കൊച്ചി: ഇറച്ചി വിപണിയിൽ വൻ പദ്ധതികളുമായി മീറ്റ് പ്രൊഡക്ട്സ് ഒഫ് ഇന്ത്യ. മൃഗങ്ങളെ സ്വന്തമായി വളർത്തുന്ന ഫാമാണ് പ്രധാനപദ്ധതി. ചാലക്കുടിയിൽ എം.പി.ഐയുടെ ഉടമസ്ഥതയിലുള്ള 16 ഏക്കർ സ്ഥലത്ത് രണ്ടു വർഷത്തിനകം കാള, പോത്ത്, കിടാരി തുടങ്ങി 30,000 ഉരുക്കളെ വളർത്തുകയാണ് ലക്ഷ്യം.
1.95 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ അനുമതി നൽകി. കൊല്ലം ഏലൂരിൽ 1350 ലക്ഷം രൂപ ചെലവിൽ മാംസസംസ്കരണശാലയും ആരംഭിക്കും. 250 പേർക്ക് തൊഴിൽ അവസരമുണ്ടാകും.
കുടുംബശ്രീക്കും കൈത്താങ്ങ്
കേരളചിക്കൻ എന്നപേരിൽ കുടുംബശ്രീ യൂണിറ്റുകൾ വഴി വളർത്തുന്ന ഇറച്ചി കോഴികളെ നിശ്ചിതവിലയ്ക്ക് വാങ്ങുന്നതിന് എം.പി.ഐ കരാറുണ്ടാക്കി. കൊവിഡ് കാലത്ത് കുടുംബശ്രീയിൽനിന്ന് 45 ലക്ഷം രൂപയുടെ ഇറച്ചിക്കോഴികളെ വാങ്ങിയിരുന്നു.
പന്നിയിറച്ചി പ്ളാന്റ് ഇന്ന് ഉദ്ഘാടനം
കൂത്താട്ടുകുളം ആസ്ഥാനത്ത് പന്നിയിറച്ചി സംസ്കരണത്തിനുള്ള ആധുനിക സ്വയിൻ പ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഒരുസമയം 200 പന്നികളെ കശാപ്പുചെയ്ത് 11 മെട്രിക് ടൺ ഇറച്ചിയുത്പന്നങ്ങൾ സംസ്കരിക്കാൻ ശേഷിയുണ്ട്. മാലിന്യസംസ്കരണപ്ലാന്റ്, ഓഡിറ്റോറിയം, കാന്റീൻ എന്നിവയും ഉച്ചക്ക് 12ന് മന്ത്രി കെ. രാജു ഉദ്ഘാടനം നിർവഹിക്കും.
മികവ്
''കൊവിഡ് പ്രതിസന്ധിയിലായിരുന്നിട്ടും സെപ്തംബർ വരെ 10 കോടിരൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയത്. നടപ്പുവർഷം 25 കോടി രൂപയാണ് ലക്ഷ്യം.''
അഡ്വ. ടി.ആർ രമേഷ് കുമാർ ( ചെയർമാൻ)
ഡോ. എ.എസ്. ബിജുലാൽ ( മാനേജിംഗ് ഡയറക്ടർ)