വാഷിംഗ്ടൺ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാല് നാൾ മാത്രം ശേഷിക്കേ അഭിപ്രായ സർവേകളിൽ വൻ പിന്തുണയുമായി ഡമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ മുന്നേറുന്നു. ഇന്നലെ സി.എൻ.എൻ നടത്തിയ സർവേയിലും ബൈഡനാണ് മുൻതൂക്കം. ബൈഡന് 54ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോൾ ട്രംപിന് 42 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഒരാഴ്ചക്കുള്ളിലെ കണക്കുകൾപ്രകാരം വിവിധ ദേശീയ സർവേകളിൽ ട്രംപിനേക്കാൾ ഏഴു മുതൽ 12 വരെ ശതമാനം മുന്നിലാണ് ബൈഡൻ. സർവേകളിൽ മിഷിഗൻ, പെൻസൽവാനിയ, വിസ്കോൺസൻ എന്നീ വലിയ സംസ്ഥാനങ്ങളിൽ ബൈഡൻ മുന്നിലാണ്. ഈ മൂന്നിടങ്ങളിലും ഒരു ശതമാനത്തിലും താഴെയുള്ള മാർജിനിലാണ് 2016ൽ ട്രംപ് വിജയിച്ചത്. എന്നാൽ അമേരിയിലെ ചെറുകിടവ്യാപാര രംഗത്ത് സജീവമായ സിഖ് വംശജർ ട്രംപിനൊപ്പമാണെന്ന് സമുദായ നേതാക്കൾ പി.ടി.ഐയോടു പറഞ്ഞു. ചെറുകിട വ്യാപാര രംഗത്ത് ട്രംപിന്റെ നയങ്ങൾ ഏറെ ഗുണകരമാണെന്നും അദ്ദേഹം ഇന്ത്യയുടെ സുഹൃത്താണെന്നും ഇവർ പറയുന്നു.