SignIn
Kerala Kaumudi Online
Tuesday, 24 November 2020 4.24 AM IST

ആറു വർഷമാണ് കെഞ്ചിരയ്‌ക്ക് വേണ്ടി അലഞ്ഞത്, കഷ്‌ട‌‌‌പ്പാടുകൾ ഏറെയുണ്ടായിട്ടുണ്ട്

manoj-kana

പുറത്ത് നിന്ന് വരുന്നവർക്ക് ആദിവാസികളുടെ മനസിൽ ഇടം ലഭിക്കണമെങ്കിൽ അത്രമാത്രം അവരുമായി അടുപ്പം ഉണ്ടായിരിക്കണം. തങ്ങളെ വഞ്ചിക്കില്ലെന്നും അടുപ്പം കൂടുന്നവർ രക്ഷകരാണെന്നും അവർക്ക് തോന്നണം. അതങ്ങനെ പെട്ടെന്ന് കഴിയുന്നതല്ല. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്ന് ഇരുപത്തിനാല് വർഷം മുമ്പ് തെരുവ് നാടകമെന്ന രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി വയനാട്ടിലെ ആദിവാസികളുടെ മനസിൽ ഇടം നേടിയ മനോജ് കാന എന്ന നാടകക്കാരൻ തന്റെ ഹൃദയമാണ് ഇവർക്കായി പകുത്ത് നൽകിയത്. ഇന്ന് ആ ബന്ധം 'കെഞ്ചിര" എന്ന ചിത്രത്തിലൂടെ അവാർഡിന്റെ തിളക്കത്തിലാണ്.

എന്താണ് കെഞ്ചിരയിലൂടെ പറയുന്നത്?‌

കെഞ്ചിര എന്ന പതിമൂന്ന് വയസുകാരിയാണ് കേന്ദ്ര കഥാപാത്രം. പന്ത്രണ്ട് കോളനികളിൽ നിന്ന് നൂറ് കണക്കിന് ആദിവാസികൾ ഇതിൽ അഭിനയിച്ചിട്ടുണ്ട്. കോളനിയിലെ മൊത്തം താമസക്കാരും കഥാപാത്രങ്ങളാണ്. ജീവിതത്തിൽ ഉണ്ടാകുന്ന ദുരന്തങ്ങളും പ്രശ്‌നങ്ങളുമാണ് വിഷയം. കുടകിൽ ഇഞ്ചിപ്പണിക്ക് പോകുന്ന നായിക ഗർഭിണിയാകുന്ന അവസ്ഥ. പുതിയ ഭൂമിയും പുതിയ ആകാശവും തേടിയുള്ള അവരുടെ യാത്ര. സങ്കീർണമായ ജീവിതത്തിന്റെ എല്ലാ അസ്ഥയും സൂക്ഷമായി അവതരിപ്പിച്ചു. മൊത്തം മുപ്പത്തിയഞ്ച് ദിവസത്തെ ഷൂട്ടിംഗായികുന്നു. സി.കെ.ശശീന്ദ്രൻ എം.എൽ.എ ചെയർമാനായ സംഘാടക സമിതിയും രൂപീകരിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡും മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാർഡും കെഞ്ചിരക്ക് തന്നെ.

വയനാടുമായുള്ള ബന്ധം?

