SignIn
Kerala Kaumudi Online
Friday, 30 July 2021 12.28 PM IST

ആയുർവേദമെന്നു കേട്ടാൽ ഇഞ്ചി കടിച്ച് , വാൽചുരുട്ടി , കണ്ണുരുട്ടി ....

ayurveda

ഇഞ്ചി, മഞ്ഞൾ, നാരങ്ങ... ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികൾക്കു മുന്നിൽ ആരോഗ്യവകുപ്പിലെ ഡോക്‌ടർമാരും ഉദ്യോഗസ്ഥരുമെല്ലാം ഇങ്ങനെ ഔഷധസസ്യങ്ങളുടെ ഒരു ലിസ്റ്റ് നീട്ടും. പനിയും മറ്റ് ലക്ഷണങ്ങളുമുണ്ടെങ്കിൽ മാത്രം അതിനുളള മരുന്നുകൾ കഴിച്ചാൽ മതിയെന്ന് ഒരു മേമ്പൊടിയും. എന്നാൽ ഈ ഔഷധങ്ങളെല്ലാമുള്ള ആയുർവേദമരുന്ന് ലക്ഷണങ്ങളില്ലാത്ത രോഗികൾക്കെങ്കിലും നൽകാമോ? പാടില്ല. കാരണം അത് ആധുനികമല്ല. ആധുനികമരുന്ന് കണ്ടുപിടിക്കും വരെ ഇതെല്ലാം കഴിച്ച് കാലം കഴിക്കുക. അപ്പോൾ ഭാരതീയ ചികിത്സയെ കേരളത്തിന് വേണ്ട എന്ന് ചുരുക്കം? അല്ലേയല്ല. ക്വാറന്റീനിലുളളവർ കഴിയ്ക്കട്ടെ. അവർക്ക് രോഗം വരാതെ നോക്കാമല്ലോ. ഭാരതീയ ചികിത്സാ വകുപ്പിന്റെ 'അമൃതം' പദ്ധതി വഴി ആയുർവേദ മരുന്ന് ക്വാറന്റീനിൽ കഴിഞ്ഞ സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം പേർക്ക് നൽകി വലിയൊരളവിൽ രോഗപ്രതിരോധം സാദ്ധ്യമായിട്ടും ആയുർവേദത്തിൽ വിശ്വാസം വരുന്നില്ലേ? നേരിയ കൊവിഡ് ബാധയുള്ളവർക്കും രോഗലക്ഷണമില്ലാത്തവർക്കും ആയുഷ് മരുന്നുകൾ ഉപയോഗിക്കാൻ അനുവദിക്കുന്ന മാർഗരേഖ ഡോ. ഹർഷ് വർധനും ആയുഷ് മന്ത്രി ശ്രീപദ് നായ്ക്കും പുറത്തിറക്കിയത് അറിഞ്ഞില്ലേ? രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കേരളം ആദ്യസ്ഥാനങ്ങളിലെത്തിയത് കാണുന്നില്ലേ? മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയുർവേദവും അലോപ്പതിയുമെല്ലാം യഥായുക്തി പ്രയോഗിച്ച് ഫലം കണ്ടെത്തിയതും മറന്നോ? അങ്ങനെ കുറേ ചോദ്യങ്ങൾ ആയുർവേദ വിദഗ്ധരുടെ മനസുകളിൽ ഉയരുന്നുണ്ട്. ചിലർ ചോദിക്കുന്നുണ്ട്. പക്ഷേ, മറുപടികളില്ല. ഈ ചോദ്യങ്ങളെല്ലാം ചോദിക്കുമ്പോൾ, ആധുനിക വൈദ്യൻമാരും അവരുടെ സംഘടനകളുടെ നേതാക്കളും ഇഞ്ചി കടിച്ച് വാൽചുരുട്ടി കണ്ണുരുട്ടി പേടിപ്പിക്കുകയാണെന്നാണ് പറയുന്നത്. ലോകമെമ്പാടുമുളള കോടാനുകോടി രൂപയുടെ കച്ചവടം നടത്തുന്ന മരുന്ന് മാഫിയകളും സ്വകാര്യ ലാബുകളുമെല്ലാം ചേർന്ന് ആ വാലിന് തീപിടിപ്പിക്കുന്നുണ്ടോ? ഇങ്ങനെയൊക്കെ പേടിപ്പിച്ചാൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും പേടിക്കുമോ? അങ്ങനെ പേടിപ്പിച്ചാൽ ഏതെങ്കിലും മുന്നണികളുടെ വോട്ടുകുറയുമോ? ആരുടെ കണ്ണും കരളുമായാണ് അവർ കേരളത്തിൽ മാത്രം വിലസുന്നത് ? അങ്ങനെ കുറേ ചോദ്യങ്ങൾ അവിടെത്തന്നെ കിടക്കട്ടെ. കൊവിഡ് വ്യാപനം എന്നെങ്കിലും തീരുമ്പോൾ ആരെങ്കിലും ഉത്തരം പറയട്ടെ. അല്ലെങ്കിൽ കാലം ഉത്തരം തെളിയിക്കട്ടെ. ഒടുവിൽ എല്ലാവരും തന്നിലേക്ക് മടങ്ങേണ്ടവരാണെന്ന് ആണല്ലോ പ്രപഞ്ചത്തിലെ മഹാശക്തിയായ പ്രകൃതി പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ആ റിപ്പോർട്ട് ഇതാ

