ന്യൂഡൽഹി: എയർ ഇന്ത്യയെ പൂർണമായും വിറ്റൊഴിയുന്നതിന്റെ ഭാഗമായുള്ള, താത്പര്യപത്രം സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 30ൽ നിന്ന് ഡിസംബർ 14ലേക്ക് നീട്ടി. ഇതോടൊപ്പം നിക്ഷേപകർക്കുള്ള നിബന്ധനകളിലും ഇളവ് വരുത്തി. ഓഹരി മൂല്യത്തിന് പകരം ഹ്രസ്വകാല - ദീർഘകാല കടബാദ്ധ്യത ഉൾപ്പെടെ എയർ ഇന്ത്യയുടെ എന്റർപ്രൈസ് മൂല്യം (സംരംഭക മൂല്യം) അടിസ്ഥാനമായുള്ള താത്പര്യപത്രമാണ് ക്ഷണിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
അതായത്, എയർ ഇന്ത്യയുടെ കടബാദ്ധ്യതയിൽ എത്ര ഏറ്റെടുക്കുമെന്നും മൊത്തം എത്ര തുക ഏറ്റെടുക്കാനായി നൽകുമെന്നും നിക്ഷേപകർ വ്യക്തമാക്കണം. നിക്ഷേപകർ മൊത്തം കടബാദ്ധ്യത ഏറ്റെടുക്കണമെന്ന നിബന്ധന ഒഴിവാക്കി. ഓഹരി വിറ്റൊഴിയലിലൂടെ ലഭിക്കുന്ന 85 ശതമാനം തുക കടം വീട്ടാനുപയോഗിക്കും. ബാക്കി സർക്കാർ ഖജനാവിലേക്ക് മാറ്റും. എയർ ഇന്ത്യയുടെ 62,000 കോടി രൂപയുടെ കാടബാദ്ധ്യത, ഓഹരി വില്പനയ്ക്ക് മുന്നോടിയായി 23,286 കോടി രൂപയായി സർക്കാർ കുറച്ചിട്ടുണ്ട്.