ചേർത്തല: ശാരിക ഇപ്പോൾ പ്രദേശവാസികൾക്ക് വെറുമൊരു സ്വകാര്യ ബസല്ല. അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. കൊവിഡ് ദുരിതത്തിനിടെ വലിയ സാമ്പത്തിക നഷ്ടം സഹിച്ചാണ് പൊതുജനങ്ങളുടെ യാത്രാദുരിതമകറ്റാൻ 'ശാരിക' സർവീസ് നടത്തുന്നത്.
മുഹമ്മ കാട്ടുകട സ്വദേശിയായ വിമുക്തഭടൻ കെ.എസ്.രമേശന്റെ ഉടമസ്ഥതയിലുള്ള 'ശാരിക' ബസിലെ ജീവനക്കാരെ കഴിഞ്ഞ ദിവസം മുഹമ്മ അരങ്ങ് ആദരിച്ചത് അതുകൊണ്ടാണ്.
ചേർത്തലയിൽ നിന്ന് മുഹമ്മയിലേക്ക് രണ്ട് റൂട്ടുകളിലായി 18 ബസുകളാണ് സർവീസ് നടത്തിയിരുന്നത്. കൊവിഡ് നിയന്ത്രണം വന്നതോടെ 17 എണ്ണവും സർവീസ് നിറുത്തി. നഷ്ടം സഹിക്കാൻ ഉടമ തയ്യാറായതോടെ ശാരിക ഓട്ടം തുടരാൻ തീരുമാനിച്ചു. ശാരിക കൂടി ഓട്ടംനിറുത്തിയിരുന്നെങ്കിൽ പ്രദേശവാസികൾക്ക് ദേശീയപാതയിലെത്താൻ മാത്രം 100 മുതൽ 150 രൂപ വരെ ഓട്ടോറിക്ഷ കൂലി നൽകേണ്ടിവരുമായിരുന്നു. പ്രതിദിനം 9 സർവീസുകളാണ് ശാരിക ഇപ്പോൾ നടത്തുന്നത്.
കൊവിഡിനു മുമ്പ് ദിവസം 7000-7500 രൂപ വരുമാനം ഉണ്ടായിരുന്ന ബസിന് 3500 രൂപയായി കുറഞ്ഞു. ഡീസലിന് മാത്രം 2300 രൂപ ചെലവാകും. ബാക്കിവരുന്ന 1200 രൂപയാണ് ജീവനക്കാർക്ക് ശമ്പളവും ഉടമയ്ക്കുള്ള പങ്കുമായി വീതിക്കേണ്ടത്. ബസിലെ മൂന്നു ജീവനക്കാരും പകുതിയിൽ താഴെ ശമ്പളത്തിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഉടമയ്ക്ക് ഒന്നും കിട്ടാറില്ല.
ജീവനക്കാരായ ശ്രീക്കുട്ടൻ,അഖിൽ,ശങ്കർ എന്നിവർക്ക് ഭക്ഷ്യക്കിറ്റും കൊവിഡ് പ്രതിരോധനത്തിനുള്ള സാനിറ്റൈസറും മാസ്കും നൽകിയായിരുന്നു അരങ്ങിന്റെ ആദരം. മുഹമ്മ എസ്.ഐ ജോർജ് ജോസഫ്, സംഗീത സംവിധായകൻ ആലപ്പി ഋഷികേശ്, അരങ്ങ് രക്ഷാധികാരി സി.പി.ഷാജി എന്നിവർ പങ്കെടുത്തു.