കണ്ണൂർ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ അഞ്ചാം പ്രതിയായി അറസ്റ്റുചെയ്തതോടെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുമെന്നും മുഖ്യപ്രതിയായി മുഖ്യമന്ത്രി മാറുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് യു.ഡി.എഫ് വഞ്ചനാദിനം ആചരിക്കുമെന്ന് കണ്ണൂർ പ്രസ്ക്ലബിൽ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നിയമപരമായും ധാർമ്മികമായും മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ പിണറായിക്ക് യോഗ്യതയില്ല. ജനവികാരം മാനിച്ച് രാജിവയ്ക്കണം. മുഖ്യമന്ത്രി തുടക്കം മുതൽ ശിവശങ്കറിനെ സംരക്ഷിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായതുകൊണ്ടാണ് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടിട്ടും മാറ്റാതിരുന്നത്. നേരത്തെ പറഞ്ഞതൊന്നും ഓർമ്മയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വപ്നയെ അറിയില്ലെന്നാണ് ആദ്യം പറഞ്ഞത്. ആറ് തവണ മുഖ്യന്ത്രിയെ കണ്ടെന്നാണ് സ്വപ്നയുടെ മൊഴി. ഇതിന്റെ തെളിവ് പുറത്തുവരാതിരിക്കാനാണ് സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചത്. സ്വപ്നയുടെ മൊഴി വന്നപ്പോൾ മാത്രമാണ് അദ്ദേഹത്തിന് സ്വപ്നയെ കണ്ടത് ഓർമ വന്നത്.