ലണ്ടൻ: കൊവിഡ് പ്രതിസന്ധി അവസാനിപ്പിക്കാൻ വാക്സിനായി ലോകം കാത്തിരിക്കുന്നതിനിടെ ശുഭവാർത്തയുമായി ബ്രിട്ടീഷ് സർക്കാർ. വരുന്ന ക്രിസ്മസിനു മുൻപായി കൊവിഡ് വാക്സിൻ ലഭ്യമായിത്തുടങ്ങിയേക്കാമെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ വാക്സിൻ ടാസ്ക്ഫോഴ്സ് ബി.ബി.സി ടെലിവിഷന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഓക്സ്ഫഡ് സർവകലാശാല ഉത്പാദിപ്പിക്കുന്ന വാക്സിനും നോവോവാക്സിന്റെ വാക്സിനും പരീക്ഷണത്തിന്റെ അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലാണെന്നും അവർ വ്യക്തമാക്കി.
ഡിസംബർ 25 ക്രിസ്മസിനു മുൻപായി ചിലർക്ക് വാക്സിൻ ലഭ്യമായേക്കാമെന്നും 2021ന്റെ തുടക്കത്തിൽ വാക്സിൻ വിതരണം ഉദ്ഘാടനം ചെയ്യപ്പെടാനാണ് കൂടുതൽ സാദ്ധ്യതയെന്നും ടാസ്ക് ഫോഴ്സ് അദ്ധ്യക്ഷ കേറ്റ് ബിങ്ഹാം വ്യക്തമാക്കി.
"മുൻനിര വാക്സിൻ നിർമ്മാതാക്കളുടെ മൂന്നാം ഘട്ട പരീക്ഷണഫലം 2020 അവസാനമാണ് ലഭിക്കുന്നത്. ഇൻജെക്ഷൻ സ്വീകരിച്ചവരിൽ രോഗം ബാധിച്ചവരുടെ നിരക്കാണ് വാക്സിന്റെ ഫലപ്രാപ്തി നിശ്ചയിക്കുന്നത്. വാക്സിന് എങ്ങനെ വൈറസ് ബാധ തടയാൻ കഴിയുന്നുവെന്നതും രോഗലക്ഷണങ്ങൾ കുറയ്ക്കാൻ കഴിയുന്നുവെന്നതുമാണ് പ്രാഥമികമായി അറിയാനാകുക." ലാൻസറ്റ് മെഡിക്കൽ ജേണലിലെ ലേഖനത്തിൽ അവർ വ്യക്തമാക്കി.
"ആദ്യ രണ്ട് വാക്സിനുകളും, അല്ലെങ്കിൽ രണ്ടിലൊരു വാക്സിൻ ഫലപ്രദമാണെന്നു തെളിഞ്ഞാൽ ഈ ക്രിസ്മസ് കാലത്ത് തന്നെ വാക്സിൻ നൽകിത്തുടങ്ങാൻ സാദ്ധ്യതയുണ്ട്. പക്ഷെ അടുത്ത വർഷം തുടക്കത്തിൽ വാക്സിൻ പ്രതീക്ഷിക്കാമെന്ന ചിന്തയ്ക്കാണ് കൂടുതൽ യാഥാർത്ഥ്യബോധമുള്ളത്."
അതേസമയം, ആദ്യതലമുറ വാക്സിനുകൾ രോഗത്തിനെതിരെ പൂർണമായ പ്രതിരോധശേഷി തരില്ലെന്നും എല്ലാവരിലും പ്രവർത്തിക്കില്ലെന്നും അവർ നേരത്തെ വ്യക്തമാക്കിയിരുന്നു. രോഗലക്ഷണങ്ങൾ കുറയ്ക്കുക എന്നതിനേക്കാൾ വൈറസ് ബാധ തടയുമെന്ന പ്രതീക്ഷ ഒഴിവാക്കണമെന്നും എല്ലാവരിലും പ്രവർത്തിക്കുമെന്നും ഫലപ്രാപ്തി നീണ്ടുനിൽക്കുമെന്ന് കരുതരുതെന്നും അവർ വ്യക്തമാക്കിയിരുന്നു. അതേസമയം, തങ്ങളുടെ വാക്സിൻ പ്രായമായവരിലും കുട്ടികളിലും മികച്ച ഫലം നൽകുന്നുണ്ടെന്ന് നേരത്തെ ആസ്ട്രസെനക്ക വ്യക്തമാക്കിയിരുന്നു.
അതേസമയം വേൾഡ് ഒ മീറ്ററിന്റെ കണക്ക് പ്രകാരം ലോകത്താകെ 44,878,011 രോഗികളുണ്ട്. 1,180,914 പേർ മരിച്ചു. 32,787,023 പേർ രോഗവിമുക്തരായി.