കോട്ടയം : വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. അന്തർദേശീയ പക്ഷാഘാത ദിനാചരണത്തിന്റെ സംസ്ഥാനതല ചടങ്ങും കോട്ടയം ജനറൽ ആശുപത്രിയിലെ പക്ഷാഘാത ഐ.സി.യു, സി.സി.യു എന്നിവയുടെ പ്രവർത്തനവും വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പകർച്ചവ്യാധികൾക്കൊപ്പം ജീവിതശൈലി രോഗങ്ങളും സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. വ്യായാമവും ശുചിത്വവും ഉറപ്പാക്കി ഇത്തരം രോഗങ്ങളെ അതിജീവിക്കാൻ പരിശ്രമിക്കണം. ചിട്ടയായ വ്യായാമം ജീവിതരീതിയുടെ ഭാഗമാക്കണം. പൊജുജനാരോഗ്യ സംരക്ഷണത്തിനായി ക്രിയാത്മക ഇടപെടലുകൾ നടത്താൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടുണ്ട് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. എൻ.സി.ഡി സംസ്ഥാന നോഡൽ ഓഫീസർ ഡോ.ബിബിൻ ഗോപാൽ വിഷയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.ശോഭ സലിമോൻ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, അംഗം പി. സുഗതൻ, മുനിസിപ്പൽ കൗൺസിൽ സാബു പുളിമൂട്ടിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോജക്ട് മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിന്ദുകുമാരി, എച്ച്. എം.സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.