പൊൻകുന്നം : കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയിലെ മണക്കടവ് സർവീസ് നടത്തുന്ന ബസിൽ നിന്ന് 40 കുപ്പി വിദേശമദ്യം കണ്ടെടുത്ത സംഭവത്തിൽ ഡ്രൈവറെയും കണ്ടക്ടറെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കണ്ടക്ടർ കെ.ബി.രാജീവ്, ഡ്രൈവർ റോയിമോൻ ജോസഫ് എന്നിവർക്കെതിരെയാണ് നടപടി. പോണ്ടിച്ചേരിയിൽ മാത്രം വില്പനാവകാശമുള്ള 40 കുപ്പി വിദേശ മദ്യം കഴിഞ്ഞ മാർച്ച് 4 നാണ് എക്സൈസ് സംഘം പരിശോധനയ്ക്കിടെ ബസിൽ നിന്ന് കണ്ടെത്തിയത്. ബസിൽ പതിവായി മദ്യം കടത്തുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. പിന്നിലെ സീറ്റിനടിയിൽ രണ്ട് കാർഡ് ബോർഡ് പെട്ടികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. കണ്ടെടുത്ത മദ്യക്കുപ്പികൾ തലശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിൽ ഏല്പിക്കുകയും അബ്കാരി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. മദ്യം കയറ്റിയ സ്ഥലം അറിയില്ലെന്ന ജീവനക്കാരുടെ മൊഴി വിശ്വസനീയമല്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. മദ്യക്കുപ്പികൾ കയറ്റുന്നതിന് ബസ് മാഹിയിൽ നിറുത്തിക്കൊടുത്തുവെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.