. ആദ്യമൊക്കെ കേട്ടു. പാട്ടിലൊന്ന് പച്ചപിടിച്ച ശേഷമാണ് മാരിയുടെ ഓഫർ വരുന്നത്. അഭിനയിക്കണമെന്ന ആഗ്രഹം ആദ്യമേ ഉള്ളതുകൊണ്ട് അത് ചെയ്തു.

വിജയ് എന്ന അച്ഛൻ എങ്ങനെയാണ്?

മക്കളുടെ കൂടെ സമയം ചിലവഴിക്കാൻ ശ്രമിക്കാറുണ്ട്. എനിക്കും എന്റെ അപ്പനെപ്പോലെതന്നെ ഇടയ്‌ക്ക് കുറച്ചൊക്കെ ദേഷ്യം വരും. എന്നാലും ഉടനെ കൂളാവാൻ ശ്രമിക്കും. പക്ഷേ എന്റെ മോന് അത് മനസിലാകില്ല, അവന് അഞ്ച് വയസേയുള്ളു.മാക്സിമം ഫ്രണ്ട്‌ലി രീതിയിൽ പെരുമാറാൻ ശ്രമിക്കാറുണ്ട്. മോൾക്ക് പതിനൊന്ന് വയസായി അവൾക്കിപ്പോൾ അവളുടേതായ സമയം വേണം. ലോക്ക്ഡൗണിലാണ് കൂടുതൽ സമയം കിട്ടിയത്. പക്ഷേ കൂടുതൽ സമയം അടുത്ത് കിട്ടിയപ്പോൾ അവർക്ക് നമ്മൾ ശല്യമായി മാറി. ഞാൻ എവിടെയെങ്കിലും പോയി വരുമ്പോൾ വലിയ സ്‌നേഹമാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VIJAY YESUDAS, INTERVIEW, MALAYALAM MOVIE, SONG
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.