ആലപ്പുഴ: വൃശ്ചികമാസത്തിൽ ആരംഭിക്കുന്ന സപ്താഹ സീസണിലേക്ക് ആചാര്യൻമാരെ തേടി വിളികളെത്തേണ്ട സമയമാണെങ്കിലും കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള നൂറു കണക്കിന് ആചാര്യന്മാർക്കിത് കാലക്കേടിന്റെ കാലം. ഒരു സപ്താഹമോ നവാഹമോ നടത്തണമെന്ന ആവശ്യവുമായി അടുത്തെങ്ങും ആരും സമീപിക്കുമെന്ന പ്രതീക്ഷയും ഇവർക്കില്ല.
ഡിസംബർ മുതൽ ഏപ്രിൽ വരെ ഒരു വേദിയിൽ നിന്ന് അടുത്തതിലേക്ക് എത്തുന്നതായിരുന്നു ആചാര്യന്മാരുടെ പതിവ്. എന്നാൽ ഇന്ന് വീട്ടിലെ പൂജാമുറിയിൽ നാമജപവുമായി ഒതുങ്ങുകയാണ് ഭൂരിഭാഗം പേരും. ആചാര്യന് പുറമേ പൂജാരി, പാരായണക്കാർ, വാദ്യകലാാകാരൻമാർ എന്നിവരടങ്ങുന്നതാണ് ഒരു സംഘം. വരുമാനം നിലച്ചതോടെ പലരും പല വഴിക്ക് പിരിഞ്ഞു. ചിലർ പുതിയ തൊഴിലുകളിൽ ചേക്കേറി. എന്നാൽ കൽപ്പിച്ചു കിട്ടിയ, ആചാര്യനെന്ന സ്ഥാനപ്പേര് മൂലം കൂലിപ്പണി പോലും ലഭിക്കാത്ത സ്ഥിതിയാണെന്ന് ഇവർ പറയുന്നു. സപ്താഹ വേദികളിൽ നിന്ന് പ്രതിദിനം ചുരുങ്ങിയത് ആയിരം രൂപ മുതൽ ഓരോരുത്തർക്കും വരുമാനം ലഭിച്ചിരുന്നു. ഇനി ഒരു വേദി ലഭിച്ചാൽ പോലും ജനങ്ങളിൽ നിന്ന് പഴയതുപോലെ ദക്ഷിണ ലഭിക്കാനുള്ള സാദ്ധ്യതയില്ല. വർഷത്തിൽ 20 മുതൽ 24 വേദികളിൽ വരെ ബുക്കിംഗ് ലഭിച്ചിരുന്ന ആചാര്യൻമാരുണ്ട്.
......................
പരീക്ഷണം വിജയം
പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിച്ച് നവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്ത് നവാഹം നടത്തിയത് വിജയമായിരുന്നു. പാരായണക്കാരെ കൂടാതെ ബാക്കിയുള്ളവർക്ക് ടോക്കൺ നൽകിയാണ് വേദിയിൽ ആളെണ്ണം നിയന്ത്രിണമുണ്ടായിരുന്നു. ഈ മാതൃക പിന്തുടർന്ന് മറ്റിടങ്ങളിലും സപ്താഹങ്ങൾ നടത്തണമെന്നാണ് ആചാര്യൻമാർ ആവശ്യപ്പെടുന്നത്.
......................
കൊവിഡ് കാലത്ത് യാതൊരു സഹായവും ലഭിച്ചിട്ടില്ലാത്ത വിഭാഗമാണ് പാരായണക്കാർ. വായ്പകളുടെ പലിശ കയറി പലരും ആത്മഹത്യയുടെ വക്കിലാണ്. സാമൂഹിക അകലം പാലിച്ച് വേദികൾ സംഘടിപ്പിക്കാവുന്നതാണ്
കൈനകരി രമേശൻ, ഭാഗവതാചാര്യൻ