കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യം പകർത്തിയ കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. എറണാകുളം സി.ബി.ഐ കോടതിയിലാണ് വിചാരണ നടക്കുന്നത്.
കോടതി പക്ഷപാതപരമായി പെരുമാറുകയാണെന്നും നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കുന്നെന്നാരോപിച്ച് എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ നൽകിയ ഹർജി വിചാരണക്കോടതി തീർപ്പാക്കിയില്ലെന്നും പ്രോസിക്യൂഷനെയും അന്വേഷണ ഏജൻസിയെയും അടിസ്ഥാനമില്ലാതെ വിമർശിച്ചെന്നും ആരോപിച്ചാണ് ഈ നീക്കം.
2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് ഷൂട്ടിംഗിനായി വരികയായിരുന്ന നടിയെ പൾസർ സുനിയടക്കമുള്ള പ്രതികൾ ആക്രമിച്ച് അശ്ളീല ദൃശ്യം പകർത്തിയത്. നടൻ ദിലീപു നൽകിയ ക്വട്ടേഷനായിരുന്നു ഇതെന്ന് കണ്ടെത്തി പ്രതി ചേർത്തു.
വനിതാ ജഡ്ജി അദ്ധ്യക്ഷയായ കോടതിയിൽ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് നടി നൽകിയ ഹർജിയിലാണ് സി.ബി.ഐ കോടതിക്ക് വിചാരണച്ചുമതല നൽകിയത്.