24 വർഷം മുമ്പ് മുത്തങ്ങയിലാണ് ആദ്യം എത്തിയത്. തെരുവ് നാടകം എന്ന ഒരു രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായാണ് ആ വരവ്. തെരുവിൽ നാടകം കളിക്കലായിരുന്നു മുഖ്യ പണി. മുത്തങ്ങ സ്‌കൂൾ അടച്ച് പൂട്ടുന്നതിനെതിരെ ജനകീയ സമരം നടത്തി. ഇതിനെതിരെ തെരുവ് നാടകങ്ങൾ കളിച്ചു. ലാഭകരമായ സ്‌കൂളുകൾ അടച്ച് പൂട്ടുന്നതിനെതിരെ ആദിവാസികളെ സംഘടിപ്പിച്ചു. മുത്തങ്ങ സർക്കാർ സ്‌കൂൾ ലാഭത്തിലല്ല എന്ന ന്യായം പറഞ്ഞാണ് സർക്കാർ പൂട്ടാനൊരുങ്ങിയത്. ഇതിനെതിരെ മൂന്ന് തെരുവ് നാടകങ്ങൾ ചെയ്‌തു. കുട്ടികളെ സ്‌കൂളിൽ എത്തിക്കാൻ വേണ്ടി 'ഉൗടക്ക് ബാ'(ഇവിടെ വാ) എന്ന പേരിൽ തെരുവ് നാടകം ഉണ്ടാക്കി. എല്ലാം കോളനികളിലും കളിച്ചു. രണ്ട് മാസത്തിനുള്ളിൽ മൂന്ന് റൗണ്ട് വരെ കളിച്ചു. മുത്തങ്ങയിൽ ലൈബ്രറിയുടെ പ്രവർത്തനവും നടത്തി. അത് കഴിഞ്ഞാണ് 'ഉറാട്ടി'യുമായി രംഗത്ത് വന്നത്. ഉറാട്ടി നാടകത്തിന് വേണ്ടി ഒാരോ സ്ഥലത്തും ക്യാമ്പ് ചെയ്‌ത് പ്രവർത്തനം നടത്തി. മൂന്നും നാലും മാസം നീണ്ട ശ്രമം. പട്ടിണി കിടന്നാണ് ഉറാട്ടി നാടകം ഉണ്ടാക്കിയത്. ആദിവാസികൾക്കൊപ്പം ജീവിച്ചു. അവർക്കൊപ്പം ഉണ്ടും ഉറങ്ങിയും കഴിഞ്ഞു. കൂലിപ്പണിക്ക് പോലും ഇവർക്കൊപ്പം പോയി. അതൊരു വലിയ ബന്ധമായിരുന്നു. ഉറാട്ടി ഒരു സ്റ്റേജ് നാടകമായിരുന്നു. കേരളത്തിലും പുറത്തുമായി ഇരുന്നൂറിലേറെ സ്റ്റേജുകളിൽ അഭിനയിച്ചു. 26 ആർട്ടിസ്റ്റുകൾ അതിലുണ്ടായിരുന്നു. 2003ൽ സംസ്ഥാന അവാർഡ് നേടി. മികച്ച നാടകം, സംവിധായകൻ, മികച്ച നടി എന്നിവക്കായിരുന്നു അവാർഡ്. മലയാളത്തിൽ ആദ്യമായി അനിത എന്ന ഒരു ആദിവാസി പെൺകുട്ടിക്ക് സംസ്ഥാന അവാർഡ് ലഭിക്കുന്നത് ഉറാട്ടിയിലാണ്. പി.ജെ. ആന്റണിഫൗണ്ടേഷൻ യുവപ്രതിഭ പുരസ്‌കാരവും അതേ വർഷം ലഭിച്ചു.

kenjira

ആദിവാസികളുടെ മനസിൽ എങ്ങനെയാണ് ഇടം നേടിയെടുത്തത് ?

