SignIn
Kerala Kaumudi Online
Tuesday, 24 November 2020 7.19 AM IST

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്...​ ട്രംപ് നിക്കണോ പോകണോ

trump

രണത്തിലെ പരമ്പരാഗത രീതികളൊക്കെ വിചിത്രമായി മാറ്റിയ ഡൊണാൾഡ് ട്രംപിന്റെ ശൈലിയുടെയും ഭരണത്തിന്റെയും ഹിതപരിശോധനയാണ് നവംബർ മൂന്നിനു നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. കാര്യമായ രാഷ്‌ട്രീയ അനുഭവജ്ഞാനമൊന്നും ഇല്ലാത്ത കോടീശ്വരനായ ഒരു കച്ചവടക്കാരന് ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തെ ഒരിക്കൽക്കൂടി ഭരിക്കാൻ കഴിയുമോ എന്ന പരിശോധന കൂടിയാണ് ഈ ഇലക്‌ഷൻ.

2016ൽ മത്സരിക്കുമ്പോൾ ഈ ഗുണങ്ങൾ മാത്രം കൈമുതലായിരുന്ന ട്രംപിന് അനുകൂലമായി വർത്തിച്ച ജനവികാരം ഇപ്പോഴുമുണ്ടോ എന്നാണ് അറിയേണ്ടത്. നാലു വർഷം മുമ്പ് ട്രംപിന്റെ വിജയം അപ്രതീക്ഷിതമായിരുന്നു. ജനപ്രീതിയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഹിലാരി ക്ലിന്റണേക്കാൾ വളരെ പിന്നിലായിരുന്നു ട്രംപ്. അദ്ദേഹം അധികാരമേൽക്കുമ്പോൾ അമേരിക്കയിൽ വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു.

കിറുക്കും

കരുത്തും

നാലു വർഷത്തെ ഭരണകാലത്ത് ട്രംപിന്റെ ആഭ്യന്തര നയങ്ങൾ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി. കറുത്ത വർഗ്ഗക്കാർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ അമേരിക്കയിൽ ഇത്രയേറെ അരക്ഷിതത്വം അനുഭവിച്ച മറ്റൊരു കാലം സമീപ ചരിത്രത്തിൽ ഇല്ല. എങ്കിലും ട്രംപിന്റെ കിറുക്കൻ ഭരണത്തിന്റെ ആദ്യ കാലത്ത് നേട്ടങ്ങളുണ്ടായി. സാമ്പത്തിക വളർച്ചയുണ്ടായി. തൊഴിലില്ലായ്മ കുറഞ്ഞു. കുടിയേറ്റത്തിന് കടിഞ്ഞാണിട്ടു.

വിദേശനയത്തിലും പഴയ ലോക പൊലീസിന് കിറുക്കുപിടിച്ചതു പോലുള്ള ചില നടപടികൾ ട്രംപ് കൈക്കൊണ്ടു. വിദേശ നയത്തിൽ ഏറ്റവും നാണക്കേടുണ്ടാക്കിയത് അധികാരത്തിലേറാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ്. അത് ഇംപീച്ച്മെന്റിന്റെ വക്കിൽ വരെ എത്തിച്ചു. ചൈനയുമായി സൗഹൃദത്തിലായിരുന്നു തുടക്കമെങ്കിലും അതിപ്പോൾ വ്യാപാരയുദ്ധത്തിൽ എത്തിനിൽക്കുകയാണ്. കൊവിഡ് വൈറസിന്റെ പേരിലും ട്രംപ് ചൈനയുമായി കൊമ്പു കോർത്തു.

