കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റി ജില്ലയിലെ മുഴുവൻ യൂണിറ്റുകളെയും പങ്കെടുപ്പിച്ച് നവംബർ മൂന്നിന് പ്രതീകാത്മക വ്യാപാര ബന്തും ധർണയും സംഘടിപ്പിക്കും. രാവിലെ 10 മുതൽ 12 വരെ കടകൾ തുറന്ന് വ്യാപാരം ബഹിഷ്കരിച്ചാണ് പ്രതീകാത്മക വ്യാപാര ബന്ത് നടത്തുന്നത്.
ജില്ലയിലെ സർക്കാർ ഓഫീസികുൾക്ക് മുന്നിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ധർണയെന്ന് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ എന്നിവർ പറഞ്ഞു. പോഷക സംഘടനകളായ വനിതാ വിംഗ്, യൂത്ത് വിംഗ് എന്നിവയും പങ്കെടുക്കും.
വ്യാപാരമേഖലയിലെ കൊവിഡ് നിയന്ത്രണം വ്യാപാരികളുമായി കൂടിയാലോചിക്കുക, വികസനപ്രവർത്തനങ്ങൾക്ക് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകുക, വ്യാപാരി ക്ഷേമനിധി അപാകത പരിഹരിക്കുക, വ്യാപാര ലൈസൻസ് ഫീസിന് അതിഭീമമായ പിഴ പിൻവലിക്കുക, കെട്ടിടവാടക നിയന്ത്രണ നിയമം നടപ്പാക്കുക, വൈദ്യുതി നിരക്ക് ഏകീകരിക്കുക, അനധികൃത വഴിയോര കച്ചവടം ഒഴിവാക്കുക, മൊറട്ടോറിയം കാലയളവിലെ വായ്പകളുടെ പലിശ പൂർണമായും ഒഴിവാക്കുക, വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ദ്രോഹനടപടികൾ അവസാനിപ്പിക്കുക, ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക, അമിതമായി വർദ്ധിപ്പിച്ച കെട്ടിട നികുതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
കടകൾ സമയപരിധിയില്ലാതെ തുറക്കാൻ അനുവദിച്ചില്ലെങ്കിൽ അനിശ്ചിതകാല കടയടപ്പ് സമരം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ജില്ലാ ഭാരവാഹികൾ അറിയിച്ചു.