1. ലൈഫ് മിഷന്‍ ക്രമക്കേടില്‍ സര്‍ക്കാരിന് എതിരായ അന്വേഷണം സ്റ്റേ ചെയ്ത നടപടിയില്‍ വേഗം വാദം കേള്‍ക്കണമെന്ന സി.ബി.ഐ ആവശ്യം തള്ളി ഹൈക്കോടതി. എതിര്‍ സത്യവാങ്മൂലം എവിടെ എന്ന് കോടതിയുടെ ചോദ്യം. എന്നാല്‍ എതിര്‍ സത്യവാങ്മൂലം തയ്യാറായിട്ടില്ല എന്ന് ആയിരുന്നു സി.ബി.ഐ അഭിഭാഷകന്റെ മറുപടി. വകുപ്പ്തല കാര്യം ആയതിനാല്‍ ആണ് കാലതാമസം എന്നും സിബിഐ വിശദീകരിച്ചു. എന്നാല്‍ പിന്നെ എന്തിനാണ് വേഗത്തില്‍ ഹര്‍ജി പരിഗണിക്കാന്‍ അപേക്ഷ നല്‍കിയത് എന്നായിരുന്നു കോടതിയുടെ ചോദ്യം. അന്വേഷണത്തിനുള്ള സ്റ്റേയും നീക്കണം എന്ന സിബിഐയുടെ ആവശ്യവും കോടതി ഇന്ന് പരിഗണിച്ചില്ല.
2. അതേസമയം എതിര്‍ സത്യവങ്മൂലം നല്‍കി പുതിയ ഹര്‍ജി നല്‍കാം എന്ന് കോടതി. അതിനു ശേഷം കേസ് എപ്പോള്‍ പരിഗണിക്കണം എന്ന് തീരുമാനിക്കാം. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഓണ്‍ലൈന്‍ വഴിയാണ് കോടതി വാദം കേട്ടത് . സര്‍ക്കാരിനെ താറടിച്ചു കാണിക്കാന്‍ ആണ് സി ബി ഐ ശ്രമം എന്ന് ലൈഫ് മിഷന്‍ കോടതിയില്‍ പറഞ്ഞു. മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ ആണ് സി.ബി.ഐ ഹര്‍ജിയുമായി കോടതിയില്‍ എത്തിയതെന്നും ലൈഫ് മിഷന്‍ നിലപാട് എടുത്തു. സിബി.ഐക്ക് വാര്‍ത്തകളില്‍ ഇടം നേടാനും പബ്ലിസിറ്റിക്കും ആണ് താല്‍പര്യമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി
2. സ്വര്‍ണ്ണ കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവര്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്രേ്ടറ്റിന് നല്‍കിയ മൊഴി പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബാംഗങ്ങളുമായോ അടുപ്പം ഉണ്ടായിരുന്നില്ല എന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയും ആയി സംസാരിച്ചിട്ടുള്ളത് ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രം. കേരള സന്ദര്‍ശനത്തിന് ആയി ഷാര്‍ജാ ഭരണാധികാരി വന്നപ്പോള്‍ അവരുടെ ആചാര പ്രകാരം സ്വീകരിക്കുന്നത് എങ്ങനെ എന്ന് ഭാര്യക്ക് പറഞ്ഞു കൊടുക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ട് ഇരുന്നു. അച്ഛന്‍ മരിച്ചപ്പോള്‍ മുഖ്യമന്ത്രി വിളിച്ചിരുന്നു. എം ശിവശങ്കറിന്റെ ഫോണില്‍ വിളിച്ചാണ് അനുശോചനം അറിയിച്ചതെന്നും സ്വപ്ന സുരേഷ് ഇ.ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്
3. കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരും മകനും രണ്ടു തവണയില്‍ അധികം കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്ന് സ്വപ്ന. കോണ്‍സല്‍ ജനറലുമായി അടച്ചിട്ട മുറിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മതപരമായ ഒത്തു ചേരലുകള്‍ക്ക് ധനസഹായവും യു.എ.ഇ സര്‍ക്കാരിന്റെ പിന്തുണയും ഇവര്‍ തേടിയെന്നാണ് വിവരം, പിന്നീട് ഇവര്‍ക്ക് എന്തെങ്കിലും സാമ്പത്തിക സഹായം കിട്ടിയോയെന്ന് അറിയില്ലെന്നും സ്വപ്ന
4. മന്ത്രിമാരായ കെ.ടി ജലീലും കടകംപളളി സുരേന്ദ്രനും പലവട്ടം കോണ്‍സുലേറ്റില്‍ വന്നിരുന്നതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്ത് എന്‍ഫോഴ്സ്‌മെന്റിന് നല്‍കിയ മൊഴി പുറത്ത്. മകന്റെ ജോലിക്കാര്യം ശരിയാക്കാനാണ് കടകംപളളി സുരേന്ദ്രന്‍ വന്നിരുന്നത്. സ്വപ്നയ്ക്ക് കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചത് ശിവശങ്കറിന്റെ ശുപാര്‍ശയിലാണെന്നും കളളക്കടത്തിനെ കുറിച്ച് കോണ്‍സുലിന് അറിവ് ഉണ്ടായിരുന്നില്ല എന്നുമുളള നിര്‍ണായക മൊഴിയാണ് സരിത്ത് നല്‍കി ഇരിക്കുന്നത്
5. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന് കാഹളം ഉയരുന്നു. ഡിസംബര്‍ 11നകം പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്ന തരത്തിലായിരിക്കും തിരഞ്ഞെടുപ്പ്. നവംബര്‍ പത്തിനകം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും എന്നാണ് കമ്മിഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രണ്ട് ഘട്ടം ആയിട്ട് ആയിരിക്കും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പതിനൊന്നിനകം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണ സമിതി അധികാരത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആണ് തിരഞ്ഞെടുപ്പ് നീണ്ടത്. ഭരണഘടന പ്രതിസന്ധി ഉണ്ടാകാത്ത തരത്തില്‍ ഡിസംബര്‍ 11നകം തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷന്‍ തീരുമാനിച്ച് ഇരിക്കുന്നത്.
6. ഡിസംബര്‍ ആദ്യ ആഴ്ചയില്‍ പോളിംഗ് നടത്തുന്ന രീതിയിലായിരിക്കും നടപടി ക്രമങ്ങള്‍. രാഷ്ട്രീയ പാര്‍ട്ടികളുമായും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായും കമ്മിഷന്‍ ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഏഴ് ജില്ലകളില്‍ ഒരു തീയതിയിലും അടുത്ത ഏഴ് ജില്ലകളില്‍ മറ്റൊരു തീയതിയിലും ആയിട്ടാണ് തിരഞ്ഞെടുപ്പ് നടത്താന്‍ നീക്കം നടത്തുന്നത്. ഈ മാസം അവസാനത്തോടെ തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരുടെ സംവരണത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടാകും. അതുകഴിഞ്ഞ് വോട്ടര്‍പട്ടിക പുതുക്കാനുളള അവസരം ഒരുവട്ടം കൂടി നല്‍കും. ശേഷമായിരിക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാവുക
7. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിറുത്തിവച്ചു. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും ക്വാറന്റീനില്‍ പോകേണ്ടി വരും. ക്വീന്‍ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുക ആയിരുന്നു. സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്
8. കളമശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി ജീവനക്കാരുടെ അനാസ്ഥ മൂലം മരിച്ചെന്ന പരാതി കളമശ്ശേരി സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. ഇന്നു തന്നെ യോഗം ചേര്‍ന്ന് അന്വേഷണം എങ്ങനെ നടത്തണം എന്ന് തീരുമാനിക്കും. പ്രാഥമിക അന്വേഷണം തുടങ്ങിയതായി കളമശ്ശേരി സി.ഐ പറഞ്ഞു. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി. ആരോഗ്യ മന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ റംല ബീവി ആണ് അന്വേഷണം നടത്തുന്നത്.
9. ചികിത്സയില്‍ ഒരു വീഴ്ചയും വന്നിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജിന്റെ വിശദീകരണം. ഹാരിസ് മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതിനാല്‍ ആണെന്നുള്ള നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം സത്യവിരുദ്ധം ആണെന്നും കളമശ്ശേരി മെഡിക്കല്‍ കേളേജ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഹാരിസ് മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറി കിടന്നതിനാല്‍ ആണെന്നുള്ള നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ലെന്ന് വനിതാ ഡോക്ടര്‍. ഇക്കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇരുന്നെന്നും സത്യംപറഞ്ഞ നഴ്സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തത് നീതികേടെന്നും ഡോക്ടര്‍ നജ്മ പറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |