മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർക്കും പങ്കെന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രധാന ഉദ്യോഗസ്ഥർക്കും രണ്ട് മന്ത്രിമാർക്കും സ്വർണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു.
ഈ ഉദ്യോഗസ്ഥർ ടെലിഫോണിലൂടെയും അല്ലാതെയും കള്ളക്കടത്തുകാരുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. സ്വപ്നയും സരിത്തും സന്ദീപ് നായരും ഉൾപ്പെടെയുള്ള സ്വർണക്കടത്തുകാർ നിരവധി തവണ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിട്ടുണ്ട്. വിശദാംശങ്ങൾ പുറത്തുവന്ന് അപഹാസ്യനാവും മുമ്പ് മുഖ്യമന്ത്രി രാജിച്ചൊഴികയുകയാണ് നല്ലതെന്ന് സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ട് മന്ത്രിമാർ സ്വർണക്കടത്തുകാരെ സഹായിച്ചിട്ടുണ്ടെന്ന ആരോപണം ഉത്തരവാദിത്തത്തോടെയാണ് പറയുന്നത്. ശിവശങ്കർ എല്ലാം ചെയ്തത് മുഖ്യമന്ത്രിയ്ക്ക് വേണ്ടിയാണ്. സ്വർണക്കടത്തിലെ സൂത്രധാരൻ മുഖ്യമന്ത്രിയാണ്. ഇതിന്റെ നേട്ടം അദ്ദേഹത്തിന്റെ അടുപ്പക്കാർക്കാണ്. ധാരാളം വിദേശ ധനസഹായം കേരളത്തിലേക്കൊഴുകിയിട്ടുണ്ട്. അതിന്റെയെല്ലാം കമ്മിഷനും ഇവർക്ക് കിട്ടിയിട്ടുണ്ട്. ശിവശങ്കറിനേക്കാൾ കൂടുതൽ ബന്ധം സ്വപ്നയുമായി മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രി വിദേശയാത്ര ചെയ്യുന്നതിന് നാലുദിവസം മുമ്പ് ശിവശങ്കറും സ്വപ്നയും എങ്ങനെ വിദേശത്ത് എത്തി ? മുഖ്യമന്ത്രി വിദേശത്ത് നടത്തിയ ഉന്നതരുമായുള്ള കൂടിക്കാഴ്ചയിൽ സ്വപ്ന എങ്ങനെ പങ്കെടുത്തു?
സ്വർണക്കടത്തുകാരെ സഹായിക്കാൻ ശിവശങ്കർ ഇറങ്ങിയത് മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരമാണ്. സ്വർണം പിടിച്ചപ്പോൾ അത് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നും പറഞ്ഞാണ് ശിവശങ്കർ വിളിച്ചത്. കൂടുതൽ കാര്യങ്ങളറിയാൻ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
.