ലക്ഷ്യം നെൽകൃഷിയുടെ നഷ്ട പ്രതാപം തിരിച്ചുപിടിക്കൽ
കണ്ണൂർ: ആലപ്പുഴയിലെ കായൽ നിലങ്ങൾക്ക് സമാനമായി മലബാറിലെ കൈപ്പാട് കൃഷിയുടെ വികസനത്തിനായി ചെറുകുന്നിൽ റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് സെന്റർ വരുന്നു. കൈപ്പാട് അരിക്ക് ഭൗമസൂചിക പദവി ലഭിച്ചതോടെ നെൽകൃഷിയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. നവകേരള നിർമ്മിതിയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് മൂന്നു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പിലിക്കോട് ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ യന്ത്രവത്കരണം, നെല്ല് ജനിതകസംരക്ഷണം,ജൈവവൈവിദ്ധ്യകൃഷി വികസനം എന്നിവയാണ് റിസർച്ച് സെന്റർ ലക്ഷ്യമിടുന്നത്. സെന്ററിന്റെ ടെൻഡർ നടപടികൾ കാർഷിക സർവ്വകലാശാലാ ഇതിനകം പൂർത്തിയാക്കി. ഇതിനായി ഫുഡ് സെക്യൂരിറ്റി ആർമിയും നിയോഗിച്ചിട്ടുണ്ട്.
കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളുടെ തീരപ്രദേശങ്ങളിലെ നിലങ്ങളിലാണ് കൈപ്പാട് കൃഷി ചെയ്യാറുള്ളത്. പുഴകൾക്കും കായലിനും കടലിനുമിടയിലായി ഉപ്പുവെള്ളം കയറിക്കിടക്കുന്ന പാടങ്ങൾ ഉപ്പുവെള്ളത്തിൽ വളരാനും ഉയരം വെയ്ക്കാനും കഴിയുന്ന നാടൻ നെല്ലിനങ്ങളാണ് ഈ പാടത്തിലെ കൃഷി. കൈപ്പാട് അരിയുടെ പ്രത്യേക രുചിയും ഔഷധഗുണവും ഇന്നും പഴമക്കാരുടെ മനസ്സിലുണ്ട്. മൂന്ന് ജില്ലകളിലെ കൈപ്പാട് നിലങ്ങളുടെ സംരക്ഷണവും കൃഷിവികസനവും മുൻനിർത്തി ഏരിയാ ഡവലപ്പ്മെന്റ് സൊസൈറ്റി (കാഡ്സ്) എന്ന സംവിധാനവും ഇതിനായി നിലവിൽ വന്നു. കൃഷി മന്ത്രി ചെയർമാനായി കൃഷി വകുപ്പിന്റെയും കേരള കാർഷിക സർവ്വകലാശാലയുടെയും മേൽനോട്ടത്തിലാണ് കാഡ്സ് പ്രവർത്തനങ്ങൾ.
കൈപ്പാടിന്റെ തലസ്ഥാനത്തിന് പുതുമോടി
ഒരു കാലത്ത് ഉത്തരമലബാറിന്റെ കൈപ്പാട് കൃഷിയുടെ തലസ്ഥാനമായിരുന്നു ഏഴോം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ കാലത്ത് നെല്ല് വാങ്ങി സംഭരിക്കാനായി തമിഴ്നട്ടിലെ വ്യാപാരികൾ ഇവിടെയെത്തിയിരുന്നു. സാധാരണ ഏപ്രിൽ, മേയ് മാസങ്ങളിലായിരുന്നു കൈപ്പാട് കൃഷിയുടെ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. കടുത്ത വേനലിൽ കൈപ്പാട് നിലങ്ങളിലെ വെള്ളം വറ്റും. ബണ്ട് കെട്ടി വെള്ളം ഒഴുക്കിക്കളഞ്ഞ് നിലം വറ്റിക്കാറുണ്ട്. ഇതോടെ ചതുപ്പ് നിലത്തിലെ ജൈവാംശങ്ങൾ വെയിലേറ്റുണങ്ങി നിലത്തിന്റെ വളക്കൂറ് വർദ്ധിക്കും.
കൈപ്പാട് കൃഷിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ളതാണ് ഗവേഷണ കേന്ദ്രം. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം കൈപ്പാട് കൃഷിയുടെ വിപുലീകരണം കൂടിയാണ് ലക്ഷ്യമിടുന്നത്
ഡോ. ടി. വനജ, പദ്ധതികളുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