ക്വാറന്റീനിലുളളവർക്ക് ആയുർവേദമരുന്ന് നൽകി ദേശീയതലത്തിൽ തന്നെ കേരളം ശ്രദ്ധേയമായ പശ്ചാത്തലത്തിൽ ആയുർവേദ മരുന്ന് കൊവിഡ് ചികിത്സയുടെ ഭാഗമാക്കണമെന്ന ആവശ്യം, കേരളത്തിലെ കൊവിഡ് വ്യാപനം പഠിക്കാനെത്തിയ കേന്ദ്രസംഘത്തിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ട് പഠിച്ച് തുടർനടപടി എടുക്കാമെന്ന് കേന്ദ്രസംഘം ആയുർവേദ മരുന്ന് നിർമ്മാതാക്കളുടെ സംഘടനയ്ക്ക് ഉറപ്പും നൽകി. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഗവ. ആയുർവേദ ഡോക്ടർമാരെ ഉൾപ്പെടുത്തി കേരളത്തിലെ എല്ലാ ആയുർവേദ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും ആയുർരക്ഷാ ക്ളിനിക്കുകൾ ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ അഞ്ച് ശതമാനം ആളുകൾക്ക് മാത്രമാണ് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചതെന്നും ഇതിൽ ആരും അത്യാസന്നനിലയിൽ ആയിരുന്നില്ല എന്നതും ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതായി സംഘടനയുടെ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ വ്യക്തമാക്കി. അഞ്ച് കോടിയോളം രൂപ ചെലവഴിച്ചായിരുന്നു ഈ പഠനഗവേഷണ പ്രവർത്തനങ്ങൾ. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ ചെറുതുരുത്തിയിലുള്ള നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പഞ്ചകർമ്മ ആശുപത്രിയുടെ പ്രവർത്തനങ്ങളും റിപ്പോർട്ടിൽ അടിവരയിടുന്നുണ്ട്. ഇവിടെ എത്രയും പെട്ടെന്ന് കൊവിഡ് പൊസിറ്റീവ് ആയ രോഗികളെ പ്രവേശിപ്പിച്ച് 'അമൃതം' പദ്ധതിയിലെ മരുന്ന് നൽകി ചികിത്സ തുടരണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന് സമർപ്പിച്ച അപരാജിത ധൂപചൂർണത്തിന്റെ ഗുണഫലം സംബന്ധിച്ച പഠന റിപ്പോർട്ടും കഴിഞ്ഞ ഏപ്രിൽ രണ്ടിന് തയ്യാറാക്കിയ പ്രോട്ടോക്കോൾ റിപ്പോർട്ടും പഠനത്തിന് നേതൃത്വം നൽകുന്ന ഡോ. നീരജ്കുമാർ ഗുപ്തയ്ക്ക് കൈമാറിയിട്ടുണ്ട്.

കേരളത്തിൽ മാത്രം

ക്വാറന്റീനിൽ ആയുർവേദ മരുന്ന് കഴിക്കുന്ന ഇത്രയും പേരിൽ മറ്റൊരു സംസ്ഥാനത്തും പഠനം നടത്തിയിട്ടില്ല. ആയുർവേദ മരുന്ന് കഴിച്ച എത്രപേർക്ക് കൊവിഡ് ബാധിച്ചെന്നും മരണം സംഭവിച്ചെന്നും അടക്കമുള്ള വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന പഠന, ഗവേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് ഭാരതീയ ചികിത്സാവകുപ്പ് സമർപ്പിച്ചിട്ടുണ്ട്. പഠനഫലം അന്തർദ്ദേശീയ ജേണലുകളിൽ പ്രസിദ്ധീകരിക്കാനുള്ള അനുമതിയും തേടി. ജേണലുകളിൽ വരുന്നതോടെ രാജ്യാന്തര തലത്തിൽ തന്നെ ആയുർവേദ മരുന്നിന് ആധികാരികത വരും. ക്വാറന്റീനിലുള്ളവരിൽ ആദ്യഘട്ടത്തിൽ മരുന്ന് കഴിച്ച 1,01,218 പേരിൽ കൊവിഡ് ബാധിതരായത് 342 പേർ (0.342 ശതമാനം) മാത്രമായിരുന്നു. ഇത് ആദ്യം റിപ്പോർട്ട് ചെയ്തത് കേരളകൗമുദിയായിരുന്നു. ഔഷധസസ്യ കൃഷി വ്യാപകമാക്കാൻ കൃഷിവകുപ്പും സംസ്ഥാന ഔഷധസസ്യ ബോർഡും രംഗത്തുണ്ട്. പക്ഷേ, ആര് രംഗത്തുണ്ടായാലും ചിലർ അണിയറയിലുണ്ടാകുമല്ലോ....?

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AYURVEDA, KOMBUM THUMBEEM
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.