ശത്രുവിനു

വച്ച കെണി

വിദേശനയത്തിൽ ട്രംപിന്റെ ഏറ്റവും നാടകീയമായ നീക്കം നിത്യശത്രുവായിരുന്ന ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ സൗഹൃദത്തിൽ കുടുക്കിയതാണ്. ഉത്തരകൊറിയയിൽ കാലുകുത്തിയ ആദ്യ അമേരിക്കൻ പ്രസിഡന്റായി ട്രംപ്. ഈ അവസരം നന്നായി മുതലെടുത്ത കിം മേഖലയിലെ സ്വന്തം സ്ഥാനം കൂടുതൽ ശക്തമാക്കി.

ബ്രിട്ടന്റെ ബ്രെക്സിറ്റിനെ പ്രോത്സാഹിപ്പിച്ച് യൂറോപ്യൻ യൂണിയന്റെ രോഷം ഏറ്റുവാങ്ങിയ ട്രംപ് നാറ്റോ സഖ്യകക്ഷികളെ ചൊടിപ്പിച്ചു. മുൻ പ്രസിഡന്റ് ഓബാമയുടെ പല പരിഷ്കാരങ്ങളും എടുത്തുകളഞ്ഞു. പല അന്താരാഷ്ട്ര കരാറുകളിൽ നിന്ന് പിന്മാറുകയും ചെയ്‌തു. ഇറാനുമായും ഇറാക്കുമായും യുദ്ധത്തിന്റെ വക്കിൽ വരെയെത്തി. ട്രംപിന്റെ ഏറ്റവും വലിയ നയതന്ത്ര വിജയം പശ്ചിമേഷ്യയിലായിരുന്നു.സൗദി അറേബ്യയുടെ പിന്തുണയോടെ യു. എ. ഇയും ബഹ്റൈനും ഇസ്രയേലിനെ അംഗീകരിച്ചതാണ് ആ നേട്ടം.

വെൽക്കം

കൊവിഡ്

ട്രംപിന്റെ പല നേട്ടങ്ങളെയും നിഷ്‌പ്രഭമാക്കുന്നതായിരുന്നു കൊവിഡിന്റെ വിളയാട്ടം. അശാസ്‌ത്രീയമായും വിവേകരഹിതമായുമാണ് ട്രംപ് കൊവിഡിനെ നേരിട്ടത്. ജനങ്ങൾക്കു മാതൃകയാകേണ്ട പ്രസിഡന്റ് മാസ്‌ക് ധരിക്കാതിരുന്നത് ഉൾപ്പെടെ അബദ്ധങ്ങൾ കാട്ടിക്കൂട്ടി. ശാസ്‌ത്രീയമായ ഉപദേശങ്ങൾ പാലിച്ചിരുന്നെങ്കിൽ ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാമായിരുന്നു. നേരത്തേ കൈവരിച്ച സാമ്പത്തിക പുരോഗതി കൊവിഡ് തകർത്തു. അതിനൊപ്പം വംശീയ സംഘർഷം കൂടി ആയപ്പോൾ ട്രംപിന്റെ ജനപിന്തുണ വലിയതോതിൽ നഷ്ടമായി. പ്രചാരണത്തിന് മാസ്‌ക് ധരിക്കാതെ എത്തിയ ട്രംപ് രൂക്ഷമായ വിമർശനങ്ങൾ ഏറ്റുവാങ്ങി.

കാറ്റാകുമോ

കമല?

നിലവിൽ ജനപിന്തുണയിൽ ട്രംപ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡനേക്കാൾ പത്ത് പോയിന്റ് പിന്നിലാണെന്ന് അഭിപ്രായ സർവേകൾ പറയുന്നു. ബൈഡൻ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമല ഹാരിസിനെ തിരഞ്ഞെടുത്തതും ട്രംപിന് തിരിച്ചടിയായി. കമല ഹാരിസിന്റെ വരവ് ഇന്ത്യൻ വംശജരെ ആവേശം കൊള്ളിക്കുന്നുണ്ട്. എന്നാൽ ഇന്ത്യൻ അമേരിക്കൻ എന്നതിനേക്കാൾ കറുത്ത അമേരിക്കക്കാരി എന്ന നിലയിലാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്.എന്തായാലും ബൈഡനും കമലയും ഇന്ത്യൻ വംശജരുമായി നല്ല ബന്ധം പുലർത്താൻ പരമാവധി ശ്രമിക്കുന്നുണ്ട്. ബൈഡൻ ജയിച്ചാൽ ഇന്ത്യ - യു. എസ് ബന്ധത്തിൽ കമല ഹാരീസ് സുപ്രധാന പങ്ക് വഹിക്കാനാണ് സാദ്ധ്യത.

മൈ ഫ്രണ്ട്

മോദി

പ്രധാനമന്ത്രി മോദിയുമായുള്ള നല്ല ബന്ധം ട്രംപിന് ഇന്ത്യൻ വംശജരുടെ പിന്തുണ നേടിക്കൊടുക്കുമെന്ന് പൊതുവേ ഒരു ധാരണയുണ്ട്. അത് മിഥ്യയാണെന്നാണ് വാൾസ്‌ട്രീറ്റ് ജേർണൽ അടുത്തിടെ വിലയിരുത്തിയത്. തനിക്ക് പ്രയോജനപ്പെടില്ലെന്നു തോന്നിയാൽ മോദിയോടുള്ള ട്രംപിന്റെ സൗഹൃദം ഒരു ട്വീറ്റിൽ ഇല്ലാതാകാവുന്നതേയുള്ളൂ. പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ അമേരിക്കൻ വോട്ടർമാരിൽ 22 ശതമാനം മാത്രമെ ട്രംപിന് വോട്ട് ചെയ്യാൻ സാദ്ധ്യതയുള്ളൂ. 72 ശതമാനം ഇന്ത്യക്കാരും ജോ ബൈഡനായിരിക്കും വോട്ട് ചെയ്യുക. പ്രസിഡന്റ് എന്ന നിലയിൽ ട്രംപിന്റെ പ്രകടനത്തെ 70 ശതമാനം ഇന്ത്യക്കാരും അംഗീകരിക്കുന്നില്ല. റിപ്പബ്ലിക്കൻ പാർട്ടിക്ക് ന്യൂനപക്ഷങ്ങളോട് അസഹിഷ്‌ണുതയാണെന്നും അവരുടെ കുടിയേറ്റ നയം ഇന്ത്യൻ വംശജർക്ക് ദോഷമാണെന്നും അവർ കരതുന്നു.

അകന്നും

അടുത്തും

ചൈനയിൽ നിന്ന് അകന്ന അമേരിക്ക ഇന്ത്യയോട് കൂടുതൽ അടുത്തിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. ലഡാക്കിൽ ചൈനയുമായുള്ള സംഘർഷം ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും കൂടുതൽ അടുക്കാനുള്ള അവസരമായിട്ടുണ്ട്. ഈ 26,​ 27 തീയതികളിൽ ഇരു രാജ്യങ്ങളുടെയും പ്രതിരോധ,​ വിദേശ മന്ത്രിമാരുടെ സമ്മേളനം (2+2 ഡയലോഗ് )​ ന്യൂഡൽഹിയിൽ നടക്കുന്നുണ്ട്. അതിൽ ഇരു രാജ്യങ്ങളും പരസ്‌പര സഹകരണ കരാർ ഒപ്പിടുമെന്നാണ് കരുതുന്നത്. അത് ചൈനയെക്കൂടി ഉന്നംവച്ചായിരിക്കും. അമേരിക്കയിലെ ഭരണ മാറ്റങ്ങൾ അതത് കാലത്തെ ആവശ്യങ്ങളും നയങ്ങളും അനുസരിച്ചേ ഇന്ത്യയെ ബാധിക്കൂ. ക്ലിന്റൺ,​ ഒബാമ എന്നിവരുടെ ഇന്ത്യാ നയങ്ങളായിരിക്കും ബൈഡനും പിന്തുടരുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, DONALD TRUMP
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.