ബംഗളുരു: സ്വർണക്കടത്തു കേസിലെ കള്ളപ്പണ ഇടപാടിൽ മുഖ്യന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അകത്താക്കി 24 മണിക്കൂറിനകം ബംഗളുരു ലഹരിമരുന്നു കേസിലെ ബിനാമി- കള്ളപ്പണ ഇടപാടിൽ ബിനീഷ് കോടിയേരിയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതോടെ സംസ്ഥാന സർക്കാരും സർക്കാരിനു നേതൃത്വം നൽകുന്ന സി.പി.എമ്മും കടുത്ത പ്രതിരോധത്തിലായി.
തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കലും നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടുപിന്നാലെയും എത്തി നിൽക്കെ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ കൂടി കള്ളപ്പണ കേസിൽ അറസ്റ്റിലായത് ഇടതു മുന്നണിക്കേറ്റ ഇരട്ടപ്രഹരമാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും ബി.ജെ.പിയും സമരങ്ങൾ ശക്തമാക്കാനിരിക്കെ, വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് തിരഞ്ഞെടുപ്പു ഗോദയിൽ ഇറങ്ങാനൊരുങ്ങുന്ന സർക്കാരിന് കാര്യങ്ങൾ ശ്രമകരമാകും. ബിനീഷിന് പാർട്ടി ബന്ധമില്ലെന്ന് സി.പി.എമ്മും, കുറ്റക്കാരനെന്നു കണ്ടപ്പോൾത്തന്നെ ശിവശങ്കറിനെതിരെ നടപടി സ്വീകരിച്ചുവെന്ന് ആവർത്തിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയെങ്കിലും ഇവരുടെ അറസ്റ്റുകൾ ഏല്പിച്ച ആഘാതം മറികടക്കാൻ ഈ വിശദീകരണം മതിയാകില്ലെന്നുറപ്പ്.
ഇന്നലെ രാവിലെ 11ന് ശാന്തിനഗറിലെ ഇ.ഡി സോണൽ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ബിനീഷിനെ മൂന്നര മണിക്കൂർ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.45 ന് ബംഗളുരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കി, നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. സുരക്ഷ മുൻനിറുത്തി വിൽസൺ ഗാർഡൻ സ്റ്റേഷനിലെ ലോക്കപ്പിലാക്കിയ ബിനീഷിനെ രാവിലെ ചോദ്യംചെയ്യലിന് ഇ.ഡി ഓഫീസിലെത്തിക്കും. കേസിൽ ആറാം പ്രതിയാണ് ബിനീഷ്. നേരത്തേ കൊച്ചിയിലും ബംഗളുരുവിലുമായി ബിനീഷിനെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.
ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായി നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ബിനീഷിനെ കുരുക്കിയത്. കേസിൽ അറസ്റ്റിലായി ജലിലിലാണ് ആനൂപ്. ഇരുപത് അക്കൗണ്ടുകളിൽ നിന്നായി 50 ലക്ഷംരൂപ അനൂപിന്റെ അക്കൗണ്ടിലേക്ക് എത്തിയിരുന്നു. തനിക്ക് അറിയാത്തവർ ഉൾപ്പെടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത് ബിനീഷിന്റെ നിർദ്ദേശപ്രകാരമാണെന്ന അനൂപിന്റെ മൊഴിയാണ് ബിനീഷിന് കുരുക്കായത്.
അനൂപിനൊപ്പമിരുത്തി ചോദ്യംചെയ്യാൻ ഇ.ഡി നേരത്തേ ശ്രമിച്ചെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി ബിനീഷ് ഒഴിഞ്ഞുമാറിയിരുന്നു. അന്ത്യശാസനം നൽകിയപ്പോഴാണ് ഇന്നലെ ഹാജരായത്. ബിനീഷിന്റെ മൊബൈൽഫോൺ ഇ.ഡി പിടിച്ചെടുത്തു. ഇതിലെ മായ്ച്ചുകളഞ്ഞ വിവരങ്ങൾ വീണ്ടെടുക്കും. അനൂപിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ബിനീഷിനെ ഒപ്പമിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കം ഇ.ഡി ആരംഭിച്ചു.
അനൂപ് ബംഗളുരുവിൽ പലയിടങ്ങളിലായി ഹോട്ടലുകൾ ഏറ്റെടുത്തു നടത്തുന്നുണ്ട്. ഇതിനെല്ലാം സാമ്പത്തികമെത്തിച്ചത് ബിനീഷാണെന്നാണ് ഇ.ഡി നിഗമനം. 2015 ൽ ബംഗളുരുവിലെ കമ്മനഹള്ളിയിൽ 'ഹയാത്ത് ' ഹോട്ടൽ തുടങ്ങാൻ ബിനീഷാണ് പണം നൽകിയത്. 2018 ൽ ഹോട്ടൽ വിറ്റു. ഫെബ്രുവരിയിൽ ഹെന്നൂർ കല്യാൺനഗറിൽ 'റോയൽ സ്യൂട്ട്സ് ' ഹോട്ടലും അപ്പാർട്ട്മെന്റും തുടങ്ങാനും ബിനീഷ് പണമെത്തിച്ചു. ഹോട്ടൽ ബിസിനസിന് ആറുലക്ഷം രൂപയാണ് ബിനീഷ് നൽകിയതെന്നാണ് അനൂപിന്റെ മൊഴിയെങ്കിലും ബിനീഷിനെ ചോദ്യംചെയ്തപ്പോൾ കൂടുതൽ പണമെത്തിച്ചെന്ന് വ്യക്തമായി.
ലഹരിക്കേസ് പിന്നാലെ
ബംഗളുരു ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) ബിനീഷിനെ ചോദ്യംചെയ്യും. ഇന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ ഇ.ഡി ഓഫീസിലെത്തി വിവരങ്ങൾ ശേഖരിക്കും. തുടർന്ന് ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.
ഇന്നലെ
രാവിലെ 11.00
രണ്ട് സുഹൃത്തുക്കൾക്കൊപ്പം ബിനീഷ് ശാന്തിനഗറിലെ ഇ.ഡി ഓഫീസിൽ
12.00
ബംഗളുരു പൊലീസ് ഉദ്യോഗസ്ഥർ ഇ.ഡിയുടെ ഓഫീസിലെത്തി
2.00
ബിനീഷിനെ കൊവിഡ് പരിശോധനയ്ക്ക് കൊണ്ടുപോയി
2.45
ബംഗളുരു സിറ്റി സിവിൽ കോടതിയിലെത്തിച്ചു
3.30
ഒന്നാം നമ്പർ കോടതി വാദം കേട്ടു
4.50
ബിനീഷിനെ നാലു ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു
5.15
ബിനീഷുമായി ഉദ്യോഗസ്ഥർ ഇ.ഡി സോണൽ ഓഫീസിലേക്ക്