ആലപ്പുഴ: സംസ്ഥാനത്തെ ആദ്യ വാട്ടർ ടാക്സി വേമ്പനാട്ടു കായലിൽ ഹിറ്റായി ഓടുന്നു. വിനോദ സഞ്ചാര മേഖലയിൽ പ്രതിഫലിച്ച് തുടങ്ങിയ ഉണർവാണ് വാട്ടർ ടാക്സി ക്കും ഗുണമാകുന്നത്. എല്ലാ ദിവസവും സഞ്ചാരികളെത്തുന്നു. ഒന്ന് മുതൽ ആറ് മണിക്കൂർ വരെ യാത്ര ബുക്ക് ചെയ്യുന്ന സംഘങ്ങളുമുണ്ട്.
പത്ത് പേരടങ്ങിയ സംഘത്തിന് മണിക്കൂറിന് 1500 രൂപ ചെലവിൽ കായൽ കാഴ്ചകൾ കാണാമെന്നതാണ് പ്രധാന ഗുണം. ആദ്യ ആഴ്ചകളിൽ കേരളത്തിൽ തന്നെയുള്ള സഞ്ചാരികളാണ് ടാക്സി ബുക്ക് ചെയ്തത്. വിദേശികൾ കൂടുതലായി എത്തുന്ന മുറയ്ക്ക് കൂടുതൽ സഞ്ചാരികൾ ബുക്കിംഗ് നടത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കായൽ സൗന്ദര്യം ആസ്വദിക്കാൻ ഹൗസ് ബോട്ടുകളെയും, ശിക്കാര വള്ളങ്ങളെയുമാണ് വിനോദ സഞ്ചാരികൾ ഇത്ര നാൾ ആശ്രയിച്ചിരുന്നത്. ചുരുക്കം ചിലർ ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകളെയും, കുട്ടനാടൻ ചെറുവള്ളങ്ങളെയും ഉപയോഗിക്കാറുണ്ട്. കാഴ്ചയ്ക്കൊപ്പം സാഹസികത കൂടി ആഗ്രഹിക്കുന്ന സഞ്ചാരികളാണ് വാട്ടർ ടാക്സി ബുക്ക് ചെയ്യുന്നത്. മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ (35 കിലോമീറ്റർ) ആണ് വേഗം. സ്വീഡനിൽ നിന്ന് എത്തിച്ച പ്രത്യേക എൻജിനാണ് വാട്ടർ ടാക്സിയിൽ ഘടിപ്പിച്ചിരിക്കുന്നത്. ആലപ്പുഴ ബോട്ട് സ്റ്റേഷനിൽ പാർക്ക് ചെയ്യുന്ന വാട്ടർ ടാക്സി ആവശ്യപ്പെടുന്നതനുസരിച്ച് സർവീസ് നടത്തും.
....................
സഞ്ചാരികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളീയരായ കുടുംബങ്ങളാണ് പ്രധാനമായും എത്തുന്നത്. ഒരു മണിക്കൂർ യാത്ര ബുക്ക് ചെയ്ത് എത്തുന്നവർ പലപ്പോഴും യാത്രയ്ക്കിടെ സമയം ദീർഘിപ്പിക്കാറുണ്ട്. കൂടുതൽ വിദേശികൾ എത്തുന്നതോടെ ബുക്കിംഗ് കൂടുമെന്നാണ് പ്രതീക്ഷ
ജലഗതാഗത വകുപ്പ് അധികൃതർ
...............................
ബുക്കിംഗ് നമ്പർ: 9400050325
നിരക്ക്: മണിക്കൂറിന് 1500 രൂപ
...........................
'പണി'വയ്ക്കാനും ശ്രമം
സർവ്വീസ് തുടങ്ങിയ ആദ്യ ദിനത്തിൽ തന്നെ വാട്ടർ ടാക്സിയെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ആക്ഷേപം പ്രചരിച്ചിരുന്നു. ആദ്യ ഓട്ടത്തിൽ തന്നെ ബോട്ട് പണിമുടക്കി എന്നായിരുന്ന പ്രചാരണം. വാട്ടർ ടാക്സിയെ ഇല്ലാതാക്കിയാൽ ലാഭം കൊയ്യാമെന്ന് ധരിക്കുന്നവരാണ് ഇത്തരം അടിസ്ഥാന രഹിതമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തതമാക്കുന്നു.