തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ ഏഴിന് ശേഷം രണ്ട് ഘട്ടമായി നടക്കാൻ സാദ്ധ്യത. തീയതി അടുത്ത മന്ത്രിസഭായോഗത്തിന് ശേഷം ബുധനാഴ്ച വൈകിട്ടോ വ്യാഴാഴ്ചയോ പ്രഖ്യാപിച്ചേക്കും.
ഡിസംബർ 15ന് മുമ്പ് പുതിയ ഭരണസമിതികൾ ചുമതലയേൽക്കുന്ന വിധത്തിൽ നടപടികൾ പൂർത്തിയാക്കും. തിരഞ്ഞെടുപ്പ് എത്രഘട്ടമായി നടത്തണമെന്ന് തീരുമാനിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഡി.ജി.പിയുമായി തിങ്കളാഴ്ച ചർച്ച നടത്തും.
നിലവിലെ ഭരണസമിതികളുടെ കാലാവധി നവംബർ 11ന് പൂർത്തിയാകുന്ന സാഹചര്യത്തിൽ, പുതിയ ഭരണസമിതികൾ വരുന്നതുവരെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾക്കാണ് ചുമതല. ജില്ലാ,ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകളിലും കോർപറേഷൻ, മുനിസിപ്പാലിറ്റികളിലും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ രൂപീകരിക്കുന്നതിനുള്ള ഘടന തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാമുരളീധരൻ തയ്യാറാക്കി സർക്കാരിന് കൈമാറി. ജില്ലാ പഞ്ചായത്തിൽ അദ്ധ്യക്ഷനായി കളക്ടറും, പഞ്ചായത്ത് സെക്രട്ടറിയും , ഗ്രാമവികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനും അടങ്ങുന്നതാണ് കമ്മിറ്റി. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ സെക്രട്ടറിമാരുടെ നേതൃത്വത്തിലും. തദ്ദേശ എൻജിനിയറിംഗ് ,കൃഷി ഉദ്യോഗസ്ഥർ അംഗങ്ങളാകും. കോർപറേഷനിൽ കളക്ടർ അദ്ധ്യക്ഷനും കോർപറേഷൻ സെക്രട്ടറിയും എൻജിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥനും അടങ്ങിയ കമ്മിറ്റിയും മുനിസിപ്പാലിറ്റിയിൽ സെക്രട്ടറി, എൻജിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ, സാമൂഹ്യക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ കമ്മിറ്റിയും.
കൊവിഡ്: പ്രത്യേക സമിതി
കൊവിഡ് വ്യാപനം കണക്കിലെടുത്ത് തദ്ദേശസ്ഥാപനങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. ആരോഗ്യ, കുടുംബശ്രീ പ്രവർത്തകരെ ഉൾപ്പെടുത്തും. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾക്ക് പുറമേയാണിത്.