ന്യൂഡൽഹി: വ്യോമസേനയിൽ വനിതാ ഉദ്യോഗസ്ഥകൾക്ക് സ്ഥിരം കമ്മിഷൻ പദവി നൽകണമെന്ന മാർച്ച് 17ലെ ഉത്തരവ് നടപ്പിലാക്കാൻ ഡിസംബർ 31വരെ സുപ്രീം കോടതി സമയം അനുവദിച്ചു.
ഇതോടൊപ്പം പരിഗണിച്ച മറ്റൊരു ഹർജിയിൽ അഞ്ച് നാവിക ഉദ്യോഗസ്ഥകളുടെ തടഞ്ഞുവച്ച പെൻഷൻ ആനുകൂല്യങ്ങൾ ഉടൻ നൽകാനും ഓരോരുത്തർക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്, ഇന്ദുമൽഹോത്ര, ഇന്ദിരാ ബാനർജി എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
വനിതകൾക്ക് കമ്മിഷൻ പദവി
ജൂൺ മുതൽ നടപ്പിലാക്കാനാണ് കോടതി നിർദേശിച്ചിരുന്നതെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ സേന കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.
നാവികസേനയിലെ ഷോർട്ട് സർവീസ് കമ്മിഷനിലെ എല്ലാ വനിതാ ഉദ്യോഗസ്ഥർക്കും സ്ഥിരം കമ്മിഷൻ പദവികൾ നൽകാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതിരോധമന്ത്രാലയം നൽകിയ ഹർജിയിലാണ് സുപ്രീംകോടതി എല്ലാ സേനാ വിഭാഗങ്ങളിലും സ്ഥിരം കമ്മിഷൻ നടപ്പിലാക്കാനുള്ള ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്.