പാരീസ്: ഫ്രാൻസിലെ നീസ് നഗരത്തിലെ നോത്രദാം ദേവാലയത്തിൽ കത്തിയുമായി അതിക്രമിച്ചു കയറിയ ഭീകരൻ ഒരു സ്ത്രീയുടെ തലയറുക്കുകയും മറ്റ് രണ്ട് പേരെ കുത്തിക്കൊല്ലുകയും ചെയ്‌തു. കൊല്ലപ്പെട്ടവരിൽ ഒരാൾ പള്ളിയിലെ വാർഡൻ ആണ്. പള്ളിക്കകത്തും പുറത്തുമായി ഭീകരൻ നിരവധി പേരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്‌തു. പൊലീസ് വെടിവച്ച് വീഴ്‌ത്തിയ അക്രമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നടന്നത് ഭീകരാക്രമണം തന്നെയാണെന്ന് നീസ് മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി അറിയിച്ചു.

മുസ്ലിം വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു ആക്രമണം. അള്ളാഹു അക്ബർ എന്ന് വിളിച്ചുകൊണ്ടായിരുന്നു ഭീകരൻ നിരപരാധികളെ ആക്രമിച്ചത്.

പ്രവാചകന്റെ കാർട്ടൂൺ ക്ലാസിൽ പ്രദർശിപ്പിച്ചതിന് അദ്ധ്യാപകനായ സാമുവേൽ പാറ്റിയെ തലയറുത്ത് കൊലപ്പെടുത്തി ഒരു മാസം തികയും മുമ്പാണ് വീണ്ടും സമാനമായ ആക്രമണം .കൊല്ലപ്പെട്ട അദ്ധ്യാപകന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ള റാലികളിലും ഈ കാർട്ടൂണുകൾ പ്രദർശിപ്പിച്ചത് മുസ്ലിം സമൂഹത്തിൽ രോഷം സൃഷ്‌ടിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇസ്ലാം വിരുദ്ധ അജൻഡ പിന്തുടരുന്നതായി തുർക്കി ഉൾപ്പെടെയുള്ള മുസ്ലിം രാജ്യങ്ങൾ ആരോപിച്ചിരുന്നു.

സാമുവേൽ പാറ്റി വധം

2020 ഒക്ടോബർ 16ന് പാരീസിന് സമീപത്തെ മിഡിൽ സ്‌കൂളിലെ അദ്ധ്യാപകൻ സാമുവേൽ പാറ്റിയെ കഴുത്തറുത്ത് കൊന്നു. ചെച്ൻ അഭയാർത്ഥിയായ ഇസ്ലാമിക ഭീകരൻ അബ്ദുള്ളാഖ് അബൂയെദോവിച്ച് അൻസറോവ് (18)​ ആയിരുന്നു കൊലയാളി. അയാളെ പൊലീസ് വെടിവച്ചു കൊന്നു. പാരീസിലെ വിവാദ ആക്ഷേപഹാസ്യ വാരികയായ ഷാർലി ഹെബ്ദോ മുമ്പ് പ്രസിദ്ധീകരിച്ച പ്രവാചകന്റെ കാർട്ടൂൺ ആണ് പാറ്റി ക്ലാസിൽ പ്രദർശിപ്പിച്ചത്.

ഈ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചതിന് 2015 ജനുവരി 7ന് പാരീസിലെ ആക്ഷേപഹാസ്യ വാരികയായ ഷാർലി ഹെബ്ദോയുടെ ഓഫീസിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 12 കാർട്ടൂണിസ്റ്റുകളും രണ്ട് എഡിറ്റർമാരും ഉൾപ്പെടെ ഇരുപതോളം പേരെ കൊലപ്പെടുത്തിയിരുന്നു.