ഇല്ലായ്മകളെ പിന്നിലാക്കി കുതിക്കാൻ വി.കെ. ശാലിനി
അവാർഡ് നൽകി അത്ലറ്റിക് അസോസിയേഷൻ
കൊച്ചി: പരാധീനതകളുടെ പരിമിതികളെ അതിജീവിച്ച് ട്രാക്കിൽ സ്വർണം കൊയ്ത് ഒളിമ്പ്യനാകാൻ കുതിക്കുന്ന വി.കെ. ശാലിനിയെ അത്ലറ്റിക് വെൽഫെയർ അസോസിയേഷൻ മികച്ച അത്ലറ്റായി തിരഞ്ഞെടുത്തു.
ഹൈറേഞ്ചിന്റെ അഭിമാനതാരം
അന്തർസർവകലാശാല അത്ലറ്റിക് മീറ്റിൽ സ്വർണ കൊയ്ത്ത് നടത്തി കേരളത്തിന് അഭിമാനമായി മാറിയ താരമാണ് വി.കെ. ശാലിനി. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം ചെമ്പൻകുഴിയിലെ വീട്ടിലെ ഇല്ലായ്മകളുടെയും ദുരിതങ്ങളുടെയും കയ്പുനിറഞ്ഞ ഓർമ്മകൾ മറന്നാണ് ട്രാക്കിലെ കുതിപ്പ്. ഇരുപത് വയസിൽ താഴെ പ്രായമുള്ള ശാലിനി വാരികൂട്ടിയ മെഡലുകൾ സൂക്ഷിക്കാൻ അടച്ചുറപ്പുള്ള കൊച്ചുവീട് എന്ന സ്വപ്നം ഈയിടെയാണ് മൂന്നു സെന്റ് ഭൂമിയിൽ സഫലമായത്. ശാലിനിക്ക് രണ്ടു വയസുള്ളപ്പോൾ അച്ഛൻ കൃഷ്ണൻ മരിച്ചു. അമ്മ ശാന്ത ഏലത്തോട്ടത്തിൽ കൂലിപ്പണിക്ക് ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ശാലിനിയെയും സഹോദരി കവിതയെയും വൃദ്ധയായ മാതാവും അടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്.
മഹാപ്രളയകാലത്ത് വീട് കുത്തിയൊലിച്ചു പോകുംവിധം തകർച്ച നേരിട്ടു. പഞ്ചായത്തിന്റെ ഭവനനിർമ്മാണ സഹായം കൊണ്ടു കൊച്ചു വീട് സ്വന്തമായി. ഇനി മുന്നോട്ടു പോകണമെങ്കിൽ ഒരു ജോലി അനിവാര്യമാണെന്നതാണ് ശാലിനി നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി.
വേണമൊരു ജോലി
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയായ ശാലിനിക്ക്, കായികാദ്ധ്യാപകൻ ജോൺ ബേബിയുടെ അകമഴിഞ്ഞ സഹായം കൊണ്ടാണ് പരിശീലനം നടത്താൻ കഴിയുന്നത്. ഇന്ത്യൻ ക്യാമ്പിൽ പരിശീലനത്തിലാണ് ഇപ്പോൾ. അഖിലേന്ത്യാ സർവകലാശാല മീറ്റിൽ ഇരട്ട മെഡലിന് ഉടമയായ ശാലിനി ഇന്ത്യൻ അത്ലറ്റിലെ പ്രതീക്ഷയാണ്. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ ആറാം ക്ലാസ് വരെ പഠിച്ച ശാലിനി പ്ലസ്ടു വരെ കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ കായികാദ്ധ്യാപകൻ രാജു പോളിന്റെ ശിക്ഷണത്തിലാണ് പരിശീലനവും പഠനവും പൂർത്തീകരിച്ചത്. ദേശീയ മീറ്റുകളിൽ വാരിക്കൂട്ടിയ മെഡലുകൾ സൂക്ഷിക്കാൻ വിപുലമായ സൗകര്യം വേണമെങ്കിലും ഇല്ലായ്മകളുടെയും ദുരിതങ്ങളുടെ നടുവിൽ നട്ടം കറങ്ങുന്ന കുടുംബത്തെ പോറ്റാൻ ജോലിയെന്ന സ്വപ്നവുമായി ശാലിനി ട്രാക്കുകളിൽ കുതിച്ചു പായുകയാണ്.
അത്ലറ്റിക് വെൽഫെയർ അസോസിയേഷൻ അവാർഡ് 25,000 രൂപ ഉൾപ്പെടുന്നതാണ്. അർജുന അവാർഡ് ജേതാവും ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ ജോസഫ് ജി. അബ്രഹാം, ഒളിമ്പ്യൻ പി. രാമചന്ദ്രൻ, ഒളിമ്പ്യൻ ജിൻസി ഫിലിപ്പ്, ഒളിമ്പ്യൻ കെ.എം. ബിനു, എന്നിവരടങ്ങുന്നതായിരുന്നു അവാർഡ് നിർണയ സമിതിയെന്ന് അസോസിയേഷൻ പ്രസിഡന്റ് റോയി വർഗീസ് അറിയിച്ചു. അസോസിയേഷൻ രക്ഷാധികാരിയും കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്(സിയാൽ) ഡയറക്ടറുമായ ഇ.എം. ബാബു ഇരുമലയാണ് അവാർഡ് തുക സ്പോൺസർ ചെയ്തത്.