കോവളം: തിരുവല്ലം നെല്ലിയോട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് ദേവിക്ക് ചാർത്തുന്ന ആഭരണങ്ങളും കാണിക്കവഞ്ചിയിലെ പണവും കവർന്നു. ശ്രീകോവിലിന്റെ പൂട്ട് തകർത്താണ് ആഭരണങ്ങളും പണവും മോഷ്ടിച്ചത്. ദേവിയുടെ തിരുമുടിയിൽ അണിയിക്കുന്ന രണ്ടരപ്പവന്റെ രണ്ട് സ്വർണത്താലി, 40 സ്വർണപ്പൊട്ട് എന്നിവയാണ് നഷ്ടമായത്. ഇന്നലെ രാവിലെ ആറരയോടെ പൂജാരിയായ വേലപ്പൻ ആശാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് കിഴക്കേനടയിലെ നാഴിക പൂട്ട് പൊളിച്ചിരിക്കുന്നത് കണ്ടത്. ഉടൻ വിവരം ക്ഷേത്ര പ്രസിഡന്റ് രാജ്കുമാറിനെ അറിയിക്കുകയായിരുന്നു. അർച്ചന കൗണ്ടറിൽ സ്ഥാപിച്ചിരുന്ന ക്ഷേത്രത്തിലെ സി.സി.ടി.വി കാമറകളുടെ സെർവറും കവർന്നതായി തിരുവല്ലം പൊലീസ് പറഞ്ഞു. കിഴക്കേ നടയിലെ പൂട്ട് പൊളിക്കാനുപയോഗിച്ച പുതിയ രണ്ട് പിക്കാസുകൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. വിഗ്രഹങ്ങൾക്ക് മുമ്പിൽ സ്ഥാപിച്ചിരുന്ന ഏഴ് കാണിക്ക വഞ്ചികൾ കുത്തിപ്പൊളിച്ച് പണം കവർന്നശേഷം ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ചു. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ കയറിയ മോഷ്ടാക്കാൾ തേങ്ങ പൊതിക്കുന്ന കമ്പിപ്പാരയും പുറത്തെടുത്തു. ഒന്നരലക്ഷം രൂപയുടെ ആഭരങ്ങളും പണവുമാണ് നഷ്ടപ്പെട്ടതെന്ന് ക്ഷേത്രം പ്രസിഡന്റ് പറഞ്ഞു. തിരുവല്ലം ഇൻസ്പെക്ടർ വി. സജികുമാർ, എസ്.ഐ പ്രതാപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലം പരിശോധിച്ചു. ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.