ഈ വർഷം സെപ്തംബർ 30 വരെ കേരളത്തിൽ 173 കുട്ടികൾ ആത്മഹത്യ ചെയ്തെന്നപൊലീസിന്റെ കണക്കുകൾ പുറത്തു വന്നുകഴിഞ്ഞു. ഏറ്റവും സുരക്ഷിത ഇടമായ വീട് പോലും കുട്ടികൾക്ക് മാനസികസമ്മർദ്ദമുണ്ടാക്കുന്നുഎന്ന യാഥാർത്ഥ്യമാണ് കണക്കുകൾ ബോദ്ധ്യപ്പെടുത്തുന്നത്. കൊവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളും ഏറ്റവുമധികം ദോഷകരമായി ബാധിച്ചിരിക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെയാണ്.
90ശതമാനം സംഭവങ്ങളിലും കുട്ടികളിലെ പെരുമാറ്റ പ്രശ്നങ്ങൾ കണ്ടെത്താൻ അടുത്ത ബന്ധുക്കൾക്കു പോലും കഴിഞ്ഞിരുന്നില്ല. പ്രണയ പരാജയം മുതൽ ഡിജിറ്റൽ ഉപകരണങ്ങളുടെ അടിമത്തവും ലൈംഗിക ചൂഷണവും വരെ ആത്മഹത്യാ കാരണമാണ്.
കൊവിഡിനെത്തുടർന്ന് സാർവത്രികമായ ഓൺലൈൻ വിദ്യാഭ്യാസം കുട്ടികളിൽ സമ്മർദ്ദം സൃഷ്ടിച്ചിട്ടുണ്ട്. പല കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിനാവശ്യമായ സൗകര്യങ്ങളില്ല എന്ന പ്രശ്നവുമുണ്ട്. ആത്മഹത്യ ചെയ്യുന്ന 90 ശതമാനവും അതിനു മുൻപുള്ള മൂന്നുമാസത്തിനുള്ളിൽ എന്തെങ്കിലും സൂചനകൾ തരാറുണ്ടെന്ന് ഗവേഷണപഠനങ്ങൾ വെളിപ്പെടുത്തുന്നു. കത്തുകൾ, ചെറിയ കുറിപ്പുകൾ, സുഹൃത്തുക്കളോട് പറയുന്ന വാചകങ്ങൾ എന്നിവയിലൊക്കെ ആത്മഹത്യാ സൂചനകളുണ്ടാകും. കൗമാരക്കാർ സാമൂഹ്യമാദ്ധ്യമങ്ങളിൽ നടത്തുന്ന ചില പോസ്റ്റുകളിലും ആത്മഹത്യാ സൂചനകൾ ഒളിഞ്ഞിരിപ്പുണ്ട്. വാട്സ്ആപ്പ് സ്റ്റാറ്റസ്, ഇൻസ്റ്റഗ്രാം പോസ്റ്റ് തുടങ്ങിയവയിലൂടെയും സൂചനകൾ നൽകിയേക്കാം. പലപ്പോഴും മാതാപിതാക്കൾ അടക്കമുള്ള മുതിർന്നവർക്ക് കുട്ടികളുടെ സൈബർ ലോകവുമായി ബന്ധമുണ്ടാകില്ല. ഇതിനാൽ കുട്ടികൾ നൽകുന്ന അപായസൂചനകൾ മുതിർന്നവരുടെ ശ്രദ്ധയിൽപ്പെടില്ല.
ആത്മഹത്യാ പ്രവണത എങ്ങനെ തിരിച്ചറിയാം
തുടർച്ചയായി നീണ്ടുനിൽക്കുന്ന വിഷാദഭാവം, പൊടുന്നനെയുള്ള ദേഷ്യം, മുൻകാലങ്ങളിൽ ആസ്വദിച്ചിരുന്ന കാര്യങ്ങൾ ചെയ്യാനുള്ള താത്പര്യമില്ലായ്മ, അകാരണമായ ക്ഷീണം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ഏകാഗ്രതക്കുറവ്, ചിന്തകളുടെയും പ്രവൃത്തികളുടെയും വേഗതക്കുറവ്, നിരാശ, പ്രതീക്ഷയില്ലായ്മ, മരണചിന്തകൾ, ആത്മഹത്യാപ്രവണത എന്നീ ലക്ഷണങ്ങളിൽ അഞ്ചെണ്ണമെങ്കിലും തുടർച്ചയായി രണ്ടാഴ്ച പ്രദർശിപ്പിച്ചാൽ വിഷാദം സംശയിക്കണം.
ലഹരിവസ്തുക്കളുടെ ദുരുപയോഗം, അമിതമായ ഡിജിറ്റൽ അടിമത്വം, ചിലതരം വ്യക്തിത്വ വൈകല്യം , പൊതുവേയുള്ള എടുത്തുചാട്ട സ്വഭാവം എന്നിവയൊക്കെ ആത്മഹത്യയ്ക്ക് കാരണമാകാവുന്ന മനശാസ്ത്ര ഘടകങ്ങളാണ്. സൗഹൃദങ്ങൾ കുറവുള്ള, മാതാപിതാക്കളുമായി ആരോഗ്യകരമായ ബന്ധം പുലർത്താത്ത ഒറ്റപ്പെടൽ അനുഭവിക്കുന്ന കുട്ടികളിലാണ് ആത്മഹത്യാ പ്രവണത കൂടുതലായുള്ളത്. സുഹൃത്തുക്കളുള്ള ബഹിർമുഖരായ കുട്ടികളിലും പൊടുന്നനെയുണ്ടാകുന്ന സമ്മർദ്ദത്തെത്തുടർന്ന് ആത്മഹത്യാപ്രവണത ദൃശ്യമായേക്കാം.
കുട്ടിയെ സഹായിക്കാൻ
മന:ശാസ്ത്ര പരിശീലനമോ വൈദ്യശാസ്ത്ര വൈദഗ്ധ്യമോ ഇല്ലാത്ത ഏതൊരു സാധാരണക്കാരനും ചെയ്യാവുന്നതാണ് ' മാനസികാരോഗ്യ പ്രഥമശുശ്രൂഷ'. അഞ്ചു ഘട്ടങ്ങളിലൂടെയാണ് മാനസികാരോഗ്യ പ്രഥമശുശ്രൂഷ നൽകേണ്ടത്.
1. മാനസിക സമ്മർദ്ദമനുഭവിക്കുന്ന കുട്ടിയെ സമീപിച്ച് പ്രയാസങ്ങൾ ചോദിച്ചു മനസിലാക്കുക. അവർ പറയുന്ന കാര്യങ്ങൾ ഗൗരവത്തോടെ സമാധാനപരമായി കേൾക്കാമെന്നും സ്വകാര്യത സംരക്ഷിക്കാമെന്നും ബോദ്ധ്യപ്പെടുത്തിയാൽ അവർ മനസ് തുറക്കും.
2. കുട്ടികൾ പറയുന്ന കാര്യങ്ങൾ അവരെ തടസ്സപ്പെടുത്താതെ, കുറ്റപ്പെടുത്താതെ, സമാധാനപൂർവം അവസാനം വരെ കേൾക്കുക. . ' എന്നെ കേൾക്കാൻ ഒരാളുണ്ട് ' എന്ന ചിന്ത പലപ്പോഴും ആത്മഹത്യാ പ്രവണതയുള്ളവരെ പിന്തിരിപ്പിച്ചേക്കും.
3. പലപ്പോഴും തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലായിരിക്കാം കുട്ടികൾ മാനസികസംഘർഷം അനുഭവിക്കുന്നത്. മാതാപിതാക്കൾക്ക് എന്നോടിഷ്ടമില്ല എന്ന ചിന്ത മുതൽ കൊവിഡ് വൈറസിനെക്കുറിച്ചുള്ള അബദ്ധധാരണകൾ വരെ ഇക്കൂട്ടത്തിലുണ്ടാവാം. ഈ തെറ്റിദ്ധാരണകൾ തിരുത്താൻ ശാസ്ത്രീയമായ വിശദീകരണങ്ങൾ നൽകിയാൽ കുട്ടികളുടെ ചില സംഘർഷങ്ങളെങ്കിലും ഒഴിഞ്ഞു പോകും.
4. ഇത്രയൊക്കെ ചെയ്തിട്ടും മാനസിക സമ്മർദ്ദത്തിന്റെ ലക്ഷണങ്ങളോ ആത്മഹത്യാപ്രവണതയോ ബാക്കി ആകുന്നുവെങ്കിൽ ആ കുട്ടിക്ക് വിദഗ്ധ സഹായം ആവശ്യമാണ്. പരിചയസമ്പന്നനായ ഒരു മാനസികാരോഗ്യ വിദഗ്ധന് ചികിത്സയിലൂടെ ഈ വിഭാഗത്തിൽ പെടുന്ന കുട്ടികളെ രക്ഷിക്കാൻ സാധിച്ചേക്കും. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ മേൽനോട്ടത്തിലുള്ള ഹെൽപ്പ് ലൈൻ നമ്പറുകളുടെ സഹായവും ഇതിനുവേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്.
5. മാനസികാരോഗ്യ പ്രഥമശുശ്രൂഷയുടെ അഞ്ചാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘട്ടമാണ് കൃത്യമായ സാമൂഹിക പിന്തുണ കുട്ടികൾക്ക് ഉറപ്പുവരുത്തുക എന്നത്. ഹാർവാർഡ് സർവകലാശാല 1938 ഇൽ ആരംഭിച്ച ഹാർവാർഡ് മനുഷ്യവികസന പഠനം ( ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന പഠനം ) വ്യക്തമാക്കുന്നത് ഒരു വ്യക്തിയുടെ ആയുർദൈർഘ്യം ഏറ്റവും കൂടുതൽ വർദ്ധിപ്പിക്കുന്ന ഘടകം, അയാൾ കുട്ടിക്കാലത്തും കൗമാരപ്രായത്തിലും വികസിപ്പിക്കുന്ന വ്യക്തിബന്ധങ്ങളുടെ ഗുണനിലവാരമാണ് എന്നതാണ്. ആത്മഹത്യ ചെയ്യുന്ന ഒരു കുട്ടി അവന്റെ മനസ്സിൽ എങ്കിലും ഒറ്റപ്പെടൽ അനുഭവിക്കുന്നു. അവൻ ഒറ്റപ്പെട്ടു പോകാതെ സംരക്ഷിച്ചു നിറുത്തേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും സഹപാഠികളുടെയും അയൽവാസികളുടെയും സർവോപരി പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികൾക്ക് കൈത്താങ്ങ് നൽകിക്കൊണ്ട് അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ഈ ഘട്ടത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം.