മാന്നാർ: പരമ്പരാഗത വ്യവസായങ്ങളുടെ ഗണത്തിൽ ഏറെ പഴക്കമുള്ള മൺപാത്ര നിർമ്മാണം തകർച്ചയിലേക്ക്. മേഖലയ്ക്ക് സർക്കാരിൽ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി.
ചെങ്ങന്നൂർ തിരുവൻവണ്ടൂർ പഞ്ചായത്തിലെ കല്ലിശ്ശേരി ഉമയാറ്റുകര, ഇരമല്ലിക്കര ഭാഗങ്ങളിലും ബുധനൂർ, മിത്രക്കരി, ചക്കുളത്തുകാവ്, ആലുംതുരുത്തി എന്നിവിടങ്ങളിലുമായിരുന്നു മൺപാത്ര നിർമ്മാണം സജീവമായിരുന്നത്. വീടുകളോടു ചേർന്നായിരുന്നു നിർമ്മാണ ശാലകൾ. ഈ മേഖലയിൽ ഉപജീവനം നടത്തിയിരുന്ന 250ഓളം കുടുംബങ്ങളിൽ നിന്ന് നിലവിൽ ബന്ധപ്പെട്ട് നിൽക്കുന്നത് വിരലിലെണ്ണാവുന്നവർ മാത്രം. കല്ലിശേരിയിലെ ഉമയാറ്റുകയിൽ മൂന്നുപേരും ചക്കുളത്തുകാവിൽ ഒരു 70കാരനും മാത്രമേ രംഗത്തുള്ളൂ.
67 കാരനായ കല്ലിശ്ശേരി ഉമയാറ്റുകര വല്യവീട്ടിൽ വടക്കേതിൽ വി.കെ. ഉണ്ണിയുടെ കുടുംബം 51 വർഷമായി ഈ രംഗത്തുണ്ട്. ഇദ്ദേഹത്തോടൊപ്പം ഭാര്യ വി.കെ. ലളിതമ്മ, മരുമകൻ അനിൽകുമാർ എന്നിവരുമുണ്ട്. രണ്ടര സെന്റിലെ സ്വന്തം ചൂളയിലാണ് പ്രവർത്തനം. മുമ്പ് 8 സഹായികൾ കൂടി ഉണ്ടായിരുന്നു. മണ്ണ് അരയ്ക്കാനും പാത്ര നിർമ്മാണത്തിനും എളുപ്പം യന്ത്രമാണെങ്കിലും വൈദ്യുതിക്ക് മുടക്കാൻ പണമില്ലാത്തതിനാൽ പരമ്പരാഗത രീതി തന്നെ ആശ്രയിക്കുകയായിരുന്നു.
മണ്ണിന് പൊന്നുവില
പണ്ടൊക്കെ മുതൽമുടക്കില്ലാതെ പാത്ര നിർമ്മാണത്തിന് സുലഭമായി മണ്ണ് ലഭിച്ചിരുന്നു. പിന്നീട്1000 രൂപയിൽ തുടങ്ങി ഇപ്പോൾ 20,000 ത്തിലെത്തി നിൽക്കുന്നു.15 മുതൽ 20 ടൺ വരെ ചെളിയുടെ ഉത്പ്പന്നങ്ങൾ വർഷംതോറും നിർമ്മിച്ചിരുന്നു. ഇപ്പോൾ എല്ലാവർക്കും കൂടി പരമാവധി 5 ലോഡ് മതിയാകും. ഇത് ലഭ്യമാക്കാൻ സർക്കാർ സഹായിക്കുന്നില്ല. കോട്ടയം - കുമരകം റോഡിൽ ചെങ്ങളം ഭാഗത്ത് 10 ഏക്കർ വിസ്തൃതിയിൽ വർഷങ്ങളായി കൃഷിയിറക്കാതെ കിടക്കുന്ന സ്ഥലത്തു നിന്നാണ് മണ്ണ് കിട്ടിക്കൊണ്ടിരുന്നത്. ഒരു പിക്കപ്പ് ടെമ്പോവാൻ ചെളിക്കു മാത്രം 4000 - 5000 വരെ അവിടെ കൊടുക്കണം. പിന്നെ കയറ്റിറക്കുകൂലി, വാഹനവാടക എന്നിവ പുറമെ. ഇപ്പോൾ കർശന നിയന്ത്രണവും വന്നു. ജിയോളജി വകുപ്പ്, റവന്യു വകുപ്പ്, വില്ലേജ് ഓഫീസർ അടക്കമുള്ളവർക്ക് അപേക്ഷ നൽകിയിട്ടും അനുമതി കിട്ടുന്നില്ല.
