മനസാക്ഷിയെ കോടതിയുടെ സ്ഥാനത്ത് ഈ സർക്കാർ പ്രതിഷ്ഠിച്ചില്ല
തിരുവനന്തപുരം: ഒരുദ്യോഗസ്ഥന്റെ ചെയ്തികളെയാകെ സർക്കാരിന്റെ തലയിൽ കെട്ടിവച്ച് അഴിമതിയുടെ ദുർഗന്ധം എറിഞ്ഞുപിടിപ്പിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അടിസ്ഥാനരഹിതമായ അഴിമതിയാരോപണങ്ങളുന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കി ജനക്ഷേമ നടപടികളെ തമസ്കരിക്കാമെന്ന വ്യാമോഹമാണ് പ്രതിപക്ഷത്തിന്. ഈ സർക്കാർ ഒരഴിമതിയും വച്ചുവാഴിക്കില്ല. അഴിമതിക്കാരെ സംരക്ഷിക്കുകയുമില്ല. പ്രയാസമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കെല്ലാം ആശ്വാസമെത്തിക്കുകയും നാടിന്റെ വികസനത്തെ പുതിയ തലത്തിലേക്കുയർത്തുകയും ചെയ്യുകയെന്ന ദൗത്യമാണ് സർക്കാർ നിർവഹിക്കുന്നത്. ജീവിതാനുഭവത്തിലൂടെ ആ യാഥാർത്ഥ്യം അംഗീകരിക്കുന്ന ജനങ്ങളെ തെറ്റായ പ്രചാരണങ്ങളിലൂടെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
മുൻകാലങ്ങളിലെപ്പോലെ നിയമത്തിനതീതമായി മനഃസാക്ഷിയെ കോടതിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ഈ സർക്കാർ തയാറായില്ല. അവിടെയാണ് അഴിമതിക്കെതിരായ സമീപനത്തിൽ മുൻ യു.ഡി.എഫ് സർക്കാരും ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാരും തമ്മിലെ വ്യത്യാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ, പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടതടക്കമുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യു.എ.ഇ കോൺസലേറ്റിലേക്ക് വന്ന നയതന്ത്ര ബാഗേജിൽ 14കിലോയോളം സ്വർണം ഒളിപ്പിച്ചത് കസ്റ്റംസ് നിയമത്തിന്റെ ലംഘനമാണ്. ഡ്യൂട്ടിയടയ്ക്കാതെ കടത്തിക്കൊണ്ടു വന്ന സ്വർണം കണ്ടെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ,ഇതിൽ കോൺസുൽ ജനറൽ കാര്യാലയവുമായി ബന്ധപ്പെട്ട ചിലരെ പ്രതി ചേർത്ത് കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇതിലൊരു പ്രതിയുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചപ്പോൾത്തന്നെ സർക്കാർ ശിവശങ്കറിനെ പദവിയിൽ നിന്ന് മാറ്റി. ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം നടത്തി സസ്പെൻഡ് ചെയ്തു. ഇതിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനൊന്നുമില്ല.
രാജ്യാന്തര കള്ളക്കടത്ത് നികുതിവെട്ടിപ്പിലൊതുങ്ങുന്നതല്ലെന്ന അഭിപ്രായം കേന്ദ്രസർക്കാർ മുമ്പാകെ വച്ചതും, അന്വേഷണമാവശ്യപ്പെട്ടതും സംസ്ഥാന സർക്കാരാണ്- മുഖ്യമന്ത്രി പറഞ്ഞു.