തിരുവനന്തപുരം: മാദ്ധ്യമങ്ങളെ തിരഞ്ഞെടുത്ത് മാറ്റിനിറുത്തുന്ന വിദേശകാര്യസഹമന്ത്രി വി.മുരളീധരന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ഡൽഹിയിൽ തന്റെ ഔദ്യോഗിക വസതിയിൽ പ്രതികരണം നടത്തിയ മുരളീധരൻ രണ്ട് ചാനൽ പ്രതിനിധികളെ മാറ്റിനിറുത്തി. ഇവരെ പ്രതികരണ സ്ഥലത്തേക്ക് കടത്തിവിടരുതെന്ന നിർദ്ദേശം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകി. വി.മുരളീധരൻ രാഷ്ട്രീയ നേതാവ് മാത്രമല്ല , ആരോടും പ്രത്യേക മമതയോ വിരോധമോ ഇല്ലാതെ പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് ഭരണഘടനപ്രകാരം മന്ത്രിയായ വ്യക്തിയാണ്. ചില മാദ്ധ്യമങ്ങളെ വിരോധത്താൽ ഒഴിവാക്കുന്നതും ചിലരോട് മാത്രം താത്പര്യത്താൽ പ്രതികരിക്കുന്നതും സത്യപ്രതിജ്ഞാലംഘനവും പദവിക്ക് നിരക്കാത്തതുമാണ്. മാദ്ധ്യമപ്രവർത്തകരെ തരംതിരിച്ച് തന്റെ സൗകര്യത്തിനനുസരിച്ച് സമീപിക്കുന്ന രീതി ഫാസിസ്റ്റ് നടപടിയാണ്.
മുരളീധരന്റെ തരംതാണ നടപടിക്കെതിരായ പരസ്യനിലപാടെടുത്ത കേരള പത്രപ്രവർത്തക യൂണിയനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും കോടിയേരി പറഞ്ഞു.