അവഗണിച്ച് ബാങ്കുകാരും
ബാങ്കുകളും മറ്ര് ധനകാര്യ സ്ഥാപനങ്ങളും ഈ വ്യവസായത്തിന് വായ്പനൽകാൻ തയ്യാറല്ല. സെൻട്രൽ ബാങ്ക് 12.5 ശതമാനം പലിശയിൽ 25,000 രൂപ വരെ മുമ്പ് വായ്പ തന്നിരുന്നു. ആരും മുടക്കമൊന്നും വരുത്തിയില്ലെങ്കിലും പുതിയ മാനേജരെത്തിയതോടെ അതില്ലാതായി. പഴയ മാനേജർ പറഞ്ഞിട്ടും, തിരിച്ചടവുകൾ ഉൾപ്പടെയുള്ള രേഖകൾ കാട്ടി ബോദ്ധ്യപ്പെടുത്തിയിട്ടും രക്ഷയില്ല.
നിർമ്മാണ രീതി
മൺപാത്ര കലം, പലതരത്തിലുള്ള ചട്ടികൾ, വിളക്ക്, ക്ഷേത്രത്തിലേക്കാവശ്യമായ മൺചിരാതുകൾ, മൂന്ന് വാൽ ഉള്ള വാൽക്കിണ്ടി, കലശ കുടം, പൊങ്കാലക്കലം, വിളക്കുകൾ, പളളിയിലേക്കാവശ്യമുള്ള കഞ്ഞി ചട്ടികൾ, എന്നിവയാണ് മാന്നാർ ഭാഗത്ത് നിർമ്മിക്കുന്നത്. തടിയിൽ നിർമ്മിച്ച ചട്ടക്കൂട്ടിൽ അതിനുചുറ്റും കോൺക്രീറ്റ് ചെയ്ത് ബയറിംഗിൽ തീർത്ത (വീൽ) ചക്രം ആണ് നിർമ്മാണത്തിനുപയോഗിക്കുന്നത്. തലേന്നാൾ വെള്ളം തളിച്ച് കുതിർത്തിട്ട് ചവിട്ടി അയച്ച കളിമണ്ണാണ് ഉപയോഗിക്കുക. 45 ദിവസങ്ങൾ കൊണ്ടാണ് ഒരു ചൂളയിൽ വേണ്ട പാത്രങ്ങൾ ചുട്ടെടുക്കാൻ തയ്യാറാവുന്നത്. 4 ദിവസം ചൂളയ്ക്ക് വെയ്ക്കും. അതിനു ശേഷം വില്പനയ്ക്കു തയ്യാറാകും.35,000 മുതൽ 40,000 രൂപ വരെയാണ് ഒരു ചൂളയിലെ മൺപാത്രങ്ങൾ ചുട്ടെടുക്കുമ്പോഴുള്ള ചെലവ്.
ഒറ്റയാൻ പോരാട്ടം
വല്യവീട്ടിൽ വടക്കേതിൽ ശിവശങ്കര അയ്യർ എഴുപതാം വയസിലും മൺപാത്ര നിവർമ്മാണം തുടരുകയാണ്. 55 വർഷം മുമ്പ് തുടങ്ങിയതാണ്. രണ്ടു സെന്റിൽ ചൂളയും സ്വന്തമായിട്ടുണ്ട്. ഒരു വർഷം 6 ലോഡ് ചെളിയുടെ നിർമ്മാണം നടന്നിരുന്ന സ്ഥാനത്ത് അതിന്റെ പകുതിയെങ്കിലും കിട്ടിയാൽ മതിയെന്നാണ് ആഗ്രഹമെന്ന് അയ്യർ പറയുന്നു.