പാലക്കാട്: സംസ്ഥാന ബി.ജെ.പിയിലെ പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാവ് ശോഭാസുരേന്ദ്രൻ. ദേശീയ നിർവാഹക സമിതിയിൽ അംഗമായിരിക്കെ കീഴ്വഴക്കം ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളുടെ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അവർ. തന്റെ അനുവാദമില്ലാത്ത നടപടിയിൽ കേന്ദ്ര നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. അതൃപ്തിയുണ്ടെങ്കിലും പൊതുരംഗത്ത് തുടരും. ഉത്തരവാദപ്പെട്ട പ്രവർത്തക എന്ന നിലയിൽ വിഴുപ്പലക്കലിന് നിന്നുകൊടുക്കില്ല. എന്നാൽ, കാര്യങ്ങൾ ഒളിച്ചുവയ്ക്കാൻ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു. പാർട്ടി മുൻഅദ്ധ്യക്ഷന്മാരോടൊപ്പം ഇപ്പോഴത്തെ അദ്ധ്യക്ഷനും ശ്രദ്ധിച്ചു മുന്നോട്ടുപോവുമെന്നാണ് കരുതുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.