അവരുടെ ജീവിതത്തിന്റെ എല്ലാ പൾസും എനിക്കറിയാം. വയനാട്ടിൽ ജീവിച്ചർക്ക് പോലും അറിയാത്ത അവരുടെ വികാരങ്ങളും വിചാരങ്ങളും എനിക്കറിയാം. അവർക്കൊപ്പം ഒരുപാട് പട്ടിണി കിടന്നു. എല്ലാത്തിനും സങ്കീർണ്ണമായ കാരണങ്ങളുണ്ട്. നൂറ്റാണ്ടുകളായി അങ്ങനെ രൂപപ്പെട്ട് പോയതാണ്. ആറ് വർഷം കെഞ്ചിരക്ക് വേണ്ടി അലഞ്ഞു. സ്ക്രിപ്റ്റ് മലയാളത്തിൽ എഴുതി ആദിവാസി ഭാഷയിലേക്ക് മാറ്റുകയായിരുന്നു. പല ഘട്ടം കഴിഞ്ഞാണ് ഷൂട്ടിംഗിലേക്ക് കടന്നത്. ഇവരുമായുളള അനുഭവത്തിൽ നിന്നാണ് കെഞ്ചിരയുടെ സ്ക്രിപ്റ്റ് രൂപപ്പെടുന്നത്. കഥാപാത്രങ്ങളെ കണ്ടെത്താൻ ഏറെ പാടുപ്പെട്ടു. നാടകത്തിൽ ശാരദ എന്ന ഒരു നടി ഉണ്ടായിരുന്നു. രണ്ട് മൂന്ന് ഡയലോഗുകൾ മാത്രമാണ് അവർക്ക് ഉണ്ടായിരുന്നത്. ആ ഡയലോഗുകൾ അത്രക്കും ഗാംഭീര്യമുളളതായിരുന്നു. ആ കുട്ടിയുടെ വിവാഹത്തിന് എന്തെങ്കിലും കൊടുക്കണമെന്ന അതിയായ ആഗ്രഹം ഉണ്ടായി. ഭാര്യയുടെ സ്വർണ്ണം പണയം വച്ച് അവൾക്ക് ആഭരണം വാങ്ങി. അതുമായി സഹപ്രവർത്തകരുമായി കല്യാണ വീട്ടിലേക്ക് പോയി. പഴ്സ് തുറന്ന് ആഭരണം കണ്ടപ്പോൾ അവൾ ഒറ്റ കരച്ചിൽ. ആദ്യമായാണ് അവൾ സ്വർണ്ണം കാണുന്നത്. പിന്നെ വീട്ടിൽ ഒരു കൂട്ടകരച്ചിൽ. സന്തോഷം കൊണ്ടായിരുന്നു അത്. അവർ കരഞ്ഞപ്പോൾ ഞാനും കരഞ്ഞ് പോയി.

സിനിമയ്‌ക്കുള്ള ചെലവ് കണ്ടെത്തുന്നത്?

എന്റെ സിനിമകൾക്ക് പ്രൊഡ്യൂസർമാർ ഇല്ല. അങ്ങനെയാണ് എന്റെ സിനിമ. എൻഡോസൾഫാനുമായി ബന്ധപ്പെട്ട് നിർമ്മിച്ച അമീബക്ക് സ്റ്റേറ്റ് അവാർഡ് ലഭിച്ചു. അതിന്റെ ഫണ്ട് മുഴുവനും ജനങ്ങളുടെ ഫണ്ടാണ്. സ്ത്രീകൾ നേരിടുന്ന പ്രശ്‌ന‌മാണ് ചായില്യം. തെയ്യം കെട്ടുന്ന മലയ സമുദായത്തിലെ കുടുംബത്തിലെ പെൺകുട്ടിയുടെ കഥ. അകാലത്തിൽ വിധവയാകുന്ന അവസ്ഥ. സംസ്ഥാന അവാർഡും അന്തർദേശിയ പുരസ്‌കാരവും അടക്കം ഏഴ് അവാർഡുകൾ ചായില്യത്തിന് ലഭിച്ചു. ആദ്യത്തെ സിനിമയും ചായില്യമാണ്. ജനങ്ങളിൽ നിന്ന് ഫണ്ട് പിരിക്കുകയും ജനങ്ങൾക്ക് വേണ്ടി സിനിമ ചെയ്യുക എന്നതും എന്റെ നയം. ഒാരോ സ്ഥലത്തും ജനകീയ കമ്മറ്റി ഉണ്ടാക്കും. അതാണ് രീതി. കെഞ്ചിരയ്‌ക്ക് അവസാന ഘട്ടത്തിൽ ഫണ്ടില്ലാതെ ഷൂട്ടിംഗ് മുടങ്ങുന്ന അവസ്ഥ വന്നു. ഒരു രക്ഷയും ഇല്ലാതെ വന്നപ്പോൾ ഗൾഫിലുള്ള പാലക്കാട് സ്വദേശിയായ പ്രശാന്ത് മാങ്ങാട് മുഴുവൻ ഫണ്ടും തന്നു. ഒരു പരിചയവും അദ്ദേഹവുമായി എനിക്കില്ല. എന്റെ രണ്ട് സിനിമകൾ അദ്ദേഹം കണ്ടിരുന്നു. നല്ലൊരു സിനിമ ഫണ്ടില്ലാതെ മുടങ്ങരുതെന്നും താൻ സഹായിക്കാമെന്നും പറഞ്ഞാണ് രംഗത്ത് വന്നത്. അദ്ദേഹം എന്നെ വിളിച്ചു. ഭയപ്പെടരുത്, സഹായിക്കാം. ഇതിന് പിന്നിൽ എന്നെ നയിക്കുന്ന ബോധവും രാഷ്ട്രീയ ബോധവും ആയിരിക്കാം. അല്ലെങ്കിൽ തളർന്ന് പോകും. കെഞ്ചിരയുടെ ഷൂട്ടിംഗ് കഴിഞ്ഞിട്ട് മൂന്ന് വർഷമായി. സ്റ്റുഡിയോവിൽ ലക്ഷങ്ങളാണ് കാശ്. എങ്ങനെ കാശ് തിരിച്ച് തരും എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് വർക്കെല്ലാം പൂർത്തീകരിക്കുക. ബാക്കിയെല്ലാം പിന്നെ. ടൈറ്റിലിൽ പേര് ചേർക്കട്ടെ എന്ന് ചോദിച്ചപ്പോഴും അതൊന്നും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. അമ്പത് ലക്ഷം രൂപയോളം അദ്ദേഹം സഹായിച്ചു. പ‌ടത്തിന്റെ ഒരു കണക്ക് പോലും ചോദിച്ചിട്ടില്ല. പടം നിന്ന് പോയാൽ രണ്ടാമത് ചെയ്യാൻ പറ്റില്ല. പിന്നെ പ്രളയം വന്നു. സിനിമക്കായി കെട്ടിയ പന്ത്രണ്ട് കുടിലുകൾ ഒഴുകിപ്പോയി. പ്രതിസന്ധികൾ ഒരുപാടുണ്ടായിട്ടുണ്ട്.

സർക്കാർ ജോലി ഉപേക്ഷിച്ചോ?

സർക്കാർ ജോലിയിൽ പത്ത് വർഷമായി. തിരുവനന്തപുരത്ത് വിഷ്വൽ കമ്മ്യൂണിക്കേഷനിലായിരുന്നു. അതിന്റെ ഡയറക്ടറായി ഒമ്പത് മാസക്കാലം പ്രവർത്തിച്ചു. അവിടെ നിന്ന് ട്രാൻസ്‌ഫർ വാങ്ങി കണ്ണൂരിലേക്ക് വന്നു. സി ഡിറ്റിന്റെ പ്രൊഡ്യൂസർ ആണിപ്പോൾ. സർക്കാരിന്റെ പരിപാടികൾ ഷൂട്ട് ചെയ്യൽ മുഖ്യ പണി. കുടുംബത്തിന്റെ പിന്തുണയുണ്ട്. ഭാര്യ: സിനി തൃക്കരിപ്പൂർ എൻജിനീയറിംഗ് കോളേജിൽ. സിത്താർ നാഥ്, സരോവർ എന്നിവരാണ് മക്കൾ. അമീബയും ചായില്യവും ചെയ്‌തതിലൂടെ വീടും പറമ്പും ജപ്‌തിയുടെ ഘട്ടത്തിലാണ്. നാൽപ്പത് ലക്ഷം രൂപയോളം കടമുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.