മുടപുരം : കായലിന്റെയും കയറിന്റെയും നാടായ ചിറയിൻകീഴിന്റെ ടൂറിസം മേഖലയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ ഉതകുന്ന ബാക്ക് വാട്ടർ ടൂറിസം പ്രോജക്ടിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം.
ജില്ലയിലെ കായൽ വിനോദസഞ്ചാര സാദ്ധ്യത ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് കഠിനംകുളം -അകത്തുമുറി-അഞ്ചുതെങ്ങ് തീരപ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള എട്ട് കോടി രൂപയുടെ കായലോര ടൂറിസം ഇടനാഴി പ്രോജക്ടിനാണ് അംഗീകാരം ലഭിച്ചത്. തെക്കൻ കേരളത്തിൽ അറബിക്കടലിന്റെ തീരത്തിന് സമാന്തരമായി 18 കിലോമീറ്റർ നീളമാണ് ഇടനാഴിക്കുള്ളത്.
അകത്തുമുറി-കഠിനംകുളം തടാകങ്ങളെ ബന്ധിപ്പിക്കുന്ന അഞ്ചുതെങ്ങ് തടാകത്തിന് 8 കിലോമീറ്റർ നീളമുണ്ട്. വിസ്തൃതമായ ഈ തടാകം മുതലപ്പൊഴിയിൽ അറേബ്യൻ സമുദ്രവുമായി ലയിക്കുന്നു. കഠിനംകുളം തടാകത്തിന് 346.88 ഹെക്ടർ വിസ്തൃതിയും അഞ്ചുതെങ്ങ് തടാകത്തിന് 521. 75 വിസ്തൃതിയുമാണുള്ളത്. പ്രകൃതി മനോഹരമായ ഈ പ്രദേശങ്ങളെ ബന്ധിപ്പിച്ച് വിനോദസഞ്ചാരവകുപ്പ് നടപ്പാക്കുന്ന പദ്ധതിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ 8 കോടി 85 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പദ്ധതിയുടെ നിർവഹണ ചുമതല തിരുവനന്തപുരം ഇൻലാൻഡ് നാവിഗേഷൻ സബ് മിഷനും മേൽനോട്ടച്ചുമതല വിനോദസഞ്ചാര വകുപ്പിനുമാണ്.
നിർമ്മിക്കുന്നത് ഇവയൊക്കെ...
മുരുക്കുംപുഴയിൽ ബോട്ട് ടെർമിനൽ
വേളിയിൽ കമനീയമായ പ്രവേശന കവാടം
5 സ്ഥലങ്ങളിൽ ബോട്ടുജെട്ടികൾ
പുതിയ ബോട്ടുജെട്ടികൾ
പൗണ്ട് കടവ്
കായിക്കര കടവ്
പണയിൽ കടവ്
പുത്തൻ കടവ്
പുളിമൂട്ടിൽ കടവ്
ചിറയിൻകീഴിന്റെ ടൂറിസം മേഖലയ്ക്ക് വലിയ മുന്നേറ്റം നൽകുന്ന ഈ പദ്ധതി നടപ്പാക്കുന്നതോടെ നാടിന്റെ വികസനം വേഗത്തിലാകും.
വി. ശശി, ഡെപ്യൂട്ടി സ്പീക്കർ