ന്യൂഡൽഹി : സാമൂഹിക മാദ്ധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചതിന് പൗരനെ രാജ്യത്തിന്റെ ഒരു കോണിൽ നിന്ന് മറ്റൊരു കോണിലേക്ക് നെട്ടോട്ടമോടിച്ച് പീഡിപ്പിക്കാൻ അനുവദിക്കില്ലെന്നും പവിത്രമായ അഭിപ്രായ സ്വാതന്ത്ര്യം എന്ത് വില നൽകിയും സംരക്ഷിക്കുമെന്നും സുപ്രീംകോടതി അസന്ദിഗ്ദ്ധമായി വ്യക്തമാക്കി.
ബംഗാൾ സർക്കാരിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ഡൽഹി സ്വദേശിയായ റോഷ്നി ബിശ്വാസ് ( 29 ) എന്ന യുവതിക്ക് ബംഗാൾ പൊലീസ് സമൺസ് അയച്ചതിനെതിരായ കേസിലാണ് ജസ്റ്റിസ്മാരായ ഡി. വൈ ചന്ദ്രചൂഢും ഇന്ദിരാ ബാനർജിയും ഉൾപ്പെട്ട ബെഞ്ചിന്റെ വിമർശനം. ബംഗാളിലെ രാജാബസാറിൽ ആയിരക്കണക്കിന് ആളുകൾ ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയതിനെ വിമർശിച്ചായിരുന്നു യുവതിയുടെ പോസ്റ്റ്.
യുവതി ബംഗാളിലെ രാജാ ബസാർ പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് സമൺസ് അയച്ചത്. അതിനെതിരായ ഹർജിയിൽ, പൊലീസിന് മുമ്പാകെ ഹാജരാകാൻ കൊൽക്കത്ത ഹൈക്കോടതിയും ആവശ്യപ്പെട്ടു. പൊലീസിന്റെയും ഹൈക്കോടതിയുടെയും നടപടി ചോദ്യം ചെയ്ത് റോഷ്നി ബിശ്വാസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്ക് ചെല്ലാൻ യുവതിക്ക് സമൺസ് അയച്ചത് പീഡനമാണ്. പൊലീസും സർക്കാരും പരിധി ലംഘിക്കരുത്. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായി തുടരട്ടെ. സുപ്രീംകോടതി ഇവിടെ ഇരിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ്. ഭരണഘടന സുപ്രീംകോടതിയെ സൃഷ്ടിച്ചത് ഭരണകൂടം സാധാരണ പൗരനെ പീഡിപ്പിക്കുന്നില്ല എന്ന് ഉറപ്പാക്കാനാണ്.