പാലക്കാട്: വാഹനം ഓടിക്കുമ്പോൾ സിഗ്നൽ പാലിച്ചില്ലെങ്കിൽ ഇനി ലൈസൻസ് പോകും. സിഗ്നലുകൾ ലംഘിക്കുന്നതുമൂലം ദേശീയപാതയിൽ ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടപടി ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയിൽ ദേശീയപാതയിലെ സിഗ്നൽ നിയന്ത്രിത ജംഗ്ഷനുകളിലാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് കർശന പരിശോധന ആരംഭിച്ചിരിക്കുന്നത്. നിയമ ലംഘനം നടത്തുന്നവരെ കർശന താക്കീത് നൽകി വിട്ടയിക്കുകയാണ് നിലവിൽ ചെയ്യുന്നത്. തുടർന്നുള്ള പരിശോധനകളിൽ പിടിക്കപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള ദേശീയപാതയിൽ പത്തു ഭാഗങ്ങളിലാണ് ഓട്ടോമാറ്റിക് നിയന്ത്രിത സിഗ്നൽ ഉള്ളത്. ഇതിൽ ചില ഭാഗങ്ങളിൽ സിഗ്നലുകൾ ലംഘിച്ച് വാഹനങ്ങൾ ഓടുന്നുണ്ട്. ഇത്തരത്തിൽ വാഹനങ്ങൾ മുന്നോട്ടുപായുമ്പോൾ സിഗ്നലുകൾ പാലിച്ചു വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് ഈ ഭാഗങ്ങളിൽ അപകടങ്ങൾ പതിവാകുന്നത്. പുതുശ്ശേരിക്ക് സമീപമുള്ള കുരിടിക്കാട്, ചന്ദ്രനഗർ, കാഴ്ചപറമ്പ്, കണ്ണനൂർ സ്വാതി ജംഗ്ഷൻ, ഇരട്ടക്കുളം തുടങ്ങിയ ഇടങ്ങളിലാണ് പ്രധാനമായും ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നത്. ഘട്ടംഘട്ടമായി ദേശീയപാതകൾക്കു പുറമെ അപകടങ്ങൾ ഉണ്ടാകുന്ന മറ്റ് റോഡുകളിലേക്കും പരിശോധന വ്യാപിപ്പിക്കും. ജില്ലയിൽ താലൂക്ക് കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. ഒരു എം.വി.ഐയും രണ്ട് എ.എം.വി.ഐയും ഉൾപ്പെടുന്ന ആറ് സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വാഹനങ്ങൾ സിഗ്നലുകളുടെ നിയന്ത്രണം പാലിച്ച് ഓടിക്കാൻ ശ്രമിക്കണമെന്നും ഇത് ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. വി.എ.സഹദേവന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് എം.വി.ഐ യു.എം.അനിൽകുമാർ, എ.എം.വി.ഐമാരായ പി.വി.സജീവ്, കെ.ദേവിദാസൻ എന്നിവർ പങ്കെടുത